നീലേശ്വരം: ദേശീയപാത നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി അഡ്വ. നസീർ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് വിവാദത്തിൽ. ഇത് യു.ഡി.എഫിനകത്ത് അതൃപ്തിയുളവാക്കി.
അടിപ്പാതയുടെ വീതി ഏഴു മീറ്ററാക്കിയെന്നും അത് തന്റെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെയും ശ്രമഫലമായാണെന്നും അവകാശപ്പെട്ടാണ് നഗരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. എം.പിക്കും നസീറിനും നീലേശ്വരം പൗരാവലിയുടെ അഭിനന്ദനങ്ങൾ എന്നുള്ള ഫോട്ടോ പതിച്ച ഫ്ലക്സ് ബോർഡാണ് വിവാദത്തിലായത്. ലീഗ് നേതാവിന്റെ ‘പൗരാവലി’ എന്ന പദമാണ് കൂടുതൽ വിവാദത്തിന് കാരണവായത്. എന്നാൽ, വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവുമായ ഇ. ഷജീർ, പ്രതിപക്ഷ ഉപനേതാവ് റഫീഖ് കോട്ടപ്പുറം ഉൾപ്പെടെയുള്ളവർ ഈ വിഷയവുമായി നേരത്തെ രംഗത്തുണ്ടായിരുന്നെങ്കിലും അവരെയൊക്കെ മാറ്റി നിർത്തി ഫ്ലക്സ് അടിച്ച നസീറിന്റെ നടപടിയാണ് കോൺഗ്രസ് -ലീഗ് നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയത്. മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.എം. കുട്ടിഹാജിയെ പൂർണമായും ഒഴിവാക്കി, താൻ ഒറ്റക്ക് ചെയ്തതെന്ന് അവകാശപ്പെട്ടാണ് നസീർ ബോർഡ് സ്ഥാപിച്ചത്. ഇതിൽ മാർക്കറ്റ് ജങ്ഷനിൽ സ്ഥാപിച്ച ബോർഡുകൾ രാത്രിയിൽ ഒരുവിഭാഗം എടുത്തുകളഞ്ഞിരുന്നു.
പിന്നീട് താൽക്കാലിക ബസ് സ്റ്റാൻഡിന് സമീപം മറ്റൊരു ബോർഡും സ്ഥാപിച്ചിരുന്നു. യു.ഡി.എഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി ഇടപെട്ട് ബോർഡ് മാറ്റി. മറ്റു യു.ഡി.എഫ് നേതാക്കൾക്കൊന്നും പോസ്റ്റർ സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നിരിക്കെ നീലേശ്വരം പൗരാവലിയുടെ പേരിൽ പണം ചെലവഴിച്ച് നസീർ തന്നെ ഫ്ലക്സ് അടിക്കുകയും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനെക്കൊണ്ട് നഗരത്തിൽ സ്ഥാപിക്കുകയുമായിരുന്നു. നസീറിനെ പ്രാഞ്ചിയേട്ടനാക്കി സോഷ്യൽ മീഡിയയിൽ ട്രോളുകളും വന്നു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.