കരിപ്പൂർ: റൺവേ റീകാർപറ്റിങ് ഇക്കുറി സർവിസുകളെ ബാധിക്കാതെ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഇക്കുറി റൺവേ റീകാർപറ്റിങ് പ്രവൃത്തി നടക്കുന്നത് സർവിസുകളെ ബാധിക്കാതെ. പ്രവൃത്തിക്കായി പകൽസമയങ്ങളിൽ റൺവേ അടക്കുന്നതിന്‍റെ പേരിൽ ഇത്തവണ ഒരു സർവിസും കരിപ്പൂരിന് നഷ്ടമായിട്ടില്ല.

2015 മേയിൽ ആരംഭിച്ച് 2017 ഫെബ്രുവരിയിൽ പൂർത്തിയായ റീകാർപറ്റിങ് വേളയിൽ നിരവധി അന്താരാഷ്ട്ര-ആഭ്യന്തര സർവിസുകൾ നിർത്തിയിരുന്നു. ഇതേ തുടർന്ന് 2015-16 സാമ്പത്തിക വർഷത്തിൽ പ്രവർത്തന നഷ്ടവുമായിരുന്നു. വലിയ വിമാന സർവിസുകൾക്കൊപ്പം അന്താരാഷ്ട്ര-ആഭ്യന്തര സർവിസുകളും നിർത്തിയിരുന്നു. അന്ന് നിർത്തിയ എയർ ഇന്ത്യയുടെ ഡൽഹി സർവിസ് പുനരാരംഭിച്ചത് 2019 ഏപ്രിൽ ഒന്നിനാണ്.

ഇക്കുറി റീകാർപറ്റിങ്ങിന്‍റെ പേരിൽ സർവിസുകളൊന്നും നഷ്ടമായിട്ടില്ല. പകൽ സമയത്തുണ്ടായിരുന്ന ഭൂരിഭാഗം സർവിസുകളും ഒക്ടോബർ 29 മുതലുള്ള ശീതകാല ഷെഡ്യൂൾ സമയത്തുതന്നെ പുനഃക്രമീകരിച്ചിരുന്നു. നവംബറിൽ പ്രവൃത്തി ആരംഭിക്കാനായിരുന്നു മുൻ തീരുമാനം.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശീതകാല ഷെഡ്യൂൾ സമയത്തുതന്നെ സർവിസുകൾ മാറ്റിയത്. ഇതിനുശേഷമുണ്ടായിരുന്ന എയർഇന്ത്യയുടെ ഡൽഹി സർവിസും സലാം എയറിന്‍റെ സലാല സർവിസും പുനഃക്രമീകരിച്ചു. കഴിഞ്ഞതവണ ആഭ്യന്തര സർവിസുകളെ രൂക്ഷമായി ബാധിച്ചിരുന്നു. നേരത്തേയുണ്ടായിരുന്ന മുഴുവൻ ആഭ്യന്തര സർവിസുകളും ഇക്കുറി തുടരും. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര സർവിസുകളുള്ളത്. സമാനമായി അന്താരാഷ്ട്ര സർവിസുകളും മുടങ്ങിയിട്ടില്ല.

മാർച്ച് 26 മുതൽ ഇൻഡിഗോയുടെ ജിദ്ദ, ദമ്മാം ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്. ഇപ്പോൾ 65ഓളം ആഗമനവും പുറപ്പെടലുമാണ് കരിപ്പൂരിൽനിന്ന് ദിനേനയുള്ളത്. വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെയും പുലർച്ച നാല് മുതലുമാണ് കൂടുതൽ സർവിസുകൾ നടക്കുന്നത്. പ്രവൃത്തിക്കായി ജനുവരി 15 മുതൽ രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെയാണ് റൺവേ അടക്കുക. 11 മാസമാണ് പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി അനുവദിച്ച സമയപരിധി.

Tags:    
News Summary - Karipur: Runway recarpeting without affecting services this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.