കനത്ത മഴ; കുപ്പത്തോട് വീട് തകർന്നു, വോർക്കാടിയിൽ ഇരുനില കെട്ടിടം തകർന്നു

കാസർകോട്: ജില്ലയിൽ ഞായറാഴ്ചയും രാവിലെ മുതൽ തോരാത്ത മഴ. വോർക്കാടിയിൽ ഇരുനില കെട്ടിടം തകർന്നു. അപകടനില നേരത്തേ റിപ്പോർട്ട് ചെയ്തതിനാൽ കെട്ടിടത്തിലുള്ളവരെ രണ്ടുദിവസം മുമ്പ് ഒഴിപ്പിച്ചിരുന്നു. വോർക്കാടി പഞ്ചായത്തിലെ മജീർപള്ള ടൗണിൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.

15 വർഷം പഴക്കമുള്ള ഇരുനില കെട്ടിടമാണിത്. കെട്ടിടത്തിന്റെ തൂണുകൾക്ക് ഒരുമാസം മുമ്പ് വിള്ളൽ ശ്രദ്ധയിൽപെട്ടതിനാൽ കെട്ടിടം ഒഴിയാൻ ഉടമക്കും കെട്ടിടത്തിലെ വ്യാപാരികൾക്കും പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരമാണ് രണ്ട് ദിവസം മുമ്പ് വ്യാപാരികൾ കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞത്. വലിയ ശക്തിയില്ലെങ്കിലും നിർത്താതെപെയ്യുന്ന മഴ വെള്ളപ്പൊക്കഭീതിയുയർത്തുകയാണ്.

താഴ്ന്നപ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങുന്നില്ല. ജില്ലയിൽ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ ശക്തമായ മഴയാണ് ഞായറാഴ്ചയുണ്ടായത്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ മഴ കുറഞ്ഞു. കടലാക്രമണഭീഷണി കുറഞ്ഞസാഹചര്യത്തിൽ കോട്ടിക്കുളം വില്ലേജ് തൃക്കണ്ണാട് കടപ്പുറത്തെ രണ്ട് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.

പനയാൽ വില്ലേജിലെ കുപ്പത്തോട് കുമാരന്റെ ഭാര്യ പത്മാവതിയുടെ വീട് പൂർണമായി തകർന്നു. ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായും തഹസിൽദാർ അറിയിച്ചു.

കലക്ടർ ക്യാമ്പ് സന്ദർശിച്ചു

വെള്ളരിക്കുണ്ട്: മരുതോം ചുള്ളി എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു. ക്യാമ്പിലെത്തിയ കലക്ടർ അന്തേവാസികളെ കണ്ട് സ്ഥിതിവിവരങ്ങൾ വിലയിരുത്തി. മലയിടിച്ചിലിനെ തുടർന്ന് മലയോര ഹൈവേയിൽ തകർന്ന റോഡും കലക്ടർ സന്ദർശിച്ചു.

റോഡിന്റെ അറ്റകുറ്റപണി തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്ന് കലക്ടർ പറഞ്ഞു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, ബളാൽ വില്ലേജ് ഓഫിസർ പി.എസ്. സുജിത് എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - heavy rain; A house collapsed at Kumpath, and a two-storey building collapsed at Vorkadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.