മൂന്നുപതിറ്റാണ്ടായി കൃഷ്ണ​ന്റെ കണ്ണുകൾ പ്രണയിനിയെ തിരയുന്നു

ചെറുവത്തൂർ: ചങ്ങമ്പുഴയുടെ രമണനിലെ രമണനും ചന്ദ്രികയും, ഉറൂബിന്റെ ഉമ്മാച്ചുവും മായനും, ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും, ബഷീറിന്റെ മജീദും സുഹറയും പോലെ കഴിഞ്ഞ 30 വർഷമായി ത​ന്റെ പ്രണയിനിയെ അന്വേഷിക്കുന്ന ഒരു യഥാർഥ കഥാപാത്രമുണ്ട്, കൃഷ്ണൻ നായർ. ഉദിനൂർ നടക്കാവ്, കിനാത്തിൽ, തൃക്കരിപ്പൂർ, ആയിറ്റി, പിലിക്കോട് എന്നിവിടങ്ങളിലെ നാട്ടിടവഴികളിലൂടെ നിത്യേന പ്രിയതമയെ അന്വേഷിച്ച് നടക്കുകയാണിയാൾ. എല്ലാവരോടും കൃഷ്ണൻ നായർക്ക് ഒറ്റ ചോദ്യമേയുള്ളൂ; 'എന്റെ ബില്ല് മാറിയോ'യെന്ന്. പണ്ട് ജോലി ചെയ്ത വകയിൽ ബില്ല് മാറി തുക കിട്ടിയാൽ പ്രണയിനി കൂടെ വരുമെന്ന വിശ്വാസമാണിയാൾക്ക്. വർഷങ്ങൾക്കുമുമ്പ് പിലിക്കോട്ടെ സർക്കാർ സ്കൂളിൽ 62 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്നു ഇദ്ദേഹം. ജോലിയിൽ തന്നേക്കാൾ ഉയരത്തിലുള്ള യുവതിയുമായി പ്രണയത്തിലായി. പിരിയാത്ത പിരിയാനാവാത്ത പ്രണയം. പ്രണയിനിക്ക് ഒരു ചെറിയ പ്രശ്നം. ജോലിയിൽ തന്നേക്കാൾ താഴെയായിപ്പോയി കാമുകൻ. ഒടുവിൽ ജോലിയിൽ ഉടക്കി പ്രണയം ഉടഞ്ഞുപോയി. കാമുകി അവരുടെ വഴിക്കുപോയി. അന്നുമുതൽ കാമുകിയെ തിരഞ്ഞുനടക്കുന്ന ഇദ്ദേഹം ജോലിക്ക് പോകാതായി. ഒടുവിൽ സർക്കാർ ജോലി നഷ്ടമായി. ഇപ്പോഴും അന്വേഷണം തുടരുന്ന കൃഷ്ണൻ ഉറച്ച പ്രതീക്ഷയിൽ തന്നെയാണ്. എന്നെങ്കിലും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ. പടം.. കൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.