കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ വിവിധ പ്രശ്നങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് മന്ത്രിയും എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ല തല സെല്ലിന്റെ ചെയർമാനുമായ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കാസർകോട് കലക്ടറേറ്റിൽ എൻഡോസൾഫാൻ സെൽ യോഗ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം നവംബർ 31 ന് ആരോഗ്യം, സാമൂഹിക നീതി മന്ത്രിമാരും ജില്ലയുടെ ചുമതലയുള്ള തുറമുഖം മന്ത്രിയും ഉൾപ്പെട്ട യോഗം ചേർന്നിരുന്നു. അതിൽ തീരുമാനിച്ച കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ വഴി ലഭിച്ച അപേക്ഷകൾ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കുന്ന കാര്യം ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതത് മന്ത്രിമാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനായി ജില്ലയിൽനിന്ന് ലഭിച്ചത് 20,427 അപേക്ഷകൾ.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ല തല സെല്ലിന്റെ ചെയർമാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അപേക്ഷകരുടെ വിവരങ്ങൾ അറിയിച്ചത്.
അപേക്ഷകളിൽ പരിശോധന നടത്തുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി പരിശോധനകൾക്ക് മുടക്കംവരാത്ത രീതിയിൽ ക്രമീകരണം വരുത്താനും ആരോഗ്യ വകുപ്പിന് നിർദേശം നൽകി. സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ക്യാമ്പിന് ഉപയോഗപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പുകൾ നടത്തുക.
എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, എ.ഡി.എം എ.കെ. രമേന്ദ്രൻ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, ഡെപ്യൂട്ടി കലക്ടർ ശശിധരൻ പിള്ള, ആർ.ഡി.ഒ അതുൽ എസ്.നാഥ്, ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, അഡീഷനൽ എസ്.പി പി.കെ. രാജു, എ.എസ്.പി മുഹമ്മദ് നദീമുദ്ദീൻ, കെ.ഡി.പി സ്പെഷൽ ഓഫീസർ ഇ.പി. രാജ്മോഹൻ, ജില്ല മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ്, ബ്ലോക്ക്- പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സെൽ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.