കരുവന്നൂർ ബാങ്ക് കേസിൽ മുൻ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റ് എം.ആർ ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സി.പി.എം സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസെന്നാണ് സൂചന. മുൻ മന്ത്രി എ.സി. മൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ എന്നിവർക്കെതിരെ നേരത്തെ അന്വേഷണം നടന്നിരുന്നു. മുൻ എം.പിയായ സി.പി.എം നേതാവിന് കേസിൽ പ്രതിയായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിനിടെ, തെരഞ്ഞെടുപ്പ് കമീഷന് എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​​ (ഇ.ഡി) സി.പി.എം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച്​ അക്കൗണ്ട് വിവരങ്ങൾ കൈമാറി.

പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം. ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്​. കേസിൽ സി.പി.എം നേതാക്കളായ എം.കെ. കണ്ണൻ, എ.സി. മൊയ്തീൻ അടക്കം നേതാക്കൾക്ക്​ രണ്ടാംഘട്ട അന്വേഷണഭാഗമായി നോട്ടീസ് നൽകും. പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസിനെ മൂന്നാംവട്ടവും വിളിപ്പിച്ചിട്ടുണ്ട്​. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സി.പി.എം വിശദീകരണം.

Tags:    
News Summary - Karuvannur Bank case, ED notice to former MP P.K.Biju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.