സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം നാളെ തുടങ്ങും

കാസർകോട്​: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മേയ് മൂന്നു മുതല്‍ ഒമ്പതു വരെ നടക്കും. മേയ് നാലിന് വൈകീട്ട് അഞ്ചിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ജില്ല തല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. നാലിന് കോട്ടച്ചേരിയില്‍നിന്ന് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് വരെ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് നേതൃത്വം നല്‍കി ജില്ല ഭരണകൂടം ഒരുക്കുന്ന ഒരാഴ്ച നീളുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എന്റെ കേരളം തീം ഏരിയയ്ക്ക് പുറമെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 70 സ്റ്റാളുകള്‍, കാര്‍ഷിക പ്രദര്‍ശന വിപണന മേള, ടൂറിസം മേള, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം, കുടുംബശ്രീ ഭക്ഷ്യമേള എന്നിവ മുഖ്യ ആകര്‍ഷണമാകും. പ്രദര്‍ശന വിപണനമേളയിലേക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്. മൂന്നിന് വൈകീട്ട് 5.30ന് തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖ വനിത കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന ചരട് കുത്തി കോല്‍ക്കളി നടക്കും. വൈകീട്ട് ആറിന് പിന്നണി ഗായകന്‍ വി.ടി മുരളി നയിക്കുന്ന ഇശല്‍ നില സ്മൃതി ഗീതങ്ങള്‍ അരങ്ങേറും. മെയ് നാലിന് ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകീട്ട് ആറിന് ഇര്‍ഫാന്‍ മുഹമ്മദ് എരോത് നയിക്കുന്ന മെഹ്ഫില്‍ഇസമ സൂഫി, ഗസല്‍, ഖവാലി സംഗീതരാവ്. മെയ് അഞ്ചിന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും ഉച്ചക്ക് രണ്ട് മുതല്‍ മൂന്നു വരെ ആരോഗ്യ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും. വൈകീട്ട് ആറിന് കുടുംബശ്രീ കലാസന്ധ്യ. അവതരണം രംഗശ്രീ. രാത്രി 7.30ന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കലാപരിപാടികള്‍. രാത്രി 8.30ന് കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം അവതരിപ്പിക്കുന്ന ഗാനമേള വസന്ത ഗീതങ്ങള്‍ അരങ്ങേറും. മേയ് ആറിന് രാവിലെ 10ന് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍. ജില്ലയിലെ കയറ്റുമതി സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ച. ഉച്ചക്ക്​ രണ്ടിന് പൊതുവിദ്യാഭ്യാസ സെമിനാര്‍. വൈകീട്ട് ആറിന് സുകന്യ സുനില്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം ദ്രൗപദി. വൈകീട്ട് ഏഴു മണിക്ക് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ നൃത്താവിഷ്‌കാരം 'സൂര്യപുത്രന്‍' മേയ് ഏഴിന് രാവിലെ 10 മുതല്‍ ഒന്നു വരെ വിവിധ വിഷയങ്ങളില്‍ അഗ്‌നി രക്ഷാ സേന, വനം പരിസ്ഥിതി വകുപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സെമിനാര്‍. എട്ടിന് രാവിലെ 11ന് ബഹുഭാഷാ സാഹിത്യസദസ്സ്, ഉച്ചക്ക്​ 2.30ന് പ്രവാസി സംഗമവും നടത്തും. വൈകീട്ട് ആറിന് നാടന്‍കലാ സന്ധ്യ നാട്ടരങ്ങ്. ഒമ്പതിന് രാവിലെ 10 മുതല്‍ ഒന്ന് വരെ വനിത ശിശു വികസനം, സാമൂഹിക നീതി വകുപ്പുകള്‍ നേതൃത്വം നല്‍കുന്ന സെമിനാറുകള്‍. വൈകീട്ട് സമാപന സമ്മേളനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. വൈകീട്ട് ആറിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിയുടെ 'രാജലക്ഷ്മി ലൈവ്' മ്യൂസിക് ഷോ. പ്രശസ്ത യുവസംഗീത പ്രതിഭകളായ അര്‍ജുന്‍ ബി കൃഷ്ണ, സംഗീത്, വിഷ്ണുവർധന്‍ എന്നിവരും സംഗീതവിരുന്നൊരുക്കും. dayaper.jpg പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കുള്ള ഡയപ്പര്‍ വിതരണം പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിര്‍വഹിക്കുന്നു ഡയപ്പര്‍ വിതരണം ചെയ്തു പിലിക്കോട്: ഗ്രാമപഞ്ചായത്ത് സ്‌നേഹധാര ജനകീയ പാലിയേറ്റിവ് സമിതിയുടെ നേതൃത്വത്തില്‍ കിടപ്പു രോഗികളായ 200 പേര്‍ക്ക് ഡയപ്പര്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി പാലിയേറ്റിവ് നേഴ്‌സ് സ്മിതക്ക് ഡയപ്പര്‍ കൈമാറി വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണന്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ വി.വി. സുലോചന, എല്‍.എച്ച്‌.ഐ ശൈലജ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.