കാസര്‍കോട്: ജില്ലയില്‍ ഹരിതാഭ വിടര്‍ത്തി 505 പച്ചത്തുരുത്തുകള്‍. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കലിന്റെ മുഖ്യകണ്ണിയായി രൂപപ്പെടുന്നവയാണ് ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്തുകള്‍. സ്കൂള്‍ പരിസരങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ഒഴിഞ്ഞ പ്രദേശങ്ങളിലും സ്വാഭാവിക ചെറുവനങ്ങളുണ്ടാക്കി ആവാസവ്യവസ്ഥയെ തിരികെ പിടിച്ച് കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള കര്‍മപദ്ധതിയായാണ് പച്ചത്തുരുത്തുകള്‍ അവതരിപ്പിച്ചത്. ജലസംരക്ഷണം, കൃഷി, മാലിന്യസംസ്കരണം എന്നീ മൂന്നു മേഖലകളെയും പ്രതിനിധാനംചെയ്യുന്ന നവീനമായ കാഴ്ചപ്പാടാണ് പച്ചത്തുരുത്തുകള്‍. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടത്തിവരുന്നത്.
നിലവിലുള്ള കാര്‍ഷിക ഭൂമിയുടെയോ വനഭൂമിയുടെയോ ഘടനക്ക് മാറ്റംവരുത്താതെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതു/സ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്കിണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി രൂപപ്പെടുത്തിയെടുക്കുന്ന ചെറുവനങ്ങളെയാണ് പച്ചത്തുരുത്തുകള്‍ എന്നുപറയുന്നത്. 2019 ജൂണ്‍ അഞ്ചിന് അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് വൃക്ഷത്തൈ നട്ടാണ് പച്ചത്തുരുത്തിന്റെ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചത്. 2020ല്‍ പിരിഞ്ഞുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓർമത്തുരുത്തായി 12ഉം പുതുതായി വന്ന ഭരണസമിതിയുടെ പേരില്‍ 10ഉം ജില്ല പഞ്ചായത്തിന്റെ വസുധ പ്രോജക്ടിന്റെ ഭാഗമായി 12ഉം പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ അഞ്ചു പച്ചത്തുരുത്തുകള്‍ ഉണ്ടാക്കുകയും ചെയ്തു.
ശാസ്താംപാറ പച്ചത്തുരുത്ത് വലുത്
ഏറ്റവും കൂടുതല്‍ വൃക്ഷങ്ങളുള്ള പച്ചത്തുരുത്ത് കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്തെ ശാസ്തംപാറയാണ്. ഏഴ് ഏക്കര്‍ പ്രദേശത്ത് 2900 വൃക്ഷങ്ങളാണ് നട്ട് പരിപാലിച്ചുവരുന്നത്. 2020 മേയ് 20നാണ് ഇവിടെ പച്ചത്തുരുത്ത് തീര്‍ത്തത്. പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ സ്കൂളില്‍ തീര്‍ത്ത അംഗടിമുഗര്‍ പച്ചത്തുരുത്തിൽ അഞ്ച് ഏക്കര്‍ പ്രദേശത്ത് 1000 വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുന്നുണ്ട്. 2020 മേയ് ആറിനാണ് അംഗടിമുഗര്‍ പച്ചത്തുരുത്ത് ഒരുക്കിയത്.
ഒന്നാംസ്ഥാനം മടിക്കൈക്ക്
തദ്ദേശ സ്ഥാപന തലത്തില്‍ മടിക്കൈ ഒന്നും തൃക്കരിപ്പൂര്‍ രണ്ടും സ്ഥാനം നേടി. 161 പച്ചത്തുരുത്തുകളൊരുക്കിയ മടിക്കൈ പഞ്ചായത്താണ് ജില്ലയിലും സംസ്ഥാനതലത്തിലും ഒന്നാമത്. 80 പച്ചത്തുരുത്തുകള്‍ നിർമിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജില്ലയിലും സംസ്ഥാനത്തിലും രണ്ടാമതായി.
ബ്ലോക്കിൽ പരപ്പ മുന്നിൽ
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 176 പച്ചത്തുരുത്തുകള്‍ തീര്‍ത്തപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ 181 പച്ചത്തുരുത്തുകളൊരുങ്ങി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 61ഉം കാറഡുക്ക ബ്ലോക്ക് പരിധിയില്‍ 27ഉം പച്ചത്തുരുത്തുകളൊരുങ്ങി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 13ഉം മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ 21ഉം പച്ചത്തുരുത്തുകള്‍ തീര്‍ത്തു. കാഞ്ഞങ്ങാട് നഗരസഭ-നാല്, കാസര്‍കോട് നഗരസഭ -19, നീലേശ്വരം നഗരസഭ -മൂന്ന് എന്നിങ്ങനെയാണ് പച്ചത്തുരുത്തുകളൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.