കാസർകോട്: ജില്ലയിൽ ഡീസൽ ക്ഷാമം കാരണം കെ.എസ്.ആർ.ടി.സി ബസുകൾ തുടർച്ചയായി റദ്ദാക്കിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടം. 12ലക്ഷം വരെ പ്രതിദിന വരുമാനം ലഭിച്ച കാസർകോട് ഡിപ്പോയിൽ ഇപ്പോൾ ലഭിക്കുന്നത് എട്ടുലക്ഷമാണ്. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ പടുകുഴിയിലേക്ക് തള്ളിവിടുന്നതാണ് സർക്കാർ നിലപാട്. കാസർകോട് ഡിപ്പോയിൽ നിന്ന് 66 സർവിസുകളാണ് നിലവിലുള്ളത്. ഇതിൽ 23 സർവിസുകൾ റദ്ദാക്കി.
മംഗളൂരു, സുള്ള്യ, പുത്തൂർ തുടങ്ങി അന്തർ സംസ്ഥാന സർവിസുകളാണ് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകിയിരുന്നത്. ഡീസൽ ക്ഷാമത്തിന്റെ പേരിൽ മിക്ക ട്രിപ്പുകളും റദ്ദാക്കിയതിലൂടെ നഷ്ടം കൂപ്പുകുത്തിയിരിക്കുകയാണ്. അന്തർ സംസ്ഥാന സർവിസുകൾക്കുപുറമെ കണ്ണൂർ ടൗൺ ടു ടൗൺ സർവിസുകളും വെട്ടിച്ചുരുക്കിയതോടെ യാത്രക്കാരും പെരുവഴിയിലായി. ഇപ്പോൾ ദീർഘദൂര യാത്രക്കാർ കൂടുതലായും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. യഥാസമയം ബസില്ലാത്തതിനാൽ യാത്രക്കാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്താത്ത സ്ഥിതിയുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. കാസർകോട്-കാഞ്ഞങ്ങാട് ദേശസാത്കൃത റൂട്ടിലാണ് സർവിസ് മുടക്കം സാരമായി ബാധിച്ചത്. കറന്തക്കാട് പമ്പിൽനിന്നാണ് കെ.എസ്.ആർ.ടി.സിക്ക് ഡീസൽ അടിച്ചിരുന്നത്. അരക്കോടിയുടെ കുടിശ്ശികയുള്ളതിനാൽ ഈ പമ്പിൽനിന്ന് ഇപ്പോൾ ഇന്ധനം ലഭിക്കുന്നില്ല. മറ്റ് പമ്പുകളിൽനിന്ന് അടിക്കാൻ സൗകര്യവും ചെയ്തുനൽകിയില്ല. അതിനിടെ, കലക്ഷൻ തുകയിൽനിന്ന് ഇന്ധമടിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കിലോമീറ്റർ യാത്രയിൽ 35രൂപയെങ്കിലും വരുമാനം ലഭിക്കുന്ന ബസുകൾക്ക് മാത്രമാണ് ഇങ്ങനെ ടിക്കറ്റ് തുകയെടുത്ത് എണ്ണയടിക്കാൻ അനുമതി. അതില്ലാത്ത ബസുകൾ ഓടേണ്ടതില്ലെന്നുമാണ് നിർദേശം. ഡീസൽ പ്രതിസന്ധി കാരണം ഞായറാഴ്ച സർവിസ് പൂർണമായി നിർത്തിവെക്കാനും സാധ്യതയുണ്ട്.
കാഞ്ഞങ്ങാട് ഡിപ്പോക്ക് 70 ലക്ഷത്തിന്റെ കടം
കാഞ്ഞങ്ങാട്: ഡീസൽ അടിച്ച വകയിൽ കാഞ്ഞങ്ങാട് ഡിപ്പോക്ക് 70 ലക്ഷത്തിന്റെ കടക്കെണി. കഴിഞ്ഞ ഒരാഴ്ചക്കിടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ വ്യക്തിയുടെ പമ്പിൽനിന്ന് ഡീസലടിച്ച വകയിലാണ് ഇത്രയും കടം. കുടിശ്ശിക വർധിച്ചതോടെ സ്വകാര്യ പമ്പുടമ കെ.എസ്.ആര്.ടി.സിക്ക് ഡീസൽ നൽകുന്നത് നിർത്തി. ഞായറാഴ്ച കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്നുള്ള 43 ബസുകളും സർവിസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് എത്തുന്ന ബസുകൾ തിങ്കളാഴ്ചവരെ അവിടെ നിർത്തിയിടാനാണ് നിർദേശം. കുറച്ചെങ്കിലും പണം പമ്പിൽ നൽകി ചൊവ്വാഴ്ച മുതൽ സർവിസ് പഴയപടി തുടരാനുള്ള ശ്രമത്തിലാണ് ഡിപ്പോ അധികൃതർ. നാലായിരം ലീറ്റര്‍ ഡീസല്‍ ആവശ്യമുള്ള കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് ചൊവ്വാഴ്ച ലഭിച്ചത് ആകെ 2000 ലിറ്റര്‍ ഡീസല്‍ മാത്രമാണ്. ബംഗളൂരു എക്സ്പ്രസ്, കോട്ടയം മിന്നല്‍, കോട്ടയം സൂപ്പര്‍ഫാസ്റ്റ്, സുള്ള്യ, പുത്തൂര്‍, കോഴിക്കോട് ഫാസ്റ്റ് തുടങ്ങിയ സർവിസുകള്‍ മുടങ്ങി. സുള്ള്യയിലേക്ക് ഉച്ചകഴിഞ്ഞുള്ള സര്‍വിസ് നടത്താതിരുന്നത് യാത്രക്കാരെ വലച്ചു. 43 ബസുകളിൽ ശനിയാഴ്ച 15 സ്റ്റേ ബസുകൾ ഉൾപ്പെടെ 23 ബസുകൾ മാത്രം ഓടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.