കാസർകോട്: ജില്ലയിൽ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മുന്‍കരുതൽ നടപടി സ്വീകരിക്കുന്നതിന് ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. പുഴകളിലേയും ജലാശയങ്ങളിലേയും ജലം സംരക്ഷിക്കും. അനിയന്ത്രിതമായ ജലവിനിയോഗം തടയണം.കേരള ജല അതോറിറ്റിയുടെ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും നിർദേശം നൽകി. എം രാജഗോപാലൻ എം.എൽ.എയാണ് വിഷയം ജില്ല വികസന സമിതി യോഗത്തിൽ അവതരിപ്പിച്ചത്.
കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള ജല അതോറിറ്റിയുടെ പദ്ധതികൾക്ക് കാലതാമസം വരുത്തരുതെന്ന് എം.എൽ.എ നിർദേശിച്ചു. ഗുണഭോക്തൃ കമ്മിറ്റികൾ തദ്ദേശ സ്ഥാപനങ്ങളും മേൽനോട്ടം വഹിക്കുന്ന തടയണകൾ പലകകളിട്ട് ജലസംഭരണം നടത്താൻ നിർദേശം നൽകി. തടയണകൾ അടച്ച് ജലംസംഭരിച്ചു വരുന്നതായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കോവളം - ബേക്കൽ ജലപാതയുടെ ഭാഗമായി സഞ്ചാരം സുഗമമാക്കാൻ നീലേശ്വരം നിലവിലുള്ള പാലത്തിന്‍റെ ഉയരം കൂട്ടുന്നത് പരിഗണിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
മലയോര ഹൈവേയിൽ കാവുങ്കൽ പാലം നിർമാണത്തിന്റെ പുരോഗതി, പള്ളഞ്ചി - ഒന്ന് പള്ളഞ്ചി രണ്ട് പാലങ്ങളുടെ നിർമാണ പുരോഗതി എന്നിവ സംബന്ധിച്ച് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു. വനഭൂമി ലഭ്യമായിട്ടുണ്ടെന്നും പാലം നിർമാണത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾക്കായി പൊതുമരാമത്ത് ഇൻവെസ്റ്റിഗേഷൻ വിങ് സ്ഥലം പരിശോധിച്ചുവെന്നും വിശദ പദ്ധതി രേഖ പൊതുമരാമത്ത് പ്രോജക്ട് പ്രിപ്പറേഷൻ ലഭ്യമാകുന്ന മുറക്ക കിഫ്ബിയിൽ നിന്നും അംഗീകാരം ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതാണെന്നും കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
പള്ളഞ്ചി - 1, പള്ളഞ്ചി 2 പാലങ്ങളുടെ പുതുക്കിയ ഡിസൈൻ ലഭിച്ചിട്ടുണ്ടെന്നും ഡിസൈൻ പ്രകാരമുള്ള വിശദമായ പദ്ധതി രേഖ തയാറാക്കുന്ന നടപടികൾ പുരോഗമിച്ചു വരികയാണെന്നും അത് ഉടൻ അംഗീകാരത്തിനായി സമർപ്പിക്കും എന്നും കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മാറ്റുന്ന ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകൾ പുന:സ്ഥാപിക്കുന്നതിലെ അവ്യക്തത തുടരുന്നതായി എ.കെ.എം. അഷ്റഫ് എം.എൽ.എ പറഞ്ഞു.
സ്കൂളുകളിലെ മൂത്രപ്പുരകളുടെ ശുചിത്വമില്ലായ്മക്ക് പരിഹാരം കാണണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ജില്ലയിൽ 28 പഞ്ചായത്തുകളിലുള്ള 128 സ്കൂളുകളിൽ 54 ടോയ് ലറ്റുകളിൽ വൃത്തിഹീനമായ സാഹചര്യം ഉണ്ട്. പുതിയ നിർമിച്ച കെട്ടിടങ്ങളിലെ ടോയ് ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് പി.ടി.എ സമിതികൾ പ്രവർത്തിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.
ഡിജിറ്റൽ ഭൂ സർവേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാസർകോട് എം.പിയുടെ പ്രതിനിധി സാജിദ് മവ്വൽ പറഞ്ഞു. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ എസ്. മായ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.