തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവിൽ സർവിസ് എന്ന വിശേഷണവുമായി പിണറായി സർക്കാർ അവതരിപ്പിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) ഇഴയുന്നു. ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ച് നാലര വർഷം പിന്നിട്ടിട്ടും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനോ രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിക്കാനോ സർക്കാറിനും പി.എസ്.സിക്കുമാകുന്നില്ല. കെ.എ.എസ് തുടങ്ങാൻ കാണിച്ച ആത്മാർഥത തുടർന്നുകാണിക്കാൻ സർക്കാർ തയാറാകാതെ വന്നതോടെ ഉദ്യോഗാർഥികളും സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗവും ആശങ്കയിലാണ്. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ വിജ്ഞാപനം. രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നാണ് കെ.എ.എസ് സ്പെഷൽറൂളിലുള്ളത്. ഇതുപ്രകാരം 2021ൽ രണ്ടാം വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു.
കോവിഡിനെ തുടർന്ന് മൂല്യനിർണയ നടപടി നീണ്ടതോടെ 2021 ഒക്ടോബർ എട്ടിനാണ് ആദ്യ റാങ്ക് ലിസ്റ്റ് പുറത്തിറക്കാനായത്. 105 തസ്തികകളാണ് ആദ്യ കെ.എ.എസിലേക്ക് കണ്ടെത്തിയത്. ഇതിനുശേഷം ഒറ്റ ഒഴിവുപോലും സൃഷ്ടിക്കാനായിട്ടില്ല. ഒരുവർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റ് 2022 ഒക്ടോബർ ഏഴിന് അവസാനിച്ചു. ചില തസ്തികകളിൽ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് (ആന്റിസിപ്പേറ്ററി വേക്കൻസി) പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും കെ.എ.എസിൽ അങ്ങനെവേണ്ടെന്നാണ് സർക്കാർ നിർദേശം. പുതിയ ഒഴിവുകൾ കണ്ടെത്താൻ സർക്കാർ വൈകുന്നതും കെ.എ.എസ് സ്പെഷൽ റൂൾസ് അപാകതകൾ പരിഹരിക്കാൻ കഴിയാത്തതുമാണ് വിജ്ഞാപനത്തിന് തടസ്സമെന്നാണ് പി.എസ്.സി വാദം. ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ ഒരുമാസത്തിനുള്ളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാമെന്ന നിലപാടിലാണ് പി.എസ്.സി.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി 44 ഒഴിവുകൾ കണ്ടെത്തിയെങ്കിലും ഇവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലും തുടർനടപടിയുണ്ടായില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പല വകുപ്പുകൾക്കും പൊതുഭരണവകുപ്പ് നോട്ടീസ് നൽകിയെങ്കിലും ഭൂരിപക്ഷം വകുപ്പ് മേധാവികളും ഒഴിവുകൾ അറിയിച്ചിട്ടില്ല. സെക്രട്ടേറിയറ്റിലെ ചില ഡെപ്യൂട്ടേഷൻ ഒഴിവുകൾ കെ.എ.എസിലേക്ക് മാറ്റാൻ ധാരണയായെങ്കിലും ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവ് മൂലം നടപടികൾ മുന്നോട്ടുപോയില്ല. പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ മിഷനുകൾ എന്നിവയിലെ മധ്യതല മാനേജീരിയൽ തസ്തികകളും കെ.എ.എസിലേക്ക് മാറ്റാൻ ആദ്യഘട്ടത്തിൽ ധാരണയായിരുന്നെങ്കിലും പിന്നീട് അതെല്ലാം ജലരേഖയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.