പ്രീ പ്രൈമറി: ഓണറേറിയം നൽകേണ്ടതില്ലെന്ന തീരുമാനം പിൻവലിക്കണം -എ.കെ.എസ്​.ടി.യു

കാസർകോട്​: 2012നുശേഷം നിയമിതരായ പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകേണ്ടതില്ലെന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രീ പ്രൈമറി ജീവനക്കാരുടെ കാസർകോട് - കാഞ്ഞങ്ങാട് മേഖല കൺവെൻഷനുകൾ ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഊർജം പകർന്ന് പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിപ്പിച്ചത് പൊതു വിദ്യാലയങ്ങളോടുചേർന്ന് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയങ്ങളാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് മുഴുവൻ ഗവ. - എയ്ഡഡ് വിദ്യാലയങ്ങളിലും പ്രീ പ്രൈമറികൾ ആരംഭിക്കാനും ഈ മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാനും സർക്കാർ തയാറാകണമെന്ന് കൺവെൻഷനുകളിൽ ആവശ്യമുയർന്നു. 2012ന് ശേഷമുള്ള അധ്യാപകരെയും ആയമാരെയും അംഗീകരിക്കേണ്ടതില്ലെന്നും അവർക്ക് ശമ്പള ആനുകൂല്യങ്ങൾ നൽകേണ്ടെന്നും 2022 ജനുവരി 22ന് വന്ന ഉത്തരവിൽ പറയുന്നു. ജില്ലയിൽ മാത്രം പ്രസ്തുത മേഖലയിൽ 900ഓളം ജീവനക്കാരും 13500ഓളം കുട്ടികളും വഴിയാധാരമാകും വിധമുള്ള ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയാറാവണം. പതിനായിരക്കണക്കിന് കുട്ടികൾക്കാണ്, അംഗീകാരമില്ലെന്ന കാരണത്താൽ ഗവൺമെന്റ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. ഇത് ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. കൺവെൻഷനിൽ പങ്കെടുത്ത ജീവനക്കാർ കോവിഡ് കാലത്തെ ദുരനുഭവങ്ങൾ വിവരിച്ചു. കാസർകോട് നടന്ന കൺവെൻഷൻ എ.കെ.എസ്.ടി.യു ജില്ല ജോ. സെക്രട്ടറി എ. സജയന്റെ അധ്യക്ഷതയിൽ ജില്ല സെക്രട്ടറി സുനിൽകുമാർ കരിച്ചേരി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ നടന്ന കൺവെൻഷൻ ജില്ല ട്രഷറർ എം.ടി. രാജീവന്റെ അധ്യക്ഷതയിൽ ജില്ല പ്രസിഡന്‍റ്​ വിനയൻ കല്ലത്ത് ഉദ്ഘാടനം ചെയ്തു. ജില്ല നേതാക്കളായ രാജേഷ് ഓൾനടിയൻ, ടി.എ. അജയകുമാർ, ഒ. പ്രതീഷ്, പി. അഭിജിത്ത്, പ്രീ പ്രൈമറി അധ്യാപക പ്രതിനിധികളായ കെ. ചിത്രകുമാരി, പി.വി. കോമളവല്ലി, എൻ. നസീറ, അനിത എസ്. റാവു, പി.പി. രജിത, കെ.വി. അശ്വതി, കനകലക്ഷ്മി, കെ. ജയശ്രീ, കെ.വി. നിഷ, എ. ശോഭന, സീന, പി. ശാലിനി, സി.കെ. ആഷിഫ, കെ. പത്മശ്രീ, എസ്. ശുഭ തുടങ്ങിയവർ പ്രീ പ്രൈമറി അധ്യാപികമാരുടെയും ആയമാരുടെയും വിവിധങ്ങളായ പ്രശ്നങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.