തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പിന്റെ 'ഇര'യായ ഫിലോമിനയുടെ ചികിത്സക്ക് ആവശ്യമായ പണം നൽകിയെന്ന മന്ത്രി ആർ. ബിന്ദു പ്രസ്താവനക്ക് മറുപടിയുമായി കുടുംബം. തന്റെ ആവശ്യം എത്രയെന്ന് മന്ത്രിക്കെങ്ങനെ അറിയാമെന്ന് ദേവസി ചോദിച്ചു.
ഭാര്യക്ക് മികച്ച ചികിത്സ നൽകുന്നതിന് സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാനാണ് പണം ആവശ്യപ്പെട്ടത്. ആവശ്യത്തിന് പണം ചോദിച്ചെങ്കിലും തന്നില്ല. തന്റെ പൈസയാണ് ചോദിക്കുന്നതെന്നും അല്ലാതെ സഹായമല്ലെന്നും ദേവസി വ്യക്തമാക്കി.
പണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാപ്രാണത്ത് വന്ന മന്ത്രി ആർ. ബിന്ദുവിന് അപേക്ഷ നൽകിയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്നും എന്താണെന്ന് നോക്കട്ടെ എന്നുമാണ് മന്ത്രി അന്ന് പ്രതികരിച്ചത്. ഭാര്യയുടെ മൃതദേഹം ബാങ്കിന്‍റെ മുമ്പിൽ വെക്കേണ്ട ഗതികേട് ഉണ്ടായി. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലെന്നും നല്ല ആൾക്ക് വോട്ട് ചെയ്യുമെന്നും ദേവസി വ്യക്തമാക്കി.
അമ്മയുടെ വിദഗ്ധ ചികിത്സക്ക് വേണ്ടി പണം ആവശ്യപ്പെട്ടിന്ന് പണം നൽകിയില്ലെന്ന് ഫിലോമിനയുടെ മകന് ഡിനോയും പറഞ്ഞു. ഇതുവരെ നാലര ലക്ഷത്തോളം രൂപ ബാങ്ക് തന്നിട്ടുണ്ട്. ജൂൺ 27നാണ് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിന് ശേഷം ഒരു രൂപ പോലും തന്നിട്ടില്ല. ബാങ്കിന് മുമ്പിൽ പ്രതിഷേധിച്ചതിന് പിന്നാലെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം പിതാവിനെ ഏൽപ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഈ പണം നൽകിയിരുന്നെങ്കിൽ അമ്മക്ക് സ്വകാര്യ ആശുപത്രിയിലെ മികച്ച ചികിത്സ നൽകാൻ സാധിക്കുമായിരുന്നു. അച്ഛന് ഇനി എന്തെങ്കിലും സംഭവിച്ചാൽ പണത്തിന് വേണ്ടി താനെന്ത് ചെയ്യണം. ബാങ്കിൽ നിക്ഷേപിച്ച പണത്തിൽ എത്ര പിൻവലിക്കണമെന്ന് തങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അല്ലാതെ ബാങ്കോ മന്ത്രിയോ അല്ലെന്നും ഡിനോ പറഞ്ഞു.
തങ്ങളുടെ സ്വന്തം തീരുമാന പ്രകാരമാണ് അമ്മയുടെ മൃതദേഹം ബാങ്കിന് മുന്നിൽ വെച്ചത്. അതിൽ രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ല. ബാങ്കിൽ പണം നിക്ഷേപിച്ച മുഴുവൻ പേർക്ക് വേണ്ടിയാണ് രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം നടത്തുന്നതെന്നും ഡിനോ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.