കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ; കൗൺസിൽ യോഗത്തിൽ ബഹളം

കാഞ്ഞങ്ങാട്: നഗരസഭയിൽ മോശം പെരുമാറ്റവും നിർമാണ പ്രവർത്തനങ്ങളിൽ അലസതയും പതിവാക്കിയ രണ്ട് ഓവർസിയർമാർക്കെതിരെ നടപടിക്ക് ശിപാർശ. നഗരസഭ ഓഫിസിലെ ഒന്നാം ഗ്രേഡ് ഓവർസിയർ വി. മോഹനൻ, മൂന്നാം ഗ്രേഡ് ഓവർസിയർ കെ.ജയരാജൻ എന്നിവർക്കെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ അടിയന്തര യോഗത്തിലാണ് ചെയർപേഴ്സൻ കെ.വി. സുജാത നടപടി പ്രഖ്യാപിച്ചത്. കുന്നുമ്മൽ നെല്ലിക്കാട്ട് റോഡ് കിളച്ചിട്ടിട്ട്​ മാസങ്ങളോളം കോൺക്രീറ്റ് ചെയ്യാതെ കാൽനടക്കാരെയും വാഹന യാത്രക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിച്ച ഓവർസിയർ മോഹനൻ സംഭവത്തിൽ എത്രയും വേഗം ന്യായമായ വിശദീകരണം ചെയർപേഴ്സന് നൽകാനും യോഗത്തിൽ തീരുമാനമായി. കുന്നുമ്മൽ - നെല്ലിക്കാട്ട് റോഡിൽ ഗുണനിലവാരമില്ലാത്ത കല്ലുപയോഗിച്ച് നിർമാണ പ്രവൃത്തി നടത്താൻ തീരുമാനിച്ച നഗരസഭ കരാറുകാരനോട് കല്ല് പറ്റില്ലെന്നും മാറ്റണമെന്നും കർശനമായി നിർദേശിച്ചതാണ് തനിക്കെതിരെ കരാറുകാരനും മറ്റു ചിലരും ആരോപണം കൊണ്ടുവരാൻ കാരണമെന്ന് കെ. മോഹനൻ കൗൺസിൽ മുമ്പാകെ വിശദീകരിച്ചു. അധ്യക്ഷയോടടക്കം ധിക്കാരപരമായും അപമര്യാദയായും പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജനെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യാൻ മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചത്. നഗരസഭയിൽ നാളുകളായി തുടരുന്ന ചില ഉദ്യോഗസ്ഥരുടെ മേൽക്കോയ്മകളിൽ ഭരണപക്ഷ കൗൺസിലർമാരിൽ പലരും കടുത്ത ഭാഷയിൽ സംസാരിച്ചു. നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണമെന്നത് ഭരണപരാജയത്തി​െന്‍റ തുടക്കമാണെന്നും ഓവർസിയർമാർക്കെതിരെയുള്ള നടപടി ചെയർപേഴ്സനുതന്നെ എടുക്കാനേയുള്ളൂവെന്നും അതിനായി കൗൺസിൽ യോഗം വിളിച്ചുചേർക്കേണ്ടതില്ലെന്നും നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. ജാഫർ കുറ്റപ്പെടുത്തി. കൗൺസിലർമാർ ജനങ്ങളുടെ ആവശ്യവുമായി ഉദ്യോഗസ്ഥരെ സമീപിക്കുന്നത് പല ഉദ്യോഗസ്ഥർക്കും ദഹിക്കുന്നില്ലെന്നും ഈ നിലപാടിൽ മാറ്റമുണ്ടാകണമെന്നും ലീഗ് കൗൺസിലർ ടി.കെ. സുമയ്യ വിമർശിച്ചു. ഓവർസിയർ കെ. ജയരാജൻ ബോധപൂർവം ഫയലുകൾ വൈകിപ്പിക്കുകയാണ്. കൗൺസിലർമാർക്ക് കാര്യങ്ങൾ ചെയ്തുകിട്ടാൻ ഇരക്കേണ്ട ഗതിയാണെന്ന് തീരദേശ ഐ.എൻ.എൽ കൗൺസിലർ ഫൗസിയ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.