ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവള വികസനത്തിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ അറിയിച്ചതായി എം.കെ. രാഘവൻ എം.പി. നിലവിൽ റെസ നവീകരണത്തിന് മാത്രമായി ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിൽ റൺവേ വികസനത്തിന് ആവശ്യമായതുൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എം.കെ. രാഘവൻ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിനായി 18.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.
എന്നാൽ, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമർപ്പിച്ച സുരക്ഷ ശിപാർശയിൽ ഉൾപ്പെടുത്തിയ റൺവേ ആൻഡ് സേഫ്റ്റി ഏരിയ (റെസ) വിപുലീകരണത്തിന് മാത്രമാണ് ഈ ഭൂമി. നിലവിലെ നിർദേശമനുസരിച്ച്, റൺവേ 10 ൽ പടിഞ്ഞാറ് ഭാഗത്ത് 11 ഏക്കർ സ്ഥലവും റൺവേ 28 ൽ കിഴക്കുഭാഗത്ത് 7.5 ഏക്കർ സ്ഥലവും ഏറ്റെടുക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
റെസ നവീകരണം മാത്രം ലക്ഷ്യംെവച്ചുള്ള ഭൂമി ഏറ്റെടുക്കൽ ദീർഘവീക്ഷണപരമല്ലെന്ന് എം.പി ചൂണ്ടിക്കാട്ടി. എയർപോർട്ട് അതോറിറ്റിയുടെ കൈവശം കിഴക്ക് ഭാഗത്ത് ഇപ്പോൾ തന്നെ 19.464 ഏക്കർ ഭൂമി നിലവിലുണ്ട്.
ഈ ഭൂമിയുടെ ഇരുവശത്തുമായി പരമാവധി 45 ഏക്കർ ഭൂമി മാത്രം ഏറ്റെടുക്കുന്നതിലൂടെ നിലവിലെ റൺവേയുടെ നീളം 2,860 മീറ്ററിൽ നിന്ന് 3400 മീറ്ററായി ഉയർത്താമെന്നും മന്ത്രിയെ ധരിപ്പിച്ചതായി എം.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.