കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിനായി കേന്ദ്രം ഭൂമി ആവശ്യപ്പെട്ടത് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) ദീർഘിപ്പിക്കാൻ. കഴിഞ്ഞദിവസം പാർലമെന്റിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വലിയ വിമാന സർവിസ് പുനരാരംഭിക്കുന്നതിന് റൺവേ വികസിപ്പിക്കാൻ 18.5 ഏക്കർ ഭൂമി ആവശ്യപ്പെട്ടത്. വലിയ വിമാന സർവിസുകൾ പുനരാരംഭിക്കണമെങ്കിൽ ഭൂമി ഏറ്റെടുത്ത് പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് കേന്ദ്ര നിർദേശം. കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നിർദേശ പ്രകാരമാണ് നടപടി. ഇപ്പോൾ 90 മീറ്ററാണ് കരിപ്പൂരിൽ റെസ നീളം. സുരക്ഷ നടപടികളുടെ ഭാഗമായി 240 മീറ്ററായി വർധിപ്പിക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്.
റെസയുമായി ബന്ധപ്പെട്ട് രണ്ട് നിർദേശങ്ങളാണ് സമിതി നൽകിയിരിക്കുന്നത്. നിലവിലുള്ള 2,860 മീറ്റർ റൺവേ പൂർണമായി ഉപയോഗിക്കുന്നതിന് രണ്ട് അറ്റത്തും 240 മീറ്റർ റെസ ഒരുക്കുക. ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നടപടികൾ സ്വീകരിക്കുക. ഇത് സാധ്യമല്ലെങ്കിൽ നിലവിലെ റൺവേയിൽനിന്ന് 160 മീറ്റർ വീതം രണ്ടറ്റത്തുനിന്നും കുറച്ച് റെസ 240 മീറ്ററായി വർധിപ്പിക്കുക. ഇതോടെ, റൺവേ നീളം 2,540 മീറ്ററായി ചുരുങ്ങും. റൺവേ നീളം കുറച്ച് റെസ നീട്ടാനുള്ള നീക്കം നേരത്തേ വിമാനത്താവള അതോറിറ്റി ആരംഭിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര മന്ത്രി ഇടപെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് റൺവേ നിലനിർത്തി റെസ ദീർഘിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
നിലവിലുള്ള റൺവേ പൂർണമായി നിലനിർത്തി റെസ നീട്ടുന്നത് സംബന്ധിച്ച് ഈ മാസം ആദ്യമാണ് അതോറിറ്റി ആസ്ഥാനത്തുനിന്ന് കരിപ്പൂരിൽ കത്ത് ലഭിച്ചത്. രണ്ട് ഭാഗത്തും 150 മീറ്ററാണ് ദീർഘിപ്പിക്കേണ്ടത്. പ്രവൃത്തിയുടെ എസ്റ്റിമേറ്റ്, ഇതിന്റെ പ്രായോഗികത, പദ്ധതിചെലവ്, കാലതാമസം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ അതോറിറ്റി പരിശോധിച്ചിരുന്നു. തുടർന്നാണ് 18.5 ഏക്കർ ഭൂമി ഇതിനാവശ്യമാണെന്ന് കണ്ടെത്തിയത്.
പടിഞ്ഞാറ് ഭാഗത്തെ റൺവേ പത്തിൽ 11 ഏക്കറും കിഴക്ക് വശത്തെ റൺവേ 28ൽ ഏഴര ഏക്കർ ഭൂമിയുമാണ് സംസ്ഥാന സർക്കാർ അതോറിറ്റിക്ക് ഏറ്റെടുത്ത് നൽകേണ്ടത്. 18.5 ഏക്കർ നിരപ്പാക്കിയ ഭൂമി നൽകണമെന്നാണ് കഴിഞ്ഞദിവസം മന്ത്രി പാർലമെന്റിൽ ആവശ്യപ്പെട്ടത്. ഭൂമി നിലവിലുള്ള റൺവേയുടെ ഉയരത്തിലേക്ക് മണ്ണിട്ട് ഉയർത്തണമെന്നും അതോറിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടേക്കും. ഇത് അംഗീകരിക്കാൻ സാധ്യത വളരെ കുറവാണ്.
കിഴക്ക് വശത്ത് ഇപ്പോൾ 19.43 ഏക്കർ ഭൂമി കൈവശമുണ്ട്. ഇതിന് ആവശ്യമായ വീതിയില്ലാത്തതിനാലാണ് കൂടുതൽ ഏറ്റെടുക്കുന്നത്. 18.5 ഏക്കറിൽ കുറഞ്ഞ വീടുകൾ മാത്രമാണുള്ളതെന്നാണ് സൂചന. അതേസമയം, പുതിയ നിർദേശം സംബന്ധിച്ച് സംസ്ഥാന സർക്കാറിന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പ് അധികൃതർ പ്രതികരിച്ചു. 152.5 ഏക്കർ ഭൂമിയാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാന സർവിസുകൾക്കായുള്ള കാത്തിരിപ്പ് തുടരും. റൺവേ അനുബന്ധ വികസനം സാധ്യമാക്കാതെ വലിയ സർവിസുകൾ പുനരാരംഭിക്കാനാകില്ലെന്നാണ് കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ വ്യക്തമാക്കിയത്. വർഷങ്ങളോളം സർവിസ് നടത്തിയ വലിയ വിമാനങ്ങൾ 2015ൽ റൺവേ നവീകരണത്തിന്റെ പേരിലാണ് നിർത്തിയത്.
പിന്നീട് നിരന്തര ഇടപെടലുകൾക്കൊടുവിൽ 2018ലാണ് പുനഃസ്ഥാപിച്ചത്. 2020 ആഗസ്റ്റിലെ അപകടത്തിന്റെ പേരിലാണ് വീണ്ടും നിർത്തിയത്. ഇനി പുനരാരംഭിക്കണമെങ്കിൽ റെസ 240 മീറ്ററായി വർധിപ്പിക്കേണ്ടി വരും. സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയാലും നടപടികൾ പൂർത്തിയാകാൻ സമയം എടുക്കും. ഇതുവരെ വിഷയം ഔദ്യോഗികമായി വിമാനത്താവള അതോറിറ്റി സർക്കാറിനെ അറിയിച്ചിട്ടില്ല. സംസ്ഥാന സർക്കാറിനോട് തന്നെ ഏറ്റെടുത്ത് നൽകാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അനുകൂല തീരുമാനമുണ്ടായാൽ ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറക്കണം. തുടർന്ന് സാമൂഹികാഘാത പഠനം നടത്തണം.
തുടർച്ചയായി വിജ്ഞാപനം ഇറക്കി ഭൂമി നഷ്ടപ്പെടുന്നവരിൽനിന്ന് ഹിയറിങ് നടത്തിയ ശേഷമാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമേ നിർമാണ പ്രവൃത്തി ആരംഭിക്കാൻ സാധിക്കൂ. വലിയ ഉയരത്തിൽ മണ്ണിടേണ്ടതിനാൽ ഇതിനും കാലതാമസം എടുക്കും. ഭൂമി ഏറ്റെടുക്കൽ നടപടികളും നിർമാണ പ്രവൃത്തിയും വൈകുന്നതിന് അനുസരിച്ച് കരിപ്പൂരിൽ വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.