നീലേശ്വരം: ജില്ലയിൽ മഴ ശക്തമായതോടെ വ്യാപക നാശം. നിരവധി വീടുകൾ തകരുകയും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പലയിടങ്ങളിൽ മരം കടപുഴകി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടാണ് തകർന്നത്. ഭാര്യ കെ.വി. തമ്പായിക്ക് (62) പരിക്കേറ്റു. പ്രാണരക്ഷാർഥം പുറത്തേക്ക് ഓടുമ്പോഴാണ് വീണ് പരിക്കേറ്റത്. ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. തെങ്ങുകയറ്റ തൊഴിലാളിയായ രാഘവനും ഭാര്യയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. തമ്പായി അസുഖബാധിതയാണ്. ഇ.എം.എസ് ഭവനപദ്ധതിയിൽ ലഭിച്ച വീടായിരുന്നു ഇത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നീലേശ്വരം വട്ടപ്പൊയിൽ-പള്ളിക്കര റോഡിൽ വൻമരം പൊട്ടിവീണു. നാട്ടുകാർ മരം വെട്ടിമാറ്റി ഗതാഗതതടസ്സം നീക്കി.
നീലേശ്വരം ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ വീട് പൂർണമായും തകർന്നു. തെങ്ങ്, കവുങ്ങ്, മാവ് എന്നിവ പൊട്ടിവീണ് വീടിന്റെ മുകൾഭാഗം തകർന്നു. ലക്ഷം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു. നീലേശ്വരം വില്ലേജ് ഓഫിസർ കെ.വി. ബിജു, കൗൺസിലർ പി. കുഞ്ഞിരാമൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കാഞ്ഞങ്ങാട്: ശക്തമായ മഴയിലും കാറ്റിലും ചിത്താരി വേലാശ്വരത്ത് മരം പൊട്ടിവീണ് വീടിന് നാശം. വേലാശ്വരം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വാണിയംവീട്ടിൽ കുഞ്ഞിരാമന്റെ വീടിനുമേൽ പ്ലാവ് പൊട്ടിവീഴുകയായിരുന്നു. വീട് ഭാഗികമായി തകർന്നു. രാത്രി ഉറങ്ങുമ്പോഴാണ് മരം വീടിനുമേൽ പതിച്ചത്. മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ശബ്ദംകേട്ട് ഉണർന്നു നോക്കിയപ്പോഴാണ് വീടിനുമുകളിൽ മരംപതിച്ചത് കണ്ടതെന്ന് കുഞ്ഞിരാമൻ പറഞ്ഞു. ഭാര്യയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അജാനൂർ പഞ്ചായത്തധികൃതരും ചിത്താരി വില്ലേജ് അധികൃതരും സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പടന്ന: തിങ്കളാഴ്ച ഉച്ചക്ക് ശേഷമുണ്ടായ കനത്ത കാറ്റിലും മഴയിലും വീട് തകർന്നു. ഓരിയിലെ ടി.വി. മധുവിന്റെ ഓടുമേഞ്ഞ വീടാണ് തകർന്നത്. മധുവിന്റെ ഭാര്യയും മകളും വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മഴപെയ്താൽ പുഴയാകും സർവിസ് റോഡുകൾ!
മൊഗ്രാൽ: ജില്ലയിലെ ദേശീയപാതയിലെ സർവിസ് റോഡുകളൊക്കെ ഒരു മഴ പെയ്യുമ്പോഴേക്ക് പുഴയായി മാറുന്ന കാഴ്ചയാണ്. തീവ്രമഴയുടെ സാഹചര്യത്തിൽ ജില്ലയിലെ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു. അശാസ്ത്രീയമായി നിർമിക്കുന്ന സംവിധാനത്തിന് ഈ മഴയെ തടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.
മൊഗ്രാൽപുത്തൂരിലെ വെള്ളക്കെട്ട് മണിക്കൂറോളം ഗതാഗതസ്തംഭനത്തിന് വഴിവെച്ചു. രണ്ടാഴ്ചമുമ്പുതന്നെ, വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ഗതാഗതം പുതിയ റോഡിലേക്ക് തിരിച്ചുവിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അധികൃതർ ഇത് ചെവിക്കൊള്ളാത്തതിനാലാണ് ഞായറാഴ്ച രാത്രി വൈകുവോളം ഗതാഗതം തടസ്സപ്പെടാൻ ഇടയാക്കിയത്. മൊഗ്രാൽ ദേശീയപാതയിൽ സർവിസ് റോഡിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. ജില്ലയിലെങ്ങും സർവിസ് റോഡുകളിൽ മുട്ടോളം വെള്ളക്കെട്ടാണ്.
അശാസ്ത്രീയമായി നിർമിച്ച ഓവുചാലുകൾ മഴവെള്ളപ്പാച്ചിലിൽ നോക്കുകുത്തിയായി. പലയിടത്തും ഓവുചാലുകളുടെ പണി പാതിവഴിയിലുപേക്ഷിച്ചത് ദുരിതത്തിന് കാരണമായി. സർവിസ് റോഡിനരികിലെ നടപ്പാതനിർമാണവും എങ്ങുമെത്തിയിട്ടില്ല. ഇതുമൂലം സർവിസ് റോഡുകളിലൂടെ നടക്കേണ്ടിവരുന്ന കാൽനടക്കാരും വിദ്യാർഥികളും വലിയ ഭീഷണിയാണ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.