കാസർകോട്: നഗരസൗന്ദര്യത്തിന് ഊന്നൽനൽകി കാസർകോട് നഗരസഭ ബജറ്റ്. ഈ കൗൺസിലിന്റെ നാലാമത് ബജറ്റാണ് കാസർകോട് നഗരസഭ വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ് അവതരിപ്പിച്ചത്. ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
കാസർകോട് നഗരത്തിന്റെ പ്രധാന പ്രശ്നമായ പാർക്കിങ്ങിന് ‘പാർക്കിങ് പ്ലാസ’ നിർമിക്കുമെന്നാണ് ബജറ്റിലെ പ്രധാന വാഗ്ദാനം. ആധുനീകരിച്ച കോൺഫറൻസ് ഹാൾ, ബസ് സ്റ്റോപ്, ട്രഡീഷനൽ മാർക്കറ്റ് എന്നിവ സ്ഥാപിക്കുമെന്നും പറയുന്നുണ്ട്.
നഗരത്തിലെ മുഴുവൻ മേഖലകളെയും സ്പർശിച്ച ബജറ്റിൽ കാർഷികമേഖലക്ക് 45 ലക്ഷം വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് പ്രാധാന്യം നൽകുന്ന ബജറ്റിൽ തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രത്തിനും തെരുവുവിളക്കുകൾക്കും കുടിവെള്ളത്തിനും തുക വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ആധുനികരീതിയിൽ റെസ്റ്റ് റൂം കെട്ടിടമൊരുക്കും. കഫേ സൗകര്യവും ശുചിമുറിയും വൈഫൈ സംവിധാനവും ഗാർഡനും ചിൽഡ്രൻസ് പ്ലേ ഏരിയയും ഇതിന്റെ ഭാഗമായി തയാറാക്കും. അന്താരാഷ്ട്രനിലവാരത്തലുള്ള ബസ് സ്റ്റോപ്പുകൾ നിർമിക്കുകയും ഇവിടെ കുടിവെള്ളം ലഭ്യമാക്കാനും ശുചിമുറി സംവിധാനം ഏർപ്പെടുത്താനും 25 ലക്ഷം നീക്കിവെച്ചിട്ടുണ്ട്.
നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വെർട്ടിക്കൽ ഗാർഡൻ, ഇരിപ്പിടങ്ങൾ, അലങ്കാരവിളക്കുകൾ എന്നിവ സ്ഥാപിക്കും. കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, നഗരസഭ പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് സൗകര്യപ്രദമായി പോകാനും തിരിച്ചുവരാനും സൗജന്യ സൈക്കിൽ സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തും.
നഗരത്തിലെ ഐ.സി ഭണ്ഡാരി റോഡ്, സിറ്റി ഗോൾഡ് ജങ്ഷന് സമീപമുള്ള നായക്സ് റോഡിലേക്ക് പോകുന്ന റോഡ്, പഴയ പ്രസ് ക്ലബ് ജങ്ഷൻ മുതൽ ചന്ദ്രഗിരിപ്പാലം വരെയുള്ള റോഡ് വീതി കൂട്ടാനും തീരുമാനമായി. കാസർകോട് നഗരസഭയെയും മധൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നെൽക്കള-പാറക്കട്ട റോഡ് നിർമിക്കും. ‘നൈറ്റ് സിറ്റി റൂട്ട്’ പദ്ധതി നടപ്പാക്കും. വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുകയാണെങ്കിൽ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്നതായിരിക്കും ബജറ്റ്.
നഗരസഭ ഓഫിസിനടുത്ത് ആധുനിക കോൺഫറൻസ് ഹാൾ കെട്ടിടം നിർമിക്കും. താഴത്തെനിലയിൽ കടമുറികളും ഒരുക്കും. ഇതിലൂടെ തനത് വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നും ബജറ്റിൽ പറയുന്നു. വിദ്യാഭ്യാസപുരോഗതിക്ക് സ്കൂളുകൾക്ക് കമ്പ്യൂട്ടർ നൽകുന്നതിന് നടപടി സ്വീകരിക്കും. വ്യവസായ സംരംഭങ്ങൾക്കും ഊന്നൽനൽകും. ആരോഗ്യമേഖലയിൽ നഗരത്തിൽ പോളി ക്ലിനിക് തുടങ്ങാനും ഗവ. ജനറൽ ആശുപത്രിയിൽ ഫിസിയോ തെറപ്പി ക്ലിനിക് ആരംഭിക്കാനും ഗവ. ആയുർവേദ ആശുപത്രിയിൽ പേ വാർഡ് ആരംഭിക്കാനും പദ്ധതികൾ നടപ്പാക്കും.
നഗരസഭ പുതിയ ബസ് സ്റ്റാൻഡിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസി മുഖേന നടക്കുകയാണ്. അത് വേഗത്തിൽ പൂർത്തീകരിക്കാൻവേണ്ട നടപടികൾ സ്വീകരിക്കും. നഗരസഭ പരിധിയിലെ പാർക്കുകൾ സംരക്ഷിക്കുന്നതിനും വൃത്തിയായി നടത്തിക്കൊണ്ടുപോകുന്നതിനും സ്വകാര്യ ഏജൻസികളുമായി സഹകരിക്കും. ഇതിലൂടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
മാലിന്യനിർമാർജനത്തിന് നാലു കോടി വകയിരുത്തിയിട്ടുണ്ട് ഈ ബജറ്റിൽ. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (ഒരു കോടി ), ആർ.ആർ.എഫ് നവീകരണം (ഒരു കോടി ), കക്കൂസ് മാലിന്യം സംസ്കരിക്കുന്ന സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ് (100 കോടി ) തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.
കായികമേഖല ആധുനികരീതിയിലാക്കാൻ എല്ലാ സംവിധാനങ്ങളോടും കൂടിയ ടർഫ് കോർട്ട് നിർമിക്കും. നഗരസഭ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി ഫുട്ബാൾ ടർഫ്, സിന്തറ്റിക് ട്രാക് ഉൾപ്പെടെ സൗകര്യം ഒരുക്കുന്നതിന് 10 കോടിയുടെ ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്.
ടൂറിസത്തിന് ഏറെ അനുയോജ്യമായ കാസർകോടിന്റെ മണ്ണിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കും. നെല്ലിക്കുന്ന് കടൽതീരം ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയം ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുകയും ചെയ്യും. ഫോർട്ട് റോഡ് കോട്ട സംരക്ഷിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കും. നഗരസഭ സീവ്യൂ പാർക്കിലേക്ക് പുതിയ റോഡ് നിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കും.
മൃഗസംരക്ഷണം, വനിത വികസനം, കുടുംബശ്രീ, വിദ്യാഭ്യാസം, കായികം, ആരോഗ്യം, കലാസാംസ്കാരികം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ചെറുകിട വ്യവസായം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ-ലൈഫ്, പട്ടികജാതി-വർഗം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ വികസനപദ്ധതികൾ ആവിഷ്കരിക്കുമെന്നും ബജറ്റിൽ പറയുന്നു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, സിയാന ഹനീഫ്, ആർ. റീത്ത, കെ. രജനി, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി പി.എ. ജസ്റ്റിൻ, നഗരസഭ എൻജിനീയർ എൻ.ഡി. ദിലീഷ്, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.