കര്‍ണാടക ബോട്ടുകളുടെ കടന്നുകയറ്റം തടയണം -നിയമസഭ സമിതി

കാസർകോട്: കര്‍ണാടകയില്‍നിന്ന് അനധികൃതമായി ബോട്ടുകളുടെ കടന്നുകയറ്റം തടയുന്നതിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള നടപടികള്‍ സ്വീകരിക്കാൻ നിയമസഭ സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ജില്ലയിലെ തീരക്കടലില്‍ നടത്തുന്ന അനധികൃത മീന്‍പിടിത്തം കര്‍ശനമായി തടയുകയും പിഴ ഈടാക്കുകയും വേണം. അനധികൃത മീന്‍പിടിത്തം തടയാന്‍ കീഴൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഉ​ൾപ്പെടെ ആവശ്യത്തിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കാൻ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു. മണ്ണെണ്ണയുടെ പൊതു സബ്‌സിഡി നിരക്ക് ഉയര്‍ത്തണം. ലിറ്ററിന് 122 രൂപ വളരെ കൂടുതലാണ്. സിവില്‍ സപ്ലൈസ് മുഖാന്തരം കൊടുക്കുന്ന വെള്ള മണ്ണെണ്ണ ന്യായവിലയില്‍ മത്സ്യഫെഡ് മുഖേന വിതരണം ചെയ്യണമെന്നും ശിപാര്‍ശ ചെയ്തു. അജാനൂര്‍ മത്സ്യബന്ധന തുറമുഖം, കോട്ടിക്കുളം മത്സ്യബന്ധന തുറമുഖം എന്നിവ യാഥാര്‍ഥ്യമാക്കണം. ലൈഫ് പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അടക്കമുള്ള ആവശ്യങ്ങള്‍ സഭാസമിതിക്കുമുന്നില്‍ വിവിധ സംഘടന പ്രതിനിധികള്‍ ഉന്നയിച്ചു. കസബ ഫിഷറീസ് ഹാര്‍ബര്‍റോഡ് നവീകരിക്കണമെന്നും ആവശ്യപ്പെട്ടു. ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും നടപടിയുണ്ടാകും. ജില്ലയില്‍ സ്വന്തമായി രക്ഷാബോട്ട് അനുവദിക്കണമെന്ന നിര്‍ദേശവും സര്‍ക്കാറിന് സമര്‍പ്പിക്കും. മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്ന വിവാഹ ധനസഹായ ആനുകൂല്യം രണ്ടുവര്‍ഷമായി നല്‍കിയിട്ടില്ലെന്ന പരാതിയില്‍, അടിയന്തരമായി ആനുകൂല്യങ്ങള്‍ നൽകുന്നത് ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചു. എല്‍.എൽ.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കാനത്തില്‍ ജമീല, എന്‍.കെ. അക്ബര്‍, എം. വിൻസെന്റ് എന്നിവരും തെളിവെടുപ്പില്‍ സംബന്ധിച്ചു. 15ാം നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള സമിതിയുടെ നേരിട്ട് തെളിവെടുപ്പ് നടത്തുന്നതിനും പരാതി സ്വീകരിക്കുന്നതിനുമുള്ള ആദ്യ യോഗമാണ് ജില്ലയില്‍ നടത്തിയത്. നിരവധി പരാതികളില്‍ തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കണ്ണൂരിലാണ് സിറ്റിങ്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍, ഹാര്‍ബര്‍ എൻജിനീയറിങ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ മുഹമ്മദ് അഷറഫ്, ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, കാസര്‍കോട് നഗരസഭ സെക്രട്ടറി എസ്. ബിജു, മത്സ്യഫെഡ് ജില്ല ഓഫിസര്‍ കെ.എച്ച്. ഷരീഫ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധി സി. ആദര്‍ശ് തുടങ്ങിയവരും മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും സംബന്ധിച്ചു. ഫോട്ടോ: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള നിയമസഭ സമിതി കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.