ദിൽജിത്തിനും നന്ദഗോപനും നാടിന്റെ യാത്രാമൊഴി

കാഞ്ഞങ്ങാട്: കുളത്തിന്റെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞ കുട്ടികളെ അവസാനമായി ഒരുനോക്കുകാണാൻ തോരാമഴയിലും നൂറുകണക്കിന് പേരാണ് ചെർക്കാപാറയിൽ തടിച്ചുകൂടിയത്. ഉച്ചവരെ കളിച്ചും ചിരിച്ചും തങ്ങളോടൊപ്പമുണ്ടായിരുന്ന രണ്ടു പേരെയാണ് പള്ളിക്കര പഞ്ചായത്ത് കുളം കവർന്നെടുത്തത്. പ്രവാസിയായ കെ. രവീന്ദ്രനാഥ് -ഷീബ ദമ്പതികളുടെ മകൻ അമ്പാടി എന്ന നന്ദഗോപൻ (15), മഞ്ഞങ്ങാട്ടെ ദിനേശൻ - രേഷ്മ ദമ്പതികളുടെ ഏക മകൻ ദിൽജിത്ത് (14) എന്നിവരാണ് ബുധനാഴ്ച വൈകീട്ട് കുളത്തിൽ മരിച്ചത്.

നാടിന്റെ പ്രാർഥന വിഫലമാക്കി ദിൽജിത്തും നന്ദഗോപനും നിത്യതയിലേക്ക് യാത്രയായത് ഉൾക്കൊള്ളാനാവാതെ വിതുമ്പുകയാണ് ചെർക്കാപ്പാറ ഗ്രാമത്തിലെ ഓരോ മനുഷ്യരും. അത്രമേൽ പ്രിയപ്പെട്ടവരായിരുന്നു ദിൽജിത്തും നന്ദ ഗോപനും അവർക്ക്. പഠനത്തിലെന്നപോലെ ഫുട്ബാളിലും മികവു കാട്ടിയവരായിരുന്നു ഇരുവരും. വീടിനടുത്ത തരംഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പിലും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുവരെ ഇവർ സജീവമായിരുന്നു. പുലർച്ച അഞ്ചിനു തുടങ്ങുന്ന ക്യാമ്പിൽ കൃത്യസമയത്ത് എത്താനും ഇരുവരും ഉത്സാഹം കാണിച്ചിരുന്നതായി ക്ലബ് പ്രവർത്തകർ വിതുമ്പലോടെ പറഞ്ഞു. കോവിഡിനെത്തുടർന്ന് രണ്ടു വർഷമായി അടച്ചിട്ടിരുന്ന കുളം അടുത്ത നാളിലാണ് തുറന്നത്. നന്നായി നീന്തലറിയാവുന്ന കുട്ടികൾ മുങ്ങിമരിച്ചുവെന്നത് നാട്ടുകാർക്കും വിശ്വസിക്കാനാകുന്നില്ല. സ്ഥിരമായി കുളത്തിൽ കുളിക്കാനെത്തുന്നവരാണ് ഇവർ. മഴയിൽ ഒഴുകിയെത്തിയ വെള്ളവും കുളത്തിൽ നിറയുന്നതിനാൽ ചളി അടിഞ്ഞിട്ടുണ്ടാകാമെന്നും കാൽ ചളിയിൽ പൂണ്ടതാകാം അപകടത്തിനു കാരണമായതെന്നുമാണ് പൊലീസും അഗ്നിരക്ഷസേനയും പറയുന്നത്.

കുട്ടികളുടെ മൃതദേഹം സ്കൂളിലും പാർട്ടി ഓഫിസുകളിലും പൊതുദർശനത്തിന് വെച്ചു. ക്രൈസ്റ്റ് സ്കൂളിലെ പത്താംതരം വിദ്യാർഥിയാണ് നന്ദഗോപൻ. ദിൽജിത്ത് പെരിയ ഗവ. ഹൈസ്കൂൾ ഒമ്പതാംതരം വിദ്യാർഥിയാണ്.

Tags:    
News Summary - Farewell to Diljith and Nandagopan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.