വ്രതാനുഷ്ഠാനത്തിലൂടെ ഉത്തമ മനുഷ്യരായി മാറണം - നജീബ് മാള

കാഞ്ഞങ്ങാട്: കലുഷിതമായ സമകാലിക സാഹചര്യത്തിൽ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്ഫുടം ചെയ്തെടുത്ത ശരീരവും മനസ്സുമായി യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ വിശ്വാസികൾക്ക് സാധ്യമാവേണ്ടിയിരിക്കുന്നു എന്ന് ഹിറാമസ്ജിദ് ഖത്തീബ് നജീബ് മാള. ആരാധനയെ ആഘോഷമാക്കുകയല്ല ആഘോഷങ്ങൾ ആരാധനയാക്കി മാറ്റുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. കോവിഡ് മഹാമാരിക്കാലത്തെ രണ്ടു വർഷത്തെ ഇടവേളക്കുശേഷം അതിരറ്റ ആഹ്ലാദത്തോടും അതിലേറെ സന്തോഷത്തോടുംകൂടിയാണ് ഇത്തവണ ഈദുൽ ഫിത്​ർ അഥവ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതെന്ന് കോട്ടച്ചേരി ഈദ്ഗാഹിൽ പെരുന്നാൾ നമസ്കാരത്തിനു ശേഷം ഖുത്തുബ പ്രഭാഷണത്തിൽ നജീബ് മാള പറഞ്ഞു. സമകാലിക സാമുദായിക അനുഭവങ്ങൾ വിശ്വാസികളെ പ്രതിസന്ധിയിലാക്കുകയാണ്. റമദാനിൽ ആർജ്ജിച്ചെടുത്ത വിശ്വാസദാർഢ്യത്തിലൂടെ യാഥാർഥ്യത്തിലേക്ക് തിരിച്ചുവരണം. വിശുദ്ധ ഖുർആന്‍റെ മാർഗദർശനങ്ങളും പ്രവാചക ചര്യകളും മുറുകെ പിടിച്ച് ഭയപ്പാടില്ലാതെ മുന്നേറാൻ നജിബ് മാള ആഹ്വാനം ചെയ്തു. സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ ഈദ്ഗാഹിൽ സംബന്ധിച്ചു. കോവിഡ് കാലത്തിനുശേഷം നടന്ന ഈദ് നമസ്കാരത്തിൽ അത്യന്തം ആഹ്ലാദത്തോടെയാണ് വിശ്വാസികൾ പങ്കാളികളായത്. പരസ്പരം ആശ്ലേഷിച്ചും സൗഹൃദം പങ്കിട്ടും ഈദ്ഗാഹിൽ നിന്നും പിരിഞ്ഞ വിശ്വാസികൾ ഇതര മതസ്ഥരുമായി ആശംസകൾ കൈമാറാനും കുടുംബബന്ധങ്ങൾ പുതുക്കാനും സമയം കണ്ടെത്തി. കോട്ടച്ചേരി ബദരിയ മസ്ജിദിൽ ഖത്തീബ് റഷീദ് സഅദി,അതിഞ്ഞാൽ ജുമാമസ്ജിദിൽ ഖത്തീബ് ഷറഫുദ്ദീൻ ബഖവി, കോയപ്പളളിയിൽ ഖത്തീബ് കരീം മുസ്​ലിയാർ, അജാനൂർ തെക്കേപ്പുറം ജുമാമസ്ജിദിൽ ഖത്തിബ് മുഹമ്മദ് ഇർഷാദ് അസ്ഹരി, ഹോസ്ദുർഗ് ടൗൺ ജുമാമസ്ജിദിൽ ഒ.പി. അബ്ദുല്ല സഖാഫി, ബല്ലാക്കടപ്പുറം ഖിള്ർ ജുമാമസ്ജിദിൽ അലി ഫൈസി, നോർത്ത് ചിത്താരി ഖിള്ർ മസ്ജിദിൽ കത്തീബ് ശാദുലി ബാഖവി, പാറപ്പള്ളി ജുമാമസ്ജിദിൽ കത്തീബ് ഹസൻ അർഷദി തുടങ്ങിയവർ പ്രാർഥനക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.