ലൈസൻസില്ല; ജില്ലയിൽ ഒരു ഹോട്ടൽ കൂടി അടപ്പിച്ചു

കാസർകോട്: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു ഹോട്ടൽ കൂടി അടപ്പിച്ചു. കാസർകോട് കെ.പി.ആർ. റാവു റോഡിൽ പ്രവർത്തിക്കുന്ന ചായി കഥ ഹോട്ടലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസില്ലാത്തതിനുപുറമെ കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റോ തൊഴിലാളികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റോ തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസോ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലൈസൻസ് പുതുക്കുന്ന മുറക്ക് കടക്ക് പ്രവർത്തനാനുമതി ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ചതിനു പിന്നാലെയാണ് ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും കട പരിശോധന തുടങ്ങിയത്. ജില്ലയിൽ ഇതിനകം ഒട്ടേറെ കടകൾ അടപ്പിച്ചിട്ടുണ്ട്. നൂറോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി വൻതുക പിഴയും ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾക്ക് 15000 രൂപ വരെയാണ് പിഴയിട്ടത്. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, പച്ചക്കറി കടകൾ തുടങ്ങി എല്ലാ കടകളിലും പരിശോധന നടത്തുന്നുണ്ട്. അടുത്ത ദിവസവും പരിശോധന ശക്തമാക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.