കാസർകോട്: എസ്.സി, എസ്.ടി, കോളനികളുടെ പേരുമാറ്റുന്നതിൽ തർക്കവും പ്രശ്നങ്ങളുമുണ്ടെന്ന് പട്ടികജാതി, പട്ടികവർഗ വികസന, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. വാർത്ത സമ്മേളനത്തിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഈ സാമൂഹിക വിഭാഗങ്ങൾക്കിടയിൽതന്നെ ഇതുസംബന്ധിച്ച തർക്കമുണ്ട്. അവരുടെ പൈതൃകത്തിന് എതിരാണെന്ന് തോന്നലുണ്ട്. അതിനുപുറമെ കേന്ദ്ര ആനുകൂല്യങ്ങൾ വേണമെങ്കിൽ കോളനി എന്ന പേരുതന്നെ വേണം.
അതുകൊണ്ട് കേന്ദ്ര തീരുമാനം കൂടിയുണ്ടായാൽ മാത്രമേ പേരുമാറ്റം പൂർണ അർഥത്തിൽ നടപ്പാക്കാനാകുവെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളിൽ 80 ശതമാനം പേർക്ക് 2022-23, 2023 -24 വർഷത്തെയും ഇ-ഗ്രാന്റ് ലഭ്യമാക്കിയിട്ടുണ്ട്. 2024 -25 വർഷത്തെ ഇ -ഗ്രാൻ്റ് വിതരണം ആരംഭിച്ചിട്ടില്ല.
അവശേഷിക്കുന്ന കുട്ടികൾക്ക് ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ കൊഴിഞ്ഞു പോകുന്നത് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.