കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനുളള തടസ്സങ്ങളെല്ലാം നീങ്ങി. ജിദ്ദ, റിയാദ് സെക്ടറിൽ സർവിസ് നടത്താൻ സൗദി എയർലൈൻസിനാണ് വ്യോമയാന മന്ത്രാലയം അനുമതി നൽകിയത്. ഡിസംബർ മൂന്ന് മുതൽ ആരംഭിക്കാനാണ് ശ്രമം. ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കരിപ്പൂരിൽ മൂന്ന് മുതൽ വിമാനത്തിന് സ്ലോട്ട് അനുവദിക്കാമെന്നാണ് അതോറിറ്റി വിമാനക്കമ്പനിയെ അറിയിച്ചിരിക്കുന്നത്. സമയക്രമം ഉൾപ്പെടെ ജിദ്ദയിൽ നിന്ന് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. എല്ലാ അനുമതിയും ലഭിച്ചതായും ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സൗദിയ അധികൃതർ അറിയിച്ചു.
സർവിസ് പുനരാരംഭിക്കാൻ ആഗസ്റ്റ് എട്ടിന് ഡി.ജി.സി.എ സൗദിയക്ക് അനുമതി നൽകിയിരുന്നു. നേരത്തെ കരിപ്പൂരിൽ നിന്ന് നടത്തിയ സർവിസുകൾ സൗദിയ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇവ കരിപ്പൂരിൽ നിന്ന് നടത്താനായിരുന്നു അനുമതി. എന്നാൽ, തിരുവനന്തപുരം നിലനിർത്തി കരിപ്പൂരിൽ നിന്ന് സർവിസ് ആരംഭിക്കാനായിരുന്നു സൗദിയയുടെ ശ്രമം. ഇതോടെയാണ് അന്തിമ അനുമതി വൈകിയത്. ഒടുവിൽ 2019 മാർച്ച് 20 വരെ തിരുവനന്തപുരം നിലനിർത്തി കോഴിക്കോട് നിന്ന് സർവിസ് നടത്താനാണ് വ്യോമയാന മന്ത്രാലയ അനുമതി. ഇതോടെ ഇന്ത്യയിൽ നിന്ന് ഒമ്പത് കേന്ദ്രങ്ങളിൽ നിന്ന് സൗദിയക്ക് സർവിസ് നടത്താനാകും.
കൊച്ചിയിലെ രണ്ട് സർവിസുകളിലൊന്നാണ് കരിപ്പൂരിലേക്ക് മാറ്റുക. ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് രണ്ടും സർവിസുകളാണ് കരിപ്പൂരിൽ നിന്നുണ്ടാകുക. മറ്റ് സെക്ടറുകളിൽ നിന്നുള്ള സർവിസ് ഇവിടേക്ക് മാറ്റാനും ആലോചനയുണ്ട്. സർവിസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഗ്രൗണ്ട് ഹാൻഡ്ലിങ് നടപടികൾ പൂർത്തിയാക്കി. വിമാനത്താവളത്തിൽ അതോറിറ്റി ഒാഫിസും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.