കുമ്പള: ബി.ജെ.പിയിലെ പ്രശ്നം പരിഹരിക്കാനാവാതെ നേതൃത്വം

- രണ്ട്​ സ്ഥിരംസമിതി അധ്യക്ഷരുടെ രാജിക്ക്​ സമ്മർദമേറി കാസർകോട്​: കുമ്പള ഗ്രാമപഞ്ചായത്തിലെ സി.പി.എം ബന്ധത്തെ ചൊല്ലി ബി.ജെ.പിയിലുണ്ടായ പ്രതിസന്ധിക്ക്​ പരിഹാരമായില്ല. സി.പി.എം സ്ഥിരംസമിതി അധ്യക്ഷൻ കൊഗ്ഗു രാജിവെച്ചെങ്കിലും ബി.ജെ.പിയുടെ രണ്ട്​ സ്ഥിരം സമിതി അധ്യക്ഷരും തൽസ്ഥാനത്ത്​ തുടരുകയാണ്​. ​​ബി.എം.എസ്​ പ്രവർത്തകൻ വിനു വധക്കേസിലെ പ്രതിയായ കൊഗ്ഗുവിനെ സ്ഥിരം സമിതി അധ്യക്ഷനാക്കാൻ പിന്തുണച്ചതിനെ ചൊല്ലിയാണ്​ ബി.ജെ.പിയിൽ കലഹം തുടങ്ങിയത്​. സി.പി.എം പ്രതിനിധി സ്ഥാനമൊഴിഞ്ഞിട്ടും ബി.ജെ.പിയുടെ സ്ഥിരംസമിതി അധ്യക്ഷന്മാർ രാജിവെക്കാത്തതിൽ പ്രതിഷേധം ശക്തമായി. വ്യാഴാഴ്ചക്കകം രാജിവെച്ചില്ലെങ്കിൽ രണ്ടു ​പേരെയും വഴിയിൽ തടയുമെന്നാണ്​ ഒരു വിഭാഗം പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്​. ജില്ല കമ്മിറ്റി ഓഫിസ്​ താഴിട്ട്​ പൂട്ടി രണ്ടു മണിക്കൂറോളം ഉപരോധം നടത്തിയ പ്രതിഷേധക്കാരുടെ അന്ത്യശാസനം നേതൃത്വം തള്ളിക്കളയുന്നില്ല. പാർട്ടി ആസ്ഥാനം ഉപരോധിച്ചവർ സ്ഥിരംസമിതി അധ്യക്ഷരെ വഴിയിൽ തടയാനുള്ള സാധ്യത കണ്ട്​ വ്യാഴാഴ്ചക്കകം പരിഹാരമുണ്ടാക്കുമെന്നാണ്​ വിവരം. ജില്ല പ്രസിഡന്‍റ്​ രവീശ തന്ത്രി കുണ്ടാറിനെതിരെ പ്രതിഷേധക്കാർക്ക്​ പരാതിയില്ല. മുൻ പ്രസിഡന്‍റ്​ കെ. ശ്രീകാന്തും സംസ്ഥാന സമിതിയംഗം സുരേഷ്​ കുമാർ ഷെട്ടിയെയും ലക്ഷ്യമിട്ടാണ്​ ഒരുവിഭാഗം രംഗത്തുവന്നത്​. ഇരുവരെയും തൽസ്ഥാനത്തുനിന്ന്​ പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്ഥിരംസമിതി അധ്യക്ഷരെ രാജിവെപ്പിച്ചാലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സാധ്യത കുറവാണ്​. ആർ.എസ്​.എസിന്‍റെ നേതൃത്വത്തിൽ ആദ്യഘട്ട ചർച്ചകൾ നടന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ബി.ജെ.പി ജില്ലതല കോർ​കമ്മിറ്റിയുടെ യോഗവും നടന്നു. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി കെ.പി. പ്രകാശ്​ ബാബുവിന്‍റെ മേൽനോട്ടത്തിലാണ്​ ചർച്ചകൾ പുരോഗമിക്കുന്നത്​. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ്​ കുമ്പള, മഞ്ചേശ്വരം, കാസർകോട്​ എന്നിവിടങ്ങളിൽനിന്നുള്ള ഇരുനൂറോളം വരുന്ന ബി.ജെ.പി പ്രവർത്തകർ ജില്ല കമ്മിറ്റി ഓഫിസ്​ താഴിട്ട്​ പൂട്ടി ഉപരോധിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.