കുട്ടികളെത്തും ക്ലീൻ സ്കൂളുകളിലേക്ക്

ചെറുവത്തൂർ: മൂന്നാഴ്ചത്തെ അടച്ചിടൽ കാലം കഴിഞ്ഞ് പിലിക്കോട് പഞ്ചായത്തിലെ കുരുന്നുകൾ എത്തുക ക്ലീൻ സ്കൂളുകളിലേക്ക്. സ്കൂളുകളുടെ വൃത്തി മത്സരമായപ്പോൾ വിദ്യാലയങ്ങളെല്ലാം ആവേശപൂർവം അതേറ്റെടുത്തു. പഞ്ചായത്ത് ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായാണ് 'വൃത്തിയുള്ള വിദ്യാലയം' മത്സരമൊരുക്കിയത്. അംഗൻവാടികൾക്കും മത്സരം നടന്നു. പരിസര ശുചിത്വം, ജൈവ, അജൈവ മാലിന്യ പരിപാലന രീതികൾ, ശുചിമുറികൾ, ഹരിത പ്രോട്ടോകോൾ പാലനം, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലെ വൃത്തി എന്നിവയാണ് വിലയിരുത്തിയത്. മുൻകൂട്ടി വിവരം നൽകിയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന സംഘം വിദ്യാലയങ്ങളിലും അംഗൻവാടികളിലുമെത്തിയത്. രണ്ടുവർഷക്കാലമായി കുട്ടികളെത്താത്ത അംഗൻവാടികൾക്കും മൂന്നാഴ്ചയായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾക്കും കുട്ടികളെ വരവേൽക്കാൻ മികച്ച സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള അവസരമായി ശുചിത്വ മത്സരം മാറി. മത്സര വിജയികളെ അടുത്ത ദിനം പ്രഖ്യാപിക്കും. ജനപ്രതിനിധികൾ, വിദ്യാലയ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ശുചിത്വ മികവുകൾ പങ്കുവെക്കും. നല്ല മാതൃകകൾ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.