ബാലമിത്ര കാമ്പയിന് ജില്ലയില്‍ തുടക്കം

കാസർകോട്: കുട്ടികള്‍ക്കിടയിലെ കുഷ്ഠരോഗം പ്രാരംഭത്തിലെ കണ്ടെത്താനുള്ള പദ്ധതിയായ 'ബാലമിത്ര' കാമ്പയിന് ജില്ലയില്‍ തുടക്കമായി. സമഗ്ര കുഷ്ഠരോഗ നിർമാര്‍ജനത്തിന്റെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സ നല്‍കാനാണ് ബാലമിത്രയിലൂടെ ലക്ഷ്യമിടുന്നത്. ബാലമിത്ര പരിപാടിയുടെ പ്രാരംഭഘട്ടത്തില്‍ അംഗൻവാടി തലത്തിലുള്ള 0-6 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. അംഗൻവാടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി രോഗ നിര്‍ണയ പ്രക്രിയയില്‍ പങ്കാളിയാക്കും. ആദ്യപടിയില്‍ രോഗ സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കും. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി രോഗ നിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കും. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ കുഷ്ഠരോഗ നിർമാര്‍ജന പ്രവര്‍ത്തനത്തില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കും. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, വനിത ശിശുവികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പരിപാടിയുടെ ജില്ല തല ഉദ്ഘാടനം എ.കെ.എം. അഷ്‌റഫ് എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അസി. ലെപ്രസി ഓഫിസര്‍ ടി.കെ. ശ്രീകുമാര്‍ പദ്ധതി വിശദീകരണം നടത്തി. വനിത ശിശു വികസന വകുപ്പ് ജില്ല പ്രോഗ്രാം ഓഫിസര്‍ സി.എ. ബിന്ദു, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജുക്കേഷന്‍ മീഡിയ ഓഫിസര്‍ എസ്. സയന, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍മാരായ രാജന്‍ കരിമ്പില്‍, സി. മധുസൂദനന്‍, മഞ്ചേശ്വരം ബ്ലോക്ക്പരിധിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗൻവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ. മോഹനന്‍ സ്വാഗതവും മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രം ഇന്‍സ്‌പെക്ടര്‍ ലിയാഖത്ത് അലി നന്ദിയും പറഞ്ഞു. ഫോട്ടോ :BALAMITHRA INAUG AKM ASHARAF MLA.jpg മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ബാലമിത്ര കാമ്പയിന്‍ ജില്ലതല ഉദ്ഘാടനം എ.കെ.എം. അഷ്‌റഫ് എം.എല്‍.എ നിര്‍വഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.