കാസർകോട്: അക്ഷരലോകത്തേക്ക് ചുവടുറപ്പിക്കുന്ന കുരുന്നുകളെ ലഹരിക്കയങ്ങളില്നിന്ന് കരുതലിന്റെ പാതയിലേക്ക് നയിക്കാന്‍ എക്സൈസ് വിമുക്തി മിഷന്. പ്രൈമറി സ്കൂളിലെ വിദ്യാർഥികള്‍ക്കായി തുടങ്ങിയ ബാല്യം അമൂല്യം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
മയക്കുമരുന്നുകളുടെ ഉപയോഗം ഉള്‍പ്പെടെ പല അനാരോഗ്യ പ്രവണതകളും കുട്ടികളില്‍ പ്രകടമാകുന്നത് 10വയസ്സോടെയാണെന്ന വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൈമറി സ്കൂളുകളെ പദ്ധതിയുടെ ഭാഗമാക്കിയത്. കുട്ടികളുടെ ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ വികസനത്തിന്റെ നാളുകളില്‍ സര്‍ഗാത്മകതയും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ജില്ലയില്‍ 10 സ്കൂളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക, ഫലപ്രദമായ ആശയ വിനിമയത്തിന് പ്രാപ്തരാക്കുക, കുട്ടികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുക, സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ പകര്‍ന്ന് നല്‍കുക, സര്‍ഗാത്മക ചിന്താശേഷി വളര്‍ത്തുക തുടങ്ങി വിവിധ വിഷയങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ കുട്ടികള്‍ക്കായി ഒരുക്കുന്നത്.
ബാല്യം അമൂല്യം പദ്ധതിയിലൂടെ ഓരോ സ്കൂളിലും മഞ്ചാടി ക്ലബുകള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന മഞ്ചാടി ക്ലബിലൂടെ കുട്ടികളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള പരിപാടികളും നടത്തും. രക്ഷിതാക്കള്‍ക്ക് മാത്രമായി പ്രത്യേകം ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
സ്കൂള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗം തടയാന്‍ ഇ-ജാഗ്രത എന്ന പേരില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കും മഞ്ചാടി ക്ലബുകള്‍ നേതൃത്വം നല്‍കുന്നുണ്ട്.
ജില്ലയില്‍ ജി.യു.പി.എസ് തെക്കില്‍പറമ്പ, എസ്.എ.ബി.എം.ജി യു.പി സ്കൂള്‍ വിദ്യാഗിരി, ജി.ഡബ്ല്യൂ.എല്‍.പി സ്കൂള്‍ കുമ്പള, ജി.ബി.എല്‍.പി.എസ് ഹേരൂര്‍, ജി.യു.പി.എസ് കോട്ടിക്കുളം, ജി.എം.യു.പി.എസ് പള്ളിക്കര, ജി.യു.പി.എസ് പിലിക്കോട്, ജി.എല്‍.പി.എസ് പേരോല്‍, എ.യു.പി.എസ് കുറ്റിക്കോല്‍, ജി.യു.പി.എസ് തെക്കില്‍ എന്നീ സ്കൂളുകളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സ്കൂളുകളില്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് എക്സൈസ് വിമുക്തി മിഷന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.