കാനായിയുടെ വീടും സ്ഥലവും ദേശീയപാത വികസനത്തിനായി വഴിമാറുന്നു

ചെറുവത്തൂർ: പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമൻ താമസിച്ച വീടും ദേശീയപാത വികസനത്തിനായി വഴിമാറുന്നു. മട്ടലായി ശിവക്ഷേത്രത്തിന്‌ എതിർവശത്തായുള്ള വീടാണിത്‌. വർഷങ്ങളായി ആൾ താമസമില്ലാത്ത നിലയിലാണ്‌ ഇത്. കാനായിയുടെ അച്‌ഛന്റെ വീടാണിത്‌. വീടും സ്ഥലവും ഇപ്പോൾ കാനായിയുടെ കുടുംബത്തിന്റെ മേൽനോട്ടത്തിലാണ്‌. അനിവാര്യമായ ദേശീയപാത വികസനത്തിന്റെ ഭാഗമായി വീടിന്റെ ഒരുഭാഗത്തെ സ്ഥലമാണ്‌ റോഡിനായി വിട്ടുനൽകിയത്‌. വീടിനോട്‌ ചേർന്നാണ്‌ റോഡ്‌ കടന്നുപോവുക. അതുകൊണ്ടു തന്നെ വീട്‌ പൂർണമായും പൊളിച്ചുമാറ്റും. കുട്ടിക്കാലത്ത്‌ കാനായിയും ഈ വീട്ടിൽ താമസിച്ചിരുന്നു. കുട്ടമത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്‌ വീട്‌. ഇവിടെയും അച്‌ഛന്റെ മട്ടലായിലെ വീട്ടിലുമായിരുന്നു കാനായിയുടെ ബാല്യം. ചിത്രകലയിലും ശിൽപകലയിലും മനസ്സ് പാകപ്പെട്ടതും ഈ വീട്ടിൽ വെച്ചാണ്. നീലേശ്വരം രാജാസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്‌.എസ്‌.എൽ.സി പഠനത്തിന്‌ ശേഷം തുടർ പഠനത്തിയായി മദ്രാസിലേക്ക്‌ പോവുകയായിരുന്നു. പിന്നീട്‌ ചിത്രകലയിലും ശിൽപകലയിലും പ്രാവീണ്യം നേടാനായി വിദേശ രാജ്യങ്ങളിലെത്തുകയും ചെയ്‌തു. ആത്‌മാവുറങ്ങുന്ന ശിൽപങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച്‌ പ്രശസ്‌തനായ ശിൽപിയാണ്‌ കാനായി കുഞ്ഞിരാമൻ. തിരുവനന്തപുരത്താണ്‌ നിലവിൽ ഇദ്ദേഹം താമസിക്കുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.