കാസർകോട്: സ്ത്രീ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാസര്‍കോട് പുതിയതായി നിർമിച്ച ജില്ല പൊലീസ് മേധാവിയുടെ ചേംബര്‍, നവീകരിച്ച മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഹാള്‍, വിസിറ്റിങ് ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയുടേതടക്കം സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നവീകരിച്ച നിർമിതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിത പൊലീസ് സ്റ്റേഷന്, വനിത സെല്‍, പ്രത്യേക വനിത ബെറ്റാലിയന് അതോടൊപ്പം അപരാജിത, പിങ്ക് പൊലീസ്, നിഴല്‍, വനിത സ്വയം പ്രതിരോധ സംഘം ഇങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങളുണ്ട്. ഇതോടൊപ്പമാണ് കേരളത്തിലെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സേന എന്ന നിലക്ക് വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. കുറ്റാന്വേഷണ മികവ് അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. പൊലീസ് സേന കൂടുതല്‍ ജനകീയമായി കഴിഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ നമ്മുടെ സേനക്ക് കഴിഞ്ഞിട്ടുണ്ട്.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന്, ഡിവൈ.എസ്.പി സി. ബ്രാഞ്ച് ആൻഡ് കണ്‍സ്ട്രക്ഷന്‍ നോഡല്‍ ഓഫിസര്‍ സതീഷ്കുമാര്‍ ആലക്കാല്‍, കെ.പി.ഒ.എ ജില്ല സെക്രട്ടറി എം. ശിവദാസന്‍, കെ.പി.എ സെക്രട്ടറി എ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന സ്വാഗതവും അഡീഷനൽ എസ്.പി പി.കെ. രാജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.