കാസർകോട്: 57 നാൾ നീണ്ട തെരഞ്ഞെടുപ്പുചൂടിന് ബുധനാഴ്ച ശമനമായി. വീറും വാശിയും, കൊണ്ടും കൊടുത്തും ആവേശോജ്ജ്വലമായ കൊട്ടിക്കലാശത്തിൽ മുന്നണികളുടെ പ്രചാരണം അവസാനിച്ചു. ഇനി കാര്യങ്ങൾ വോട്ടർമാരുടെ കൈയിലാണ്. വെള്ളിയാഴ്ച ജനങ്ങൾ ബൂത്തിലേക്ക്.
തങ്ങളുടെ വിധിപ്രസ്താവം കേൾക്കാൻ ജൂൺ നാലുവരെ മുന്നണികൾക്ക് കാത്തുനിൽക്കേണ്ടിവരും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാർച്ച് 16നാണ്. നാമനിർദേശപത്രിക നൽകാനുള്ള അവസാനദിവസം ഏപ്രിൽ നാലുമായിരുന്നു. നിലവിൽ ഒമ്പതു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
എം.വി. ബാലകൃഷ്ണൻ-എൽ.ഡി.എഫ്-ചുറ്റിക അരിവാൾ നക്ഷത്രം
രാജ്മോഹൻ ഉണ്ണിത്താൻ-യു.ഡി.എഫ്-കൈ
എം.എൽ. അശ്വിനി-എൻ.ഡി.എ-താമര
സുകുമാരി എം-ബഹുജൻ സമാജ് പാർട്ടി-ആന
അനീഷ് പയ്യന്നൂർ-സ്വതന്ത്രൻ-ഓട്ടോറിക്ഷ
എൻ. കേശവനായക്-സ്വതന്ത്രൻ-കരിമ്പുകർഷകൻ
ബാലകൃഷ്ണൻ.എൻ-സ്വതന്ത്രൻ-ചെസ് ബോർഡ്
മനോഹരൻ കെ-സ്വതന്ത്രൻ-ബാറ്റ്
രാജേശ്വരി കെ.ആർ-സ്വതന്ത്രൻ-സൈക്കിൾ പമ്പ്
മഞ്ചേശ്വരം-ജി.എച്ച്.എസ്.എസ് കുമ്പള, കാസര്‍കോട്- കാസര്‍കോട് ഗവ: കോളജ്, ഉദുമ- ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കൻഡറി സ്കൂള്‍, കാഞ്ഞങ്ങാട്- ദുർഗ ഹയര്‍സെക്കൻഡറി സ്കൂള്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍- സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാഞ്ഞങ്ങാട്, പയ്യന്നൂര്‍- എ. കുഞ്ഞിരാമന് അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ് പയ്യന്നൂര്‍, കല്ല്യാശ്ശേരി- ഗവ:ഹയര്സെക്കൻഡടറി സ്കൂള്‍ മാടായി.
എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും വോട്ടെടുപ്പ് ദിവസം പാലിക്കേണ്ട മാതൃക പെരുമാറ്റച്ചട്ടം അറിയിച്ചു. സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തടസമോ ഇല്ലാതെ ജനങ്ങള്‍ക്ക് പൂര്‍ണ സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിക്കാന്‍ നിശ്ചയിച്ചിട്ടുള്ളതിന് 48 മണിക്കൂര്‍ മുമ്പ് പരിധിക്കുള്ളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക, പോളിങ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് യാത്രസൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്നവ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ജാഗരൂഗരായിരിക്കണം.
അംഗീകൃത പ്രവര്‍ത്തകര്‍ക്ക് ബാഡ്ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കുക
സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ആയിരിക്കുമെന്നും ചിഹ്നമോ സ്ഥാനാര്‍ഥിയുടെ 'പേരോ കക്ഷിയുടെ പേരോ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പാക്കണം.
പോളിങ് ദിനത്തിലും അതിനു മുന്‍പുള്ള 48 മണിക്കൂര്‍ സമയവും മദ്യം വിളമ്പുകയോ വിതരണം നടത്തുകയോ ചെയ്യുന്നതില്‍നിന്ന് വിട്ടു നില്‍ക്കണം.
പോളിങ് ബൂത്തുകളുടെയും രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകള്‍ക്കു സമീപവും അനാവശ്യമായ ആള്‍ക്കൂട്ടം പാടില്ല.
സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാകണം. അവിടെ ചുവര് പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദര്‍ശിപ്പിക്കാനോ ആഹാരപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാനോ പാടില്ല.
വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം. പെര്‍മിറ്റ് വാങ്ങി വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
സമ്മതിദായകര്‍ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ ജില്ല ഇലക്ഷന് ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളില്‍ പ്രവേശിക്കരുത്.
കാസർകോട്: പാർലമെന്റ് മണ്ഡലത്തിൽ പ്രശ്ന ബൂത്തുകളുണ്ട് എന്നും എന്നാൽ പരസ്യപ്പെടുത്താനാഗ്രഹിക്കുന്നില്ല എന്നും കലക്ടർ ഇമ്പശേഖർ. എല്ല ബൂത്തുകളിലും സുരക്ഷ സംവിധാനങ്ങളുണ്ട്. ചില ബൂത്തുകളെ പ്രശ്നബൂത്ത് എന്ന് മുൻകുട്ടി പറയാനാവില്ല. 1330 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകും. ജില്ല ആസ്ഥാനത്ത് 14 എൽ.ഇ.ഡി. ടിവികളും 90 ലാപ്ടോപ്പുകളും ഒരുക്കിയിട്ടുണ്ട്.
പോളിങ് ഡ്യൂട്ടിക്ക് 4561 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയില്‍ 983 വീതം പ്രിസൈഡിങ് ഓഫിസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫിസര്‍മാരെയും സെക്കൻഡ് പോളിങ് ഓഫിസര്‍മാരെയും നിയോഗിച്ചു. 90 സെക്ടറല്‍ ഓഫിസര്‍മാരെയും നിയോഗിച്ചു. നിരീക്ഷണത്തിന് 244 മൈക്രോ ഒബ്സർവര്‍മാരെയും നിയോഗിച്ചു. 1278 ഉദ്യോഗസ്ഥര്‍ റിസർവായി ഉണ്ട്.
പോളിങ് സ്റ്റേഷനിൽ ഭിന്നശേഷിക്കാര്‍ക്കും അവശരായവര്‍ക്കുമായി വീല്‍ചെയര്‍ സൗകര്യവും കുടിവെള്ളവും ഏർപ്പെടുത്തും.
കണ്ട്രോള് യൂനിറ്റ്, ബാലറ്റ് യൂനിറ്റ് വിവിപാറ്റ് എന്നിവ വിതരണ കേന്ദ്രത്തില്‍ നിന്ന് വാങ്ങേണ്ടതും അഡ്രസ്സ് ടാഗ് പരിശോധിച്ച് നിയമനം ലഭിച്ച പോളിങ് സ്റ്റേഷനിലേക്കു നല്കിയ മെഷീനുകളാണെന്നും ഉറപ്പുവരുത്തേണ്ടതുമാണ്. പോളിങ് മെറ്റീരിയല്‍ എല്ലാം തന്നെ ലിസ്റ്റ് അനുസരിച്ച് ലഭിച്ചിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.
കണ്ട്രോള് യൂനിറ്റിലെയും ബാലറ്റ് യൂനിറ്റിലെയും പിങ്ക് യൂനിറ്റിലെയും പിങ്ക് പേപ്പറിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലായെന്നും ബാലറ്റ് യൂനിറ്റില്‍ ബാലറ്റ് പേപ്പര്‍ ശരിയായ രീതിയില്‍ തന്നെയാണ് ഉറപ്പിച്ചിരിക്കുന്നതെന്നും നോട്ട ഉള്‍പ്പെടെ സ്ഥാനാര്‍ഥികളുടെ പേരിനുനേരെയുള്ള നീല ബട്ടണുകള്‍ ദൃശ്യമാണെന്നും ഉറപ്പുവരുത്തേണ്ടതുമാണ്.
ബാലറ്റ് യൂനിറ്റുമായോ വിവിപാറ്റുമായോ ബന്ധിപ്പിക്കാതെ കണ്ട്രോള് യൂനിറ്റ് മാത്രം സ്വിച്ച് ഓണ്‍ ചെയ്ത് ബാറ്ററി സ്റ്റാറ്റസും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണവും പരിശോധിക്കേണ്ടതും തുടര്‍ന്ന് കണ്ട്രോള് യൂനിറ്റ് ഓഫ് ചെയ്ത് വെയ്ക്കേണ്ടതുമാണ്.
വിവിപാറ്റിലെ പിറകുവശത്തുള്ള പേപ്പര്‍ റോള്‍ ലോക്ക് നോബ് ലോക്ക് പൊസിഷന്‍ അതായത് ട്രാന്സ്പോര്ട്ടേഷന് മോഡ് അഥവാ ഹൊറിസേണ്ടല് പൊസിഷനിലാണെന്ന് ഉറപ്പ് വരുത്തുക. വിവിപാറ്റ് വാഹനത്തില്‍ കൊണ്ടുപോകുന്ന സമയത്ത് ട്രാന്സ്പോര്ട്ടേഷന് മോഡിലാണ് സൂക്ഷിക്കേണ്ടത്.
വിതരണ കേന്ദ്രത്തില്‍ വച്ച് വിവിപാറ്റ്, കണ്ട്രോള് യൂനിറ്റ്, ബാലറ്റ് യൂനിറ്റ് എന്നിവ പരസ്പരം ബന്ധിപ്പിച്ച് പ്രവര്‍ത്തനം പരിശോധിക്കരുത്. ഇ.വി.എം വിവിപാറ്റ് എന്നിവ പോളിംഗ് സ്റ്റേഷന് അല്ലെങ്കില്‍ വരണാധികാരി നിർദേശിച്ച സ്ഥലങ്ങളിലല്ലാതെ മറ്റൊരിടത്തും കൊണ്ടുപോകരുത്.
വിതരണകേന്ദ്രത്തില്‍നിന്നും വരണാധികാരി ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ മാത്രമേ മെഷീനുമായി സഞ്ചരിക്കുവാന്‍ പാടുള്ളൂ. വോട്ടര്‍പട്ടിക സംബന്ധിച്ച് മാര്‍ക്ക് കോപ്പി ലഭിച്ചിട്ടുണ്ടോ എന്നും വര്‍ക്കിങ് കോപ്പിയുടെ പേജ് നമ്പര്‍ തുടര്ച്ചയോടെയാണേയെന്നും ഉറപ്പുവരുത്തേണ്ടതാണ്.
മാത്രമല്ല വോട്ടര്‍മാരുടെ പ്രിന്റ് ചെയ്ത സീരിയല്‍ നമ്പറില്‍ തിരുത്തലുകള്‍ ഒന്നും തന്നെ ഇല്ലായെന്ന് പ്രിസൈഡിങ് ഓഫിസര്‍ ഉറപ്പുവരുത്തണം. എ.എസ്.പി അതാത് ആബ്സറ്റീസ് ഷിഫ്റ്റ് ഡെഡ് വോട്ടോഴ്സ് ലിസ്റ്റ് ലഭ്യമായോയെന്നും സ്ഥാനാര്‍ഥിയുടെയും ഏജന്റുമാരുടെയും സ്പെസിമെന്‍ സിഗ്നേച്ചര്‍ കോപ്പി ലഭ്യമായോയെന്നും ശ്രദ്ധിക്കേണ്ടതാണ്. സെക്ടര്‍ സോണ്ല് ഓഫിസറുടെ നിർദേശാനുസരണം പോളിങ് സ്റ്റേഷനില്‍ മുന്‍ നിശ്ചയിച്ച റൂട്ടിലൂടെ ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിലാണ് പോളിങ് സ്റ്റേഷനിലേക്ക് സഞ്ചരിക്കേണ്ടത്.
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും വിവി പാറ്റുകളുടേയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്ന് (ഏപ്രില്‍ 25) രാവിലെ എട്ട് മുതല്‍ ജില്ലയില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ നടക്കും. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വോട്ടിങ് മെഷീന്, വിവിപാറ്റ് മെഷീന് എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കുമാണ്.
പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ശേഷം ഉദ്യോഗസ്ഥരെ പ്രത്യേകം വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ യാത്ര വേളയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. വിതരണ കേന്ദ്രങ്ങളില്‍ വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്.
പോളിങ് സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘു ഭക്ഷണ ശാല, ഹെല്പ് ഡെസ്ക്, അടിയന്തിര ചികിത്സ സൗകര്യം എന്നിവ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കും. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.