കാസര്‍കോട്: ജില്ലയില്‍ കാറ്റും മഴയും കാരണം നാശം തുടരുന്നു. നിരവധി സ്ഥലങ്ങളിൽ വീടുകള്‍ തകര്‍ന്നു. മലയോരം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായി. വൈദ്യുതി ലൈനുകള്‍ പൊട്ടി പല പ്രദേശങ്ങളും ഇരുട്ടിലാണ്. കുമ്പളയില്‍ കാറ്റില്‍ വീടിന്റെ ഓടുകള്‍ പറന്നുപോയി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഞ്ചേശ്വരത്ത് അക്കേഷ്യ മരങ്ങള്‍ വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടു. ഇവിടെ കടലാക്രമണവും രൂക്ഷമായി. 30 മീറ്ററോളമാണ് കടല്‍ കരയിലേക്ക് കയറിയത്. ബേള- കിളിങ്കാര്‍ റോഡില്‍ മരം പൊട്ടിവീണ് ഗതാഗത തടസ്സമുണ്ടായി. മൊഗ്രാല്‍ പുത്തൂരില്‍ റോഡ് പുഴയായി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പുല്ലൂര്‍ റോഡില്‍ തെങ്ങ് പൊട്ടിവീണ് വൈദ്യുതി തൂണ് തകര്‍ന്നു.
പ്രദേശത്തെ വൈദ്യുതി വിതരണം ഇതോടെ തടസ്സമായി. രാജപുരത്തെ ഗോപാലന്റെ വീട് കവുങ്ങ് കടപുഴകി ഭാഗികമായി തകര്‍ന്നു. പെരുമ്പട്ടയില്‍ മരം വീണ് വീട് തകര്‍ന്നു. കള്ളാറിലെ മുണ്ടമാണിയില്‍ മുറ്റം ഇടിഞ്ഞു വീണ് താഴത്തുവീട്ടില്‍ വിനോദിന്റെ വീട് അപകടാവസ്ഥയിലായി. കാറ്റിലും മഴയിലും രാമഞ്ചിറയിലെ കാര്‍ത്യായനിയുടെ ഓടുമേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു. കാറ്റാംകവലയിലെ കുഞ്ഞിക്കണ്ണന്റെ വീട്ടുമുറ്റം ഇടിഞ്ഞു.
ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പനത്തടി പഞ്ചായത്തിലെ എട്ടു കുടുംബങ്ങളിലെ 24 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റിയത്. കള്ളാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ഓട്ടക്കണ്ടം, കുട്ടിക്കാനം കോളനിയിലെ നൂറോളം പേരെയും മാറ്റി. ചുള്ളിക്കര ഗവ. എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. പത്ത് കുടിയിലെ നാരായണന്റെ വീടിന്റെ പിറകുവശത്തുള്ള മണ്ണിടിഞ്ഞു.
നീലേശ്വരം: തേജസ്വിനി പുഴ കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. നീലേശ്വരം നഗരസഭയിലെയും കിനാനൂർ കരിന്തളം പഞ്ചായത്തിലെയും മടിക്കൈ പഞ്ചായത്തിലെയും താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, ചാത്തമത്ത്, പൊടോതുരുത്തി, കാര്യങ്കോട്, ആനച്ചാൽ, ഓർച്ച, പുറത്തെകൈ, കടിഞ്ഞിമൂല, നിടുങ്കണ്ട പ്രദേശങ്ങളിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ പാറക്കോൽ പാടശേഖരം പൂർണമായും വെള്ളത്തിനടിയിലായി. ഈവർഷം ഇത് ആറാമത്തെ തവണയാണ് വെള്ളം കയറുന്നത്. ഇക്കുറി ഭൂരിഭാഗം കർഷകരും ഒന്നാംവിള നെൽകൃഷി ആരംഭിച്ചിരുന്നു. മിക്ക കർഷകരും രണ്ടാഴ്ച മുമ്പാണ് കൃഷിപ്പണി പൂർത്തീകരിച്ചത്. ഞാറ് പൊരിച്ച് നട്ടതിനു ശേഷം പലഘട്ടങ്ങളിലായി വയലിൽനിന്ന് വെള്ളം ഒഴിവായസമയമില്ല. ഇത് കൃഷിക്ക് ദോഷം ചെയ്യും. നട്ട് മുളവരുന്നതിന് മുമ്പേ പല ഞാറുകളും നശിച്ചിരുന്നു.
ഇപ്പോൾ ഇടതടവില്ലാതെ മഴയും വയലിൽ വെള്ളവും നിറഞ്ഞതിനാൽ കൃഷി അവതാളത്തിലാകുമോ എന്നാണ് കർഷകരുടെ ആശങ്ക. വടക്കേ പുലിയന്നൂർ, അണ്ടോൾ, വേളൂർ, കീഴ്മാല, കിനാനൂർ, കണിയാട, പൊതാവൂർ, മയ്യൽ, ചെറിയാക്കര, കയ്യൂർ, കൂക്കോട്ട് പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മുക്കട മുതൽ അരയക്കാടവുവരെയുള്ള തീരദേശ റോഡും വെള്ളത്തിലാണ്. ശക്തമായ മഴയിൽ നീലേശ്വരം പൊടോതുരുത്തിയിലെ വീടുകളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാഹനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
ചെറുവത്തൂർ: കാലവർഷം കനത്തതോടെ തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഈവർഷം ആറാമത്തെ തവണയാണ് തേജസ്വിനി പുഴയുടെ ഇരുകരയിലും വെള്ളം കയറുന്നത്. ഏക്കറുകണക്കിനോളം സ്ഥലത്തെ നെൽകൃഷി നശിച്ചു.തേജസ്വിനി പുഴയുടെ ഇരുഭാഗങ്ങളിലുമുള്ള താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. കയ്യൂർ, ചെറിയാക്കര, വെള്ളാട്ട്, മുഴക്കോം, അറുകര, പോത്താങ്കണ്ടം, ചാനടുക്കം, ആമത്തല, കിനാനൂർ, പാറക്കോൽ, കരിന്തളം, മുട്ടട, പെരുമ്പട്ട, വടക്കെ പുലിയന്നൂർ, അണ്ടോൾ, വേളൂർ, പാറക്കോൽ, കീഴ്മാല, കിനാനൂർ, കണിയാട, പാലായി, ചാത്തമത്ത്, പൊടൊതുരുത്തി, പൊതാവൂർ, മയ്യൽ, കൂക്കോട്ട്, കാര്യങ്കോട്, മയിച്ച എന്നീ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കനത്തമഴയിൽ മലവെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് തേജസ്വിനി പുഴ കവിയുകയായിരുന്നു. വെള്ളം കയറുമ്പോൾ ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിക്കുകയാണ് ഇവിടെയുള്ളവർ. ജൂണിലാണ് ഇപ്രദേശങ്ങളിൽ ഒന്നാംവിള നെൽകൃഷി ആരംഭിച്ചത്.
മിക്ക കർഷകരും രണ്ടാഴ്ച മുമ്പാണ് കൃഷിപ്പണി പൂർത്തീകരിച്ചത്. ഞാറ് പൊരിച്ച് നട്ടതിനുശേഷം പലഘട്ടങ്ങളിലായി വയലിൽ നിന്നും വെള്ളം ഒഴിവായ സമയമില്ല. ഇത് കൃഷിക്ക് ദോഷം ചെയ്യും. നട്ട് മുളവരുന്നതിനുമുമ്പേ പല ഞാറുകളും നശിച്ചിരുന്നു. ഇപ്പോൾ ഇടതടവില്ലാതെ മഴയും വയലിൽ വെള്ളവും നിറഞ്ഞതിനാൽ കൃഷി നശിച്ച അവസ്ഥയിലാണ്. മുക്കട മുതൽ അരയക്കാടവ് വരെയുള്ള തീരദേശ റോഡും വെള്ളത്തിലായി.
ചെറുവത്തൂർ: കനത്ത കാറ്റിലും മഴയിലും ആടിയുലഞ്ഞ് ചെറുവത്തൂരിൽ ഒരു അപകട മരം. ചെറുവത്തൂർ പെട്രോൾ പമ്പിന് സമീപത്താണ് അപകട ഭീഷണി ഉയർത്തി കൂറ്റൻ മരം സ്ഥിതിചെയ്യുന്നത്. കാറ്റിൽ വല്ലാതെ ഉലയുന്ന ഈ മരം ഏതുനിമിഷവും നിലം പതിക്കാമെന്ന നിലയിലാണ്. നിലവിൽ വാഹനങ്ങളെല്ലാം ഇതുവഴിയാണ് പോകുന്നത്. അപകടം പതിയിരിക്കുന്ന ഈ മരം മുറിച്ചുമാറ്റണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
മൊഗ്രാൽ: കാലവർഷക്കെടുതിയിൽ നാടിലെങ്ങും ദുരിതം. മിക്കയിടങ്ങളിലും വെള്ളക്കെട്ടും സഞ്ചാര തടസ്സവും. ഒപ്പം, തീരദേശമേഖലയിൽ രൂക്ഷമായ കടൽക്ഷോഭവും.കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെറുവാട് കടപ്പുറത്തെ മറിയമ്മയുടെ വീട്ടിലേക്ക് തെങ്ങ് കടപുഴകി വീട് ഭാഗികമായി തകർന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴാണ് തെങ്ങ് വീടിന് മുകളിൽ വീണുകിടക്കുന്നത് കണ്ടത്. വീട് ഭാഗികമായി തകർന്നിട്ടുണ്ട്. രാത്രിതന്നെ നാട്ടുകാർ ഇടപെട്ട് തെങ്ങ് മുറിച്ചുമാറ്റി. ജനപ്രതിനിധികൾ വീട് സന്ദർശിച്ചു. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ മറിയമ്മ പറഞ്ഞു.
മൊഗ്രാൽ: തോരാതെ പെയ്യുന്ന മഴയിൽ ജില്ല നിശ്ചലം. ഗതാഗതം മിക്ക സ്ഥലങ്ങളിലും നിലച്ചു. എല്ലായിടത്തും മഴക്കെട്ട് പ്രളയസമാനമായി. ദേശീയ പാതയിലെ സർവിസ് റോഡ് പുഴയായി മാറി. നിർമാണം നടക്കുന്ന ദേശീയപാത സർവിസ് റോഡുകൾക്കരികിലുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. റെയിൽവേ അടിപ്പാതകൾ മിക്കയിടങ്ങളിലും വെള്ളത്തിൽ മുങ്ങി. മൊഗ്രാൽ കെ.കെ റോഡ് പുഴയായി. പ്രദേശവാസികൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്.
പടന്ന: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വടക്കെപ്പുറം എം.വി. മോഹനന്റെ വീട്ടു പരിസരത്തെ പഞ്ചായത്ത് കുളത്തിന്റെ ഒരുഭാഗം ഭാഗികമായി ഇടിഞ്ഞുവീണു. അടിഭാഗത്ത് കല്ലിളകി മണ്ണൊലിച്ചാണ് തകർന്നത്. ഇത് കുളത്തിനോട് ചേർന്നുകിടക്കുന്ന പുഷ്പയുടെ വീടിന് ഭീഷണിയായിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള കുളത്തിന് മൂന്ന് വർഷം മുമ്പ് ഭിത്തികെട്ടി ഉയർത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ് ലം, വാർഡ് മെംബർ യു.കെ. മുശ്താഖ്, സെക്രട്ടറി സി.വി. വിനോദ്, ഹെഡ് ക്ലർക്ക് അപ്യാർ ബാബു, ഓവർസിയർ ഗോവിന്ദൻ ഭട്ടതിരി എന്നിവർ സന്ദർശിച്ചു. കുളം നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
കാഞ്ഞങ്ങാട്: പാണത്തൂർ പരിയാരത്തും കല്ലപ്പള്ളി സുള്ള്യ റോഡിലും മണ്ണിടിഞ്ഞുവീണു. പാണത്തൂർ പരിയാരം തട്ടിലുള്ള ഓട്ടോ ഡ്രൈവർ സതീശന്റെ വീടിന്റെ പിറകുവശത്ത് മണ്ണിടിഞ്ഞു. കല്ലപ്പള്ളി സുള്ള്യ റോഡിലെ മണ്ണ് നാട്ടുകാരുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മലയോരത്ത് അതിശക്തമായ മഴ ബുധനാഴ്ച ഉച്ചമുതൽ നിർത്താതെ തുടർന്നു.
കാഞ്ഞങ്ങാട്: ശക്തമായ മഴയിൽ വീടിന് സമീപം മണ്ണിടിഞ്ഞ് വീണു. ബളാൽ കോട്ടക്കുന്നിലെ താഴത്ത് വീട്ടിൽ സ്വപ്നയുടെ വീടിന് മുന്നിലാണ് മണ്ണിടിഞ്ഞ് വീണത്. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉൾപ്പെടെ സന്ദർശിച്ചു. എടത്തോട് അംഗൻവാടിയുടെ ചുറ്റുമതിലും ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.