മൊഗ്രാൽ: ദേശീയപാതക്കരികിലെ തെങ്ങുകൾ കൂട്ടത്തോടെ തലയറ്റുപോകുന്നതിൽ കർഷകർ ആശങ്കയിൽ. പഴയകാലത്തെ കൃഷിരീതികളും കൃഷികളുമൊക്കെ അന്യംനിന്നുപോകുമ്പോൾ ആകെയുള്ള നാളികേരമെങ്കിലും സംരക്ഷിക്കാനാവാത്ത അവസ്ഥയിലാണ് മൊഗ്രാൽപുത്തൂരിലെ കേരകർഷകർ.
കൂമ്പുചീയലും മണ്ഡരിയുമൊക്കെ വഴിമാറി തെങ്ങുകളുടെ തലതന്നെ ഉണങ്ങി അറ്റുപോകുന്ന രോഗം എന്തെന്നറിയാതെ വിഷമത്തിലാണിവർ.
മൊഗ്രാൽ പുത്തൂരിൽ ദേശീയപാതക്കരികിൽ പുഴയോരത്തുള്ള നിരവധി തെങ്ങുകളുടെ തലതന്നെ അറ്റുപോയിട്ടുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലുണ്ടായ കടുത്ത വേനൽച്ചൂടിനെ തുടർന്നാണ് നശിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പുഴയോരത്തുള്ള തെങ്ങുകൾ അങ്ങനെ നശിക്കാൻ സാധ്യതയില്ലെന്ന് കർഷകരും പറയുന്നു.
നേരത്തെ മൊഗ്രാൽ പടിഞ്ഞാർ ഭാഗത്ത് തെങ്ങോല പഴുത്ത് നശിച്ച് തെങ്ങുകൾക്ക് രോഗബാധയുള്ളതായി കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. നാളികേരം വിറ്റ് ഉപജീവനമാർഗം കണ്ടെത്തുന്ന കർഷകർ മൊഗ്രാലിലും പുത്തൂരിലും ഏറെയാണ്. മറ്റു കൃഷിരീതികളൊക്കെ ചെലവേറിയതിനാൽ മുതൽമുടക്ക് കിട്ടാത്ത അവസ്ഥയുള്ളതിനാൽ തെങ്ങുകളെ നല്ലരീതിയിൽ സംരക്ഷിച്ചുപോന്നിരുന്ന കേരകർഷകരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. ബദിയടുക്ക, എൻമകജെ, പുത്തിഗെ, കുമ്പള തുടങ്ങിയ ഭാഗങ്ങളിലും സമാനമായ രോഗബാധ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തെങ്ങോല പുഴുക്കളുടെ ആക്രമണം തെങ്ങുകൾ ഇങ്ങനെ നശിക്കാൻ കാരണമല്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുമുണ്ട്. ഇത്തരത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന തലയറ്റുപോകുന്ന രോഗവിവരത്തെക്കുറിച്ച് സമഗ്രപഠനവും പരിഹാര നിർദേശവും വേണമെന്നാണ് കേരകർഷകർ ആവശ്യപ്പെടുന്നത്. ഇതിന് സി.പി.സി.ആർ.ഐ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ സഹായം തേടണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.