വ്രതംപകര്‍ന്ന നന്മ സമൂഹത്തിനായി പങ്കുവെക്കുക -ജിഫ്രി തങ്ങള്‍

കാഞ്ഞങ്ങാട്: സ്നേഹസൗഹൃദങ്ങളുടെ പങ്കുവെക്കലുകളിലൂടെ ഈദുല്‍ഫിത്ര്‍ ആഘോഷത്തെ അര്‍ഥപൂര്‍ണമാക്കാന്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്‍ലിം ജമാഅത്ത് ഖാദിയും സമസ്ത അധ്യക്ഷനുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനംചെയ്തു. ശരീരത്തെയും മനസ്സിനെയും ദൈവപ്രീതിയുടെ ഉരകല്ലിലിട്ടുരക്കുംവിധം സ്ഫുടം ചെയ്തെടുത്ത് ആസക്തിക്കെതിരെയുള്ള യുദ്ധം ജയിച്ച വിശ്വാസിയുടെ പുതുജീവിതത്തിലേക്കുള്ള പ്രവേശനകവാടമാണ് ഈദുല്‍ഫിത്ര്‍. ഭൂമിയിലൊരാളും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഫിത്ര്‍ സകാത് നിര്‍ബന്ധമാക്കിയ മതം സഹജീവികളുടെ ദാരിദ്ര്യവും പട്ടിണിയും പ്രയാസങ്ങളും പരിവട്ടങ്ങളും തിരിച്ചറിയുന്നതിനുവേണ്ടി കൂടിയാണ് പകല്‍ മുഴുവന്‍ ആഹാരം കണിശമായി വെടിയുന്ന വ്രതം നിര്‍ബന്ധമാക്കിയത്. വ്രതത്തില്‍നിന്ന് കൈവല്യമായ വിശ്വാസദാര്‍ഢ്യവും ജീവിത സംസ്കൃതിയും അടുത്ത 11 മാസത്തെ വിശ്വാസിയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുന്നുണ്ട്. ലോകമെങ്ങും വംശീയ-വര്‍ഗീയ ശക്തികളും വെറുപ്പിന്‍റെ വ്യാപാരികളും അധീശത്വം സ്ഥാപിക്കുകയും മാനവികതയെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രപഞ്ചത്തോടും അതിലെ ജീവജാലങ്ങളോടുമുള്ള ഗുണകാംക്ഷയാണ് മതമെന്ന് പഠിപ്പിച്ച പ്രവാചകാനുയായികളുടെ ആഘോഷം എല്ലാ ജനവിഭാഗങ്ങള്‍ക്കും പങ്കാളികളാകാനും അവര്‍ക്കെല്ലാം ആത്മഹര്‍ഷമടയാനും സാധിക്കുന്ന വിധത്തിലായിരിക്കണം. മതം വിലക്കിയ ആഭാസങ്ങളുടെയും നിയമലംഘന പ്രവര്‍ത്തനങ്ങളുടെയും കൂത്തരങ്ങായി പെരുന്നാളിനെ മാറ്റുന്ന ഒറ്റപ്പെട്ട സഹോദരന്മാരെ അത്തരം പ്രക്രിയകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ മഹല്ല് നേതൃത്വവും മതപണ്ഡിതന്മാരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പെരുന്നാൾ സന്ദേശത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.