മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി. നിലമ്പൂർ പുള്ളിപ്പാടം ഓടായിക്കൽ സ്വദേശി വാഴയിൽ വീട്ടിൽ ഷൗക്കത്തലി (50), വേങ്ങര കണ്ണമംഗലം ചേറൂർ സ്വദേശി മൂട്ടപ്പറമ്പൻ വീട്ടിൽ അബ്ദുൽ റഹൂഫ് (26), വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പാറക്കുഴിയിൽ വീട്ടിൽ സൈതലവി എന്ന മുല്ലമൊട്ട് (36), എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടൻ വീട്ടിൽ സുബിജിത്ത് (23) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഷൗക്കത്തലി, അബ്ദുൽ റഹൂഫ് എന്നിവർ നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളാണ്. കവർച്ച നടത്തുക, ദേഹോപദ്രവമേൽപിക്കൽ, വീടുകളിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തുക, മാരകായുധങ്ങളുമായി സ്ഥാപനങ്ങളിൽ അതിക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സൈതലവി. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, തട്ടിക്കൊണ്ടുപോയി തടങ്കലിൽ ദേഹോപദ്രവമേൽപിച്ച് കവർച്ച നടത്തുക, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയാണ് സുബിജിത്ത്. ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. അജിതാ ബീഗമാണ് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.