പകർച്ചപ്പനി: പ്രതിരോധ പ്രവർത്തനം ഫലംകണ്ടതായി ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട്: ആരോഗ്യവകുപ്പിന്റെ കരുതലും ഇടപെടലുംമൂലം ഈ വർഷത്തെ പകർച്ചവ്യാധികൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിച്ചതായി കണ്ടെത്തൽ. രണ്ടു മാസത്തെ അനുഭവത്തിലൂടെ ഇതാണ് ലഭിച്ച റിപ്പോർട്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ജില്ല ആശുപത്രിയിൽ ഡെങ്കി കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞുവന്നിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം 75 ഡെങ്കി കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 99 കേസുകൾ മേയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തക്കാളിപ്പനിയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരിനം. 75 കേസുകൾ ഈ മാസം റിപ്പോർട്ട് ചെയ്തു. നാല് എലിപ്പനി കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 409, 404 ഒ.പി കേസുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ജില്ല ആശുപത്രിയിലെത്തിയത്. ഇതിൽ ഭൂരിഭാഗവും പകർച്ചപ്പനി കേസുകളാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ നേരിയ വർധന ഒരാഴ്ചയായി ഉണ്ടായിട്ടുള്ളതായും അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. മഴ ശക്തി പ്രാപിച്ചതൊന്നും ഇത്തവണ പകർച്ചപ്പനിയെ ബാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം പനി ബാധിച്ച് ജില്ലയിൽ മൊത്തം ചികിത്സക്കെത്തിയത് 90,373 പേർ. ഇതിൽ 16,631 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിബാധിതരിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം കുറവ് സംഭവിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം പതിനഞ്ചിലധികം പേർ ​​​ഡെങ്കിപ്പനി ബാധിച്ചുതന്നെ മരിക്കുകയുണ്ടായി. എന്നാൽ, ഇത്തവണ 391 പേർക്ക് രോഗലക്ഷണം കണ്ടെങ്കിലും 125 പേർക്കു മാത്രമേ സ്ഥിരീകരിച്ചുള്ളൂ. എലിപ്പനിയുടെ ലക്ഷണമുള്ള 12 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഏഴു പേർക്കാണ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം ഇതുവരെ മരണം സംഭവിച്ചിട്ടില്ല. മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കിയതും ആരോഗ്യ വകുപ്പിന്റെ സക്രിയമായ ഇടപെടലും മൂലം ഇത്തവണ പകർച്ചപ്പനിയെ പ്രതിരോധിക്കുന്നതിന് സാധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.