കാസർകോട്: മദ്യം വാങ്ങിയതിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ തിരുവനന്തപുരം സ്വദേശിയെ കഴുത്തുഞെരിച്ചു കൊന്ന കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശിയും സന്തോഷ് നഗറിലെ കെട്ടിടത്തിൽ താമസക്കാരനുമായ മേസ്ത്രി എന്ന വിജയൻ മേസ്ത്രിയെ (63) കൊലപ്പെടുത്തിയ കേസിൽ ചെങ്കള സന്തോഷ് നഗറിലെ വാടകക്കെട്ടിടത്തിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മുരുഗനെയാണ് (48) ജില്ല അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക കഠിനതടവ് അനുഭവിക്കണം.
ഇരുവരും ചേർന്ന് മദ്യം വാങ്ങിയശേഷം പണം ആവശ്യപ്പെട്ടുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വിജയൻ മേസ്ത്രിയെ തല ചുവരിനിടിപ്പിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 നവംബർ 15ന് വൈകീട്ട് ആറിനാണ് സംഭവം. കൊല്ലപ്പെട്ട വിജയൻ മേസ്ത്രിയുടെ മുറിയിലുണ്ടായിരുന്ന ഇബ്രാഹിം കരീമിന്റെ മൊഴിയും വിജയന്റെ മുറിയിൽനിന്ന് കണ്ടെടുത്ത വസ്തുക്കളിൽ കണ്ട പ്രതിയുടെ രക്തവും വിരലടയാളവും സി.സി.ടി.വി ദൃശ്യങ്ങളും കേസിൽ പ്രധാന തെളിവുകളായി. 34 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകളും 14 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ എം.വി. വിഷ്ണുപ്രസാദും വി.വി. മനോജുമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ ഇ. ലോഹിതാക്ഷൻ, അഡ്വ. അതിര ബാലൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.