കാസർകോട്: നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് ആസ്റ്റർ മിംസ്. ആയിരം കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. വൃക്ക ദാനം ചെയ്തവർക്കും അത് സ്വീകരിച്ചവർക്കും വേണ്ടി കാസർകോട് നടത്തിയ സംഗമത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ‘ജീവനം 2023’ പദ്ധതിയുടെ ജില്ലതല പ്രഖ്യാപനം നിർവഹിച്ചത്.
ഗുരുതര രോഗങ്ങൾ ബാധിച്ച നിരവധിയാളുകൾ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ടി ദിനം പ്രതി സഹായഭ്യർഥന നടത്തുന്നുണ്ട്. ലക്ഷങ്ങൾ വില വരുന്ന ഈ സർജറികൾ അവർക്ക് താങ്ങാനാവുന്നതല്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ വേണ്ടി കുറഞ്ഞ നിരക്കിലും സൗജന്യമായും ചികിത്സ ലഭ്യമാക്കാനുള്ള ആസ്റ്റർ മിംസിന്റെ ശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
കൃത്യസമയത്ത് നടത്തുന്ന അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ രോഗികളുടെ ജീവിതത്തിലും അവരുടെ കുടുംബങ്ങളിലും കൊണ്ടുവരുന്ന ശുഭകരമായ മാറ്റങ്ങൾ വലിയ സന്തോഷമുണ്ടാക്കുന്നതാണെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള -തമിഴ്നാട് റീജനൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. അതിന്റെ തുടർച്ചയാണ് ആസ്റ്റർ മിംസ് ആഗ്രഹിക്കുന്നതെന്നും ‘ജീവനം 2023’, ‘പുണ്യം’ എന്നീ പദ്ധതികൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗമത്തിൽ അവയവങ്ങൾ ദാനം ചെയ്തവരും സ്വീകരിച്ചവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും വൃക്കദാതാക്കൾക്കും സ്വീകർത്താക്കൾക്കും വേണ്ടി ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതിനാണ് ആസ്റ്റർ ഗ്രൂപ് ലക്ഷ്യമാക്കുന്നത്. ആസ്റ്റർ മിംസ് കോഴിക്കോട് സി.ഒ ഒ. ലുക്മാന് പൊന്മാടത്ത്, ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫൽ ബഷീർ, നെഫ്രോളജി വിഭാഗം തലവൻ ഡോ. സജിത്ത് നാരായണൻ, ട്രാൻസപ്ലാന്റ് കോഓഡിനേറ്റർ ആൻഫി, വൃക്ക ദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബാംഗങ്ങൾ എന്നിവരും സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.