ജാതി അധിക്ഷേപം ജില്ലയില്‍ കുറവ്; സംസ്ഥാനത്ത് രൂക്ഷം -കമീഷന്‍

കാസർകോട്: ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപം ജില്ലയിൽ കുറവാണെന്ന് പട്ടിക ജാതി പട്ടിക ഗോത്ര വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി. എന്നാൽ, സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരാതികളുടെ അടിസ്ഥാനം ജാതിവിവേചനമാകുന്നത് ഗൗരവമുള്ള വിഷയമാണ്. 75 ശതമാനത്തോളം കേസുകള്‍ പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു. അദാലത്ത് വളരെ വിജയകരമായിരുന്നെന്നും അദാലത്തില്‍ രണ്ടു ദിവസവും പൂര്‍ണസമയം കമീഷനോടൊപ്പം പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട്ട് സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീയെ കമീഷന്‍ പ്രത്യേകം പ്രശംസിച്ചു. പരാതി പരിഹാര അദാലത്ത് ജില്ലയില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പരാതി പരിഹാര അദാലത്തില്‍ ആകെ 116 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 24 പരാതികള്‍ മാറ്റിവെച്ചു. പരാതികളില്‍ കൂടുതലും ഭൂ സംബന്ധമായതായിരുന്നു. പട്ടയഭൂമി പ്രശ്നങ്ങള്‍, അതിര്‍ത്തി നിര്‍ണയ തര്‍ക്കങ്ങള്‍, പട്ടയഭൂമിയിലേക്കുള്ള വഴി തടസ്സപ്പെടുത്തി തുടങ്ങിയവയാണ് ഏറെയും. മാറ്റിവെച്ച പരാതികള്‍ അടുത്ത ഹിയറിങ്ങിലേക്കുള്ളവയും റിപ്പോര്‍ട്ട് കിട്ടാനുള്ളവയുമാണ്. 62 പരാതികള്‍ പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ചിരുന്നു. അവ പിന്നീട് പരിഗണിക്കും. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ അംഗം എസ്. അജയകുമാര്‍ (മുന്‍ എം.പി), കമീഷന്‍ രജിസ്ട്രാര്‍ പി. ഷേര്‍ലി, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ജില്ല പട്ടിക ജാതി വികസന ഓഫിസര്‍ എസ്. മീനാ റാണി പട്ടിക വര്‍ഗ വികസന ഓഫിസര്‍ മല്ലിക വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.