പാരയായി മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്; പന്നികർഷകർ പ്രതിസന്ധിയിൽ

കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിക്ക് പുറമെ മലിനീകരണ നിയന്ത്രണ ബോർഡ് പുതുതായി ഇറക്കിയ ഉത്തരവ് പന്നി ഫാം ഉടമകൾക്ക് ഭീഷണിയാകുന്നു. ചിക്കൻ സ്​റ്റാളുകളിലെ അവശിഷ്​ടങ്ങൾ പന്നികൾക്ക് ആഹാരമായി നൽകരുതെന്ന മലിനീകരണ നിയന്ത്രണ ബോർഡി‍ൻെറ ഉത്തരവാണ് പന്നികർഷകർക്ക് വെല്ലുവിളിയായിരിക്കുന്നത്. കൂടാതെ ഫാം ലൈസൻസിങ്​ പരിഷ്കരിച്ചപ്പോൾ പന്നിഫാമുകളെ പാടേ അവഗണിക്കുകയും അപ്രായോഗികമായി കുറെ ചട്ടങ്ങൾ മൂലം ഫാം ലൈസൻസ് എടുക്കാൻ കഴിയാത്ത സാഹചര്യവും സൃഷ്​ടിച്ചു. ഹോട്ടലുകൾ, കല്യാണ മണ്ഡപങ്ങൾ, ഹോസ്​റ്റലുകൾ, ചിക്കൻ സ്​റ്റാളുകൾ, പഴം-പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ നിന്നാണ് ഫാം ഉടമകൾ ഭക്ഷണം ശേഖരിച്ചുകൊണ്ടിരുന്നത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ മൂലം വളർത്തുപന്നികൾക്ക് ഭക്ഷണമെത്തിക്കുക കർഷകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു. പുതിയ ഉത്തരവ് കൂടി വന്നതോടെ ഈ മേഖലയിലെ പ്രതിസന്ധി ഒന്നുകൂടി രൂക്ഷമായിരിക്കുകയാണ്. കേരളത്തിൽ പുതുതായി ആരംഭിക്കുന്ന ജൈവമാലിന്യം ശേഖരിക്കുന്ന റെന്‍ററിങ്​ പ്ലാന്‍റുകളെ സഹായിക്കാനാണ് പി.സി.ബിയുടെ പുതിയ ഉത്തരവ്. ചില തദ്ദേശസ്ഥാപനങ്ങൾ കോഴിമാലിന്യവുമായി പോകുന്ന പന്നി ഫാം ഉടമകളുടെ വണ്ടികൾ തടയുകയും റെന്‍ററിങ്​ പ്ലാൻറിന് കോഴിമാലിന്യങ്ങൾ കൊടുക്കാത്ത ആൾക്കാരുടെ സ്ഥാപനത്തിന് ലൈസൻസ് കൊടുക്കാതിരിക്കുകയും ചെയ്യുന്നതായി പിഗ് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ്​ അംഗവും കാസർകോട്​ ജില്ല സെക്രട്ടറിയുമായ ബിനോയി കാക്കനാടൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തദ്ദേശ, മൃഗസംരക്ഷണ മന്ത്രിമാർ പങ്കെടുത്ത സെപ്റ്റംബർ 30ന് ചേർന്ന യോഗത്തിൽ കോഴി ഫാമിൽ നിന്നുള്ള മാലിന്യങ്ങൾ പന്നിഫാമിന് നൽ‌കിയശേഷം ബാക്കിയുള്ളവ കൃത്യമായി സംസ്കരിക്കാൻ സംവിധാനമുണ്ടാകണമെന്നും കർഷകർക്ക് ലൈസൻസ് നൽകാനുള്ള നടപടി മൃഗസംരക്ഷണ വകുപ്പി‍ൻെറ ശിപാർശ പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശം പോലും കാറ്റിൽപറത്തിയാണ് ചില തദ്ദേശസ്ഥാപന മേധാവികൾ റെന്‍ററിങ്​ പ്ലാന്‍റുകളെ സഹായിക്കാൻ കോഴി അവശിഷ്​ടങ്ങൾ പന്നി കർഷകർക്ക് നൽകരുതെന്ന് നിർബന്ധം പിടിക്കുന്നതെന്നും മാലിന്യക്കച്ചവടം നടത്തുന്ന മാഫിയകളെ സംരക്ഷിക്കാനാണ് ഇതിലൂടെ അവരുടെ ശ്രമമെന്നും ബിനോയി ആരോപിച്ചു. പന്നികർഷകർ സൗജന്യമായാണ് കോഴിവേസ്​റ്റ്​ ശേഖരിക്കുന്നത്. എന്നാൽ, റെന്‍ററിങ്​ പ്ലാന്‍റുകാർ മാലിന്യം ശേഖരിക്കണമെങ്കിൽ കിലോക്ക്​ പത്തുരൂപയെന്ന തോതിൽ നൽകണം. ഒരു കിലോഗ്രാം കോഴിക്ക് 350 ഗ്രാം വേസ്​റ്റ്​ ഉണ്ടാകും. ഇതോടെ കോഴിയിറച്ചി വാങ്ങുന്ന ഉപഭോക്താവിന് കിലോക്ക്​ 3.33 രൂപ അധികമായി നൽകേണ്ടിവരും. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പന്നി ഉൽപാദന ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാർ കാലങ്ങളായി കർഷകരെ പറഞ്ഞുപഠിപ്പിക്കുന്നത് കോഴിവേസ്​റ്റും ഹോട്ടൽ മിച്ചഭക്ഷണവും നൽകി പന്നികളെ വളർത്താനാണ്. അതുകൊണ്ടാണ് ഇവയെ ലാഭകരമായി വളർത്താൻ സാധിക്കുന്നത്. കേരളത്തിലെ 12,000ത്തോളം പന്നിഫാമുകളെയും അവയെ ആശ്രയിച്ചുജീവിക്കുന്ന ഒരുലക്ഷത്തിൽ‌പരം ആളുകളുടെയും ജീവിതമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കേരളത്തിലെ മാംസോൽപാദനത്തിനും മാലിന്യനിർമാർജനത്തിനും നിർണായക പങ്കുവഹിക്കുന്ന പന്നികർഷകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി.എഫ്.എ ഭാരവാഹികളായ ഒ.എസ്. ശ്രീകുമാർ, ടി. ഗോവിന്ദൻ, കെ.പി. കുഞ്ഞികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.