കാസർകോട്: പ്ലസ് ടു മൂല്യനിർണയത്തിൽ ഹയർ സെക്കൻഡറി വകുപ്പ് പകവീട്ടലിൽനിന്ന് പിന്തിരിയണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 2019, 2021 വർഷങ്ങളിലെ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ, ഒട്ടേറെ രജിസ്റ്റർ നമ്പറുകൾ നൽകിയിട്ട് പ്രസ്തുത പേപ്പറുകൾ മൂല്യനിർണയവും, മറ്റു ചില നമ്പറിലുള്ള പേപ്പറുകൾ പുനർമൂല്യനിർണയവും നടത്തിയ അസിസ്റ്റൻറ് എക്സാമിനർമാരുടെയും ചീഫ് എക്സാമിനർമാരുടെയും പേരുകൾ അടിയന്തരമായി ജൂൺ ഏഴാം തീയതിക്കുമുമ്പ് കണ്ടെത്തി പരീക്ഷ വിഭാഗത്തെ അറിയിക്കണമെന്ന് ക്യാമ്പ് കോഓഡിനേറ്റർമാരോട് പരീക്ഷ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നു. തെറ്റായ ഉത്തരസൂചികയുടെ പേരിൽ കെമിസ്ട്രി മൂല്യനിർണയത്തിൽനിന്ന് അധ്യാപകർ വിട്ടുനിന്നതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാവണം ഇതിനെ കാണാൻ. എസ്.എസ്.എൽ.സി തലത്തിലോ കോളജ് തലത്തിലോ വലിയ മാർക്ക് വ്യത്യാസങ്ങൾക്ക് പോലും നടപടികളെടുക്കാതെ അവഗണിക്കുമ്പോൾ ഹയർ സെക്കൻഡറി തലത്തിൽ ഒന്നോ രണ്ടോ മാർക്ക് വ്യത്യാസത്തിന്റെ പേരിൽ പോലും നൂറുകണക്കിന് അധ്യാപകരെ, കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുന്ന നടപടി തുടർന്നുവരുന്നു. ഉത്തരസൂചികക്ക് കൃത്യതയും കണിശതയും കുറവുള്ള വഴക്കമുള്ള പ്രകൃതമുള്ള ഇംഗ്ലീഷ്, മലയാളം, ചരിത്രം, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിലെ അധ്യാപകരാണ് കൂടുതലും ഇത്തരം മാനസിക പീഡനത്തിനും തുടർനടപടികൾക്കും വിധേയരാകുന്നത്. ആദ്യം നോക്കുന്ന അധ്യാപകൻ അക്ഷരത്തെറ്റിനും വ്യാകരണത്തെറ്റിനും ഭാഷാശൈലിക്കും മാർക്ക് കുറച്ചെന്നുവരാം. രണ്ടാമത്തെ ആളുടെ സമീപനം അതല്ലെന്നും വരാം. 25 -30 ചോദ്യങ്ങളുള്ള ഒരു വിഷയത്തിൽ, 10 ചോദ്യങ്ങൾക്ക് ഈ വിധത്തിൽ അര മാർക്കിന്റെ വ്യത്യാസമുണ്ടായാൽപോലും അഞ്ചുമാർക്ക് വ്യത്യാസമുണ്ടാകാം എന്നിരിക്കെ, പുനർമൂല്യനിർണയത്തിന് രണ്ടും മൂന്നും മാർക്ക് വ്യത്യാസത്തിന്റെ പേരിൽപോലും അധ്യാപകരെ സമ്മർദത്തിലാക്കുന്നതിൽ യുക്തിയില്ല. നടപടിയുടെ ഭാഗമായി ഡയറക്ടറേറ്റിൽ വിളിച്ചുവരുത്തപ്പെടുന്ന അധ്യാപകരുടെ രാഷ്ട്രീയ പക്ഷം നോക്കിയാണ് തുടർനടപടി എന്നിരിക്കെ, ഈ മാർഗത്തിലൂടെ അധ്യാപകരെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനും സംഘടന വളർത്താനുള്ള ആയുധമായി പരീക്ഷയെയും മൂല്യനിർണയത്തെയും ചില ഉദ്യോഗസ്ഥർ മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. ജില്ല പ്രസിഡൻറ് സുനിൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡൻറ് ജിജി തോമസ്, ജില്ല ജന. സെക്രട്ടറി എ.ബി. അൻവർ, ട്രഷറർ ബാലകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രവീൺ കുമാർ, പി.വി.ടി. രാജീവ്, സുബിൻ ജോസ്, പ്രിൻസിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, കൺവീനർ ഡോ. സുകുമാരൻ നായർ, വനിത ഫോറം ചെയർപേഴ്സൻ പ്രേമലത, കൺവീനർ സി.പി.ശ്രീജ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.