കാസർകോട്: ഹയർ സെക്കൻഡറിയിൽ ജില്ലക്ക് 78.82 ശതമാനം. കഴിഞ്ഞ വർഷം 79.33 ശതമാനമായിരുന്നു. ജില്ലയിലെ 105 ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും പരീക്ഷയെഴുതിയ 15276 പേരിൽ 12040പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
എല്ലാ വിഷയങ്ങളിലുമായി മുഴൂവൻ എ. പ്ലസ് നേടിയത് 943പേർ. കഴിഞ്ഞ തവണ ഇത് 778 ആയിരന്നു. ഓപൺ സ്കൂൾ മേഖലയിൽ 1805 വിദ്യാർഥികളിൽ 979പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 50.24 ശതമാനം വിജയം. അഞ്ചുപേർ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടി. വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 1325 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 931(70.26ശതമാനം) പേർ ഉപരിപഠനത്തിന് യോഗ്യതനേടി.
കാസർകോട്: ജില്ലയിൽ ഹയർ സെക്കൻഡറി ഫലം വന്നപ്പോൾ രണ്ട് സ്കൂളുകൾക്ക് നൂറുമേനി. ചെർക്കള മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഡെഫ്(എട്ട് വിദ്യാർഥികൾ), കുനിൽ എജുക്കേഷൻ ട്രസ്റ്റ് എച്ച്.എസ്.എസ്(33 വിദ്യാർഥികൾ) എന്നീ സ്കൂളുകൾക്കാണ് നൂറുമേനി വിജയം. കാഞ്ഞങ്ങാട് ലിറ്റിൽഫ്ളവർ, ചെറുവത്തൂർ ഗവ. ഫിഷറീസ് സ്കൂൾ, പാലാവയൽ സെന്റ് ജോൺസ് എന്നീ സ്കൂളുകൾക്ക് നേരിയ വ്യത്യാസത്തിൽ നൂറുമേനി നഷ്ടമായി.
ജി.എച്ച്.എസ്.എസ്. ചീമേനി, ജി.എച്ച്.എസ്.എസ്. കമ്പല്ലൂർ, ജി.എച്ച്.എസ്.എസ്. കുമ്പള, ജി.എച്ച്.എസ്.എസ്. കുട്ടമത്ത്, ജി.എച്ച്.എസ്.എസ്. ചായ്യോത്ത്, ദുർഗ കാഞ്ഞങ്ങാട്, എടനീർ സ്വാമിജീസ് എച്ച്.എസ്.എസ്., സെന്റ് തോമസ് തോമാപുരം, ഹോളിഫാമിലി എച്ച്.എസ്.എസ്. രാജപുരം, സെന്റ് ജൂഡ്സ് വെള്ളരിക്കുണ്ട്, ലിറ്റിൽഫ്ളവർ കാഞ്ഞങ്ങാട്, ജി.എച്ച്.എസ്.എസ്. സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി, ജി.എച്ച്.എസ്.എസ്. ഹൊസ്ദുർഗ്, ജി.എച്ച്.എസ്.എസ്. ബല്ല, ജി.എഫ്.എച്ച്.എസ്.എസ്. ചെറുവത്തൂർ, പരവനടുക്കം മോഡൽ റസിഡൻഷ്യൽ (90.91), ചെർക്കള മാർത്തോമ ബധിര വിദ്യാലയം, കുനിൽ എജുക്കേഷൻ ട്രസ്റ്റ്, ജി.എച്ച്.എസ്.എസ്. പാക്കം, വരക്കാട് ജി.എച്ച്.എസ്.എസ്., രാജാസ് എച്ച്.എസ്.എസ്. നീലേശ്വരം, സെന്റ് ജോൺസ് പാലാവയൽ എന്നീ സ്കൂളുകൾക്ക് 90ശതമാനത്തിനു മുകളിൽ വിജയം കൈവരിക്കാനായി.
കാസർകോട്: ഹയർ സെക്കൻഡറി ഫലം വന്നപ്പോൾ ജില്ലയിലെ പകുതിയോളം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ജില്ല വിട്ടുപോവുകയോ പഠനം അവസാനിപ്പിക്കുകയോ വേണ്ടിവരും. പരിമിതമായ കോളജുകൾ മാത്രമുള്ള ജില്ലയിൽ സർക്കാർ, എയ്ഡഡ് കോളജിൽ പ്രവേശനം ലഭിക്കുന്നതുതന്നെ കുറച്ചുപേർക്കാണ്. 12,040 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ സ്വശ്രയ കോളജ് സീറ്റുകൾ ഉൾപ്പെടെ കണക്കിലെടുത്താൽ ഏഴായിരത്തിൽപരം വിദ്യാർഥികൾക്കുള്ള സീറ്റുകൾ മാത്രമേ ജില്ലയിലുള്ളൂ. കുറച്ചു വിദ്യാർഥികൾ ജില്ലക്ക് പുറത്തേക്ക് മികച്ച കോഴ്സുകൾ തേടി പോയേക്കാം. മറ്റു വിദ്യാർഥികൾക്ക് അയൽ സംസ്ഥാനമായ മംഗളുരുവിലെ കോളജുകളാണ് ആശ്രയം.
അഞ്ച് ഗവ. കോളജുകളിലാണ് ആർട്സ് ആൻഡ് സ്പോർട്സ് കോളജുകളാണുള്ളത്. മൂന്ന് എയ്ഡഡ് കോളജുകളുമുണ്ട്. രണ്ടും ചേർന്നാൽ എട്ട് കോളജുകളിൽ 1327 സീറ്റുകളാണുള്ളത്. കാസർകോട് ഗവ.കോളജിൽ 393, കാഞ്ഞങ്ങാട് നെഹ്റുകോളജിൽ 306, മഞ്ചേശ്വരം ഗോവിന്ദപൈയിൽ 113, എളേരിത്തട്ട് ഇ.കെ. നായനാർ ഗവൺമെന്റ് കോളജിൽ 208, ഉദുമ ഗവ. കോളജിൽ 102, കിനാനൂർ കരിന്തളം കോളജിൽ 115, മായിപ്പാടി, കണ്ണിവയൽ ടി.ടി.ഐകളിൽ 90 സീറ്റുകളാണുള്ളത്. സെൽഫ് ഫിനാൻസിങ് കോളജുകൾ കൂടി ചേർന്നാൽ 40 ഓളം സ്ഥാപനങ്ങൾ പരിമിതമായ സീറ്റുമായാണ് ഉപരിപഠനത്തിനുള്ളത്. കേരള കേന്ദ്രസർവകലാശാലയിലും ബിരുദ സീറ്റുകളുണ്ട്.
എന്നാൽ അവ ജില്ലയിൽ ലഭ്യമല്ല. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിൽ തിരുവനന്തപുരം സെന്ററിലാണ് സീറ്റുള്ളത്. 57സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. അത് ജില്ലയിലെ വിദ്യാർഥികളുടെ കണക്കിൽപെടുത്താനാവില്ല. പുറമെ, മൂന്ന് സ്വകാര്യ എൻജിനീയറിങ് കോളജുകളും ഒരു സെൽഫ് ഫിനാൻസിങ് ഡെന്റൽ കോളജും ഒരു ആയുർവേദ കോളജും മൂന്നു പോളി ടെക്നിക്കുകളും രണ്ട് നഴ്സിങ് കോളജുകളും പത്ത് ഐ.ടി.ഐകളുമാണ് ജില്ലയിലെ പരിമിതമായ ഉപരി പഠന സാധ്യതകൾ. എല്ലാം ചേർന്നാൽ 7000ൽ അധികരിക്കില്ല. ജില്ലയിൽ ഹയർ സെക്കൻഡറിയിൽ നിന്നും ഉപരിപഠന യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് ഈ സീറ്റുകൾ ഒന്നും മതിയാകില്ല. ഉപരിപഠനത്തിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് ജില്ലക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.