കാസർകോട്: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും കാലവർഷവും ശക്തിപ്രാപിച്ചതോടെ കെടുതികളും നഷ്ടവും കൂടുന്നു. അങ്ങിങ്ങ് നിരവധിയായ കെടുതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റോഡും വീടും വെള്ളത്തിലായതും മരം മുറിഞ്ഞുവീണ് വൈദ്യുതിത്തൂൺ തകർന്നതും അംഗൻവാടിയുടെ മതിലിടിഞ്ഞതും വീട് അപകടാവസ്ഥയിലായതും ജില്ലയിലെ മഴക്കെടുതിയിൽ പ്രധാനമായി. ചുഴലിക്കാറ്റും ഭീതിപരത്തി വന്നത് ജനങ്ങളിൽ ആശങ്കസൃഷ്ടിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നീലേശ്വരം: തേജസ്വിനി പുഴ കരകവിഞ്ഞതോടെ നീലേശ്വരം, കരിന്തളം, മടിക്കൈ തുടങ്ങിയ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണിയിൽ. പുഴ കവിഞ്ഞതോടെ പുഴയോടുചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് കടുത്തഭീഷണി നേരിടുന്നത്. അത്തരം കുടുംബങ്ങൾക്ക് റവന്യൂ, പഞ്ചായത്തധികൃതർ ജാഗ്രതനിർദേശങ്ങൾ നൽകിയിട്ടുണ്ട്. വേണ്ടിവന്നാൽ കുടുംബങ്ങളെ ദുരിതാശ്വാസകേന്ദ്രങ്ങളിൽ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പാറക്കോൽ, കിനാനൂർ, അണ്ടോൾ പ്രദേശങ്ങളിൽ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ഏതുനിമിഷവും വീട്ടിലേക്ക് വെള്ളം കയറുമോ എന്ന ആശങ്കയിൽ കഴിയുന്നത്. നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, കാര്യങ്കോട്, പൊടോതുരുത്തി, ഓർച്ച, ആനച്ചാൽ, പുറത്തെക്കൈ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. കാറ്റും മഴയും കനത്തതോടെ വൻ നാശം സംഭവിച്ചു. തേജസ്വിനി പുഴ കവിഞ്ഞതിനാൽ കരിന്തളം പാറക്കോൽ പാടശേഖരം വെള്ളത്തിനടിയിലായി. കോടോം-ബേളൂർ പഞ്ചായത്തിലെ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ തകർന്നു. കുട്ടികളെല്ലാം അകത്തായതിനാൽ ദുരന്തം വഴിമാറി. മതിലിന് സമീപത്ത് സ്വന്തംപറമ്പിൽ പണിയെടുക്കുകയായിരുന്ന സുരേഷ് ബാബുവും അത്ഭുതകരമായി രക്ഷപ്പെട്ടു.
നീലേശ്വരം കോട്ടപ്പുറം മഖാം റോഡിൽ കൂറ്റൻ മാവ് കടപുഴകി വൈദ്യുതിത്തൂൺ തകർന്നു. രണ്ടു തൂണുകളാണ് തകർന്നത്. ഇതോടെ, വൈദ്യുതിയും മുടങ്ങി. ആളുകൾ നടന്നുപോകുന്ന വഴിയിൽ വീണെങ്കിലും അപകടമൊഴിവായി. നീലേശ്വരത്തെ കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിച്ച ഷീറ്റുകൾ കാറ്റിന് പറന്നുപോയെങ്കിലും അപകടം സംഭവിച്ചില്ല.
കാഞ്ഞങ്ങാട്: മണ്ണും കെട്ടും ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി. കൊട്ടോടിയിലെ അഷറഫിന്റെ വീടാണ് അപകടാവസ്ഥയിലുള്ളത്. അടുക്കളഭാഗത്തെ സ്റ്റെപ്പിനടിയിൽവരെ മണ്ണ് ഇടിഞ്ഞ നിലയിലാണ്. വ്യാഴാഴ്ചത്തെ ശക്തമായ മഴയത്താണ് ഇടിഞ്ഞത്. രണ്ടാൾ ഉയരത്തിലുള്ള മതിലിടിഞ്ഞ് വീടിന്റെ തറവരെ എത്തുകയായിരുന്നു.
കഴിഞ്ഞവർഷം ഇടിഞ്ഞ മതിൽ പുതുക്കിക്കെട്ടിയതാണ്. വെള്ളരിക്കുണ്ട് തഹസിൽദാരടക്കം റവന്യൂവിഭാഗം കഴിഞ്ഞ വർഷം സ്ഥലത്തെത്തി മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളുമെത്തി. കള്ളാർ പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി നാശം വിലയിരുത്തിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. റവന്യൂവിഭാഗവും പഞ്ചായത്തും കൈമലർത്തുകയായിരുന്നു. ഇതേത്തുടർന്ന് സ്വന്തംനിലക്ക് കെട്ടിയതാണ് അതിശക്തമായ മഴയിൽ വീണ്ടും തകർന്നത്. രണ്ടുവർഷം മാത്രം പഴക്കമുള്ള വീടാണ്. വീട് ഉൾപ്പെടെ അപകടത്തിലാകുമ്പോഴും ഓടിയെത്തി ഉദ്യോഗസ്ഥർ മാറിത്താമസിക്കാൻ പറയുന്നതല്ലാതെ നഷ്ടപരിഹാരമടക്കം നൽകാൻ കൂട്ടാക്കുന്നില്ല. വീട് പൂർണമായും പൊളിഞ്ഞുവീണാൽ മാത്രം നഷ്ടപരിഹാരം നൽകുമെന്നാണ് പറയുന്നത്.
നീലേശ്വരം: മഴക്കാലമായാൽ ദുരിതത്തിലാകുന്ന ഒരു നാടുണ്ട് നീലേശ്വരത്ത്. നഗരസഭയിലെ 22ാം വാർഡിലുള്ളവരാണ് ഇവർ. മഖാം-കൊയാമ്പുറം പാലന്തായി റോഡ് വെള്ളത്തിനടിയിലായാൽ തുടങ്ങും ഇവരുടെ ദുരിതം. ഈ റോഡിന് സമീപം താമസിക്കുന്നവരാണ് റോഡിലും വീട്ടിലും വെള്ളം കയറി ദുരിതമനുഭവിക്കുന്നത്. ഇവിടത്തെ അമ്പതോളം കുടുംബങ്ങൾ ഇപ്പോൾ ഒറ്റപ്പെട്ടനിലയിലാണ്. റോഡ് നിർമിക്കുമ്പോൾതന്നെ ഓവുചാൽ നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുകിപ്പോകാൻ ഒരുവഴിയുമില്ല. റോഡും വീടും വെള്ളത്തിലായതോടെ പുറത്തിറങ്ങാൻ കഴിയാത്തവിധം ഒറ്റപ്പെട്ടനിലയിലാണ്. മാത്രമല്ല, മഴ മാറിയാൽപോലും ഈ വെള്ളക്കെട്ട് അതേപോലെ ഉണ്ടാകും. വിദ്യാർഥികളാണ് കൂടുതൽ ദുരിതംപേറുന്നത്. 500 മീറ്റർ റോഡിൽ 150 മീറ്റർ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശമായതുകൊണ്ടും ഓവുചാൽ നിർമിക്കാത്തതുകൊണ്ടും വെള്ളം ഒഴുകിപ്പോകുന്നില്ല. പകർച്ചവ്യാധികൾ പിടികൂടുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നഗരസഭ ആസ്തി വികസനത്തിൽപെട്ടാൽ മാത്രമേ ഓവുചാൽ നിർമിക്കാൻ ഫണ്ട് ലഭിക്കുകയുള്ളൂ. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ വികസനത്തിനായി ഒരു എം.എൽ.എ ഫണ്ടുപോലും ലഭിച്ചില്ലെന്ന് വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറം പറഞ്ഞു. ഫണ്ട് അനുവദിച്ചുതരാൻ നീലേശ്വരം നഗരസഭ, എം. രാജഗോപാലൻ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയും ഉണ്ടായില്ലെന്ന് കൗൺസിലർ റഫീക്ക് കോട്ടപ്പുറം പറഞ്ഞു.
ചെറുവത്തൂർ: കനത്തമഴയെത്തുടർന്ന് ചെറുവത്തൂരിന്റെ പടിഞ്ഞാറൻപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കാരി, ഓരി, തുരുത്തി, പതിക്കാൽ, അച്ചാംതുരുത്തി, കിഴക്കേമുറി, കുറ്റിവയൽ, കുണ്ടുപടന്ന, വെങ്ങാട്ട്, മയിച്ച എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇതിൽ കാര്യങ്കോട് പാലത്തിന് സമീപമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
തേജസ്വിനി കവിഞ്ഞതാണ് കയ്യൂർ, വെള്ളാട്ട്, കൂക്കോട്ട് ഭാഗങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണം. അശാസ്ത്രീയമായി നിർമിച്ച റോഡുകളും വെള്ളം ഒഴുകാത്ത ഓവുചാലുകളും റോഡുകളിൽപോലും വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കി. വിദ്യാലയങ്ങളിൽനിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുപോകാൻ സ്കൂൾ വാഹനങ്ങളും ഏറെ പണിപ്പെട്ടു. ജില്ല അതിർത്തിയായ കാലിക്കടവ് ടൗൺ രാവിലെതന്നെ വെള്ളത്തിനടിയിലായി. ഇതിനെ തുടർന്ന് കടകൾ തുറക്കാൻവന്ന ഉടമകൾ തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.