പോക്സോ കേസുകളിൽ പ്രതികൾക്ക് കഠിന തടവും പിഴയും

14കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവ് കാസർകോട്: ​ജില്ലയിൽ വിവിധ പോക്സോ കേസുകളിൽ പ്രതികൾക്ക് കഠിന തടവും പിഴയും. കാസർകോട് അഡീഷനൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ പോക്​സോ കേസുകളിൽ പ്രതികളെ ശിക്ഷിച്ചത്. പട്ടികജാതി വിഭാഗത്തിലെ 14കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ബാര അരമങ്ങാനം കെ. സഞ്ജീവ് എന്ന സജിത്തിനെയാണ് (30) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവനുഭവിക്കണം. 2016 ഏപ്രിൽ 14നാണ് സംഭവം. ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് ബന്ധുവിന്റെ കുട്ടിക്ക് സുഖമില്ലെന്നും അവിടെയൊന്ന് കയറി ​പോവാമെന്നും പറഞ്ഞ് ഡ്രൈവർ വഞ്ചിക്കുകയായിരുന്നു. പട്ടിക ജാതി-വർഗ സംരക്ഷണ നിയമം, മറ്റു പോക്സോ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കാസർകോട് സ്പെഷൽ മൊബൈൽ സ്‌ക്വാഡ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഡിവൈ.എസ്.പി എം.വി. സുകുമാരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 13കാരിയെ പീഡിപ്പിച്ച മറ്റൊരു കേസിൽ 64കാരന് 19 വർഷം കഠിന തടവും ഒന്നരലക്ഷം പിഴയും വിധിച്ചു. 2015-18 കാലയളവിൽ പലദിവസങ്ങളിലായി പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബളാൽ ഏറാംചിറ്റ എം.കെ. സുരേഷ് എന്ന ശിവനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണം. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എം.എ. ജോസ് ആണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് സബ് ഇൻസ്‌പെക്ടറായിവന്ന എം.വി. ശ്രീദാസനാണ് കുറ്റപത്രം സമർപ്പിച്ചത്. 13കാരിയായ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും വിധിച്ചു. കാഞ്ഞങ്ങാട് സൗത്ത് വാഴവളപ്പിൽ വി.വി. അജിത്തിനെയാണ് (43) ശിക്ഷിച്ചത്. 2018 ജൂൺ 25ന് ബസ് ഇറങ്ങി സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. അരലക്ഷം രൂപ പിഴയും അടക്കണം. ഇല്ലെങ്കിൽ ആറു മാസം കൂടി തടവനുഭവിക്കണം. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്‌പെക്ടറായിരുന്ന പി. വിജയനാണ്. പ്രതി ഇപ്പോൾ സമാനമായ മറ്റൊരു കേസിൽ ജയിലിലാണ്. മൂന്ന് കേസുകളിലും പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ. പ്രകാശ്‌ അമ്മണ്ണായ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.