representational image

നെഞ്ചിടിപ്പോടെ മലയോരം; ഉരുൾപൊട്ടലുണ്ടായ ഭാഗങ്ങളിൽ മണ്ണിടിയുമെന്ന ആശങ്ക

വെള്ളരിക്കുണ്ട്: ബളാൽ വില്ലേജിലെ ചുള്ളി വനത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് ആശങ്കയോടെ മലയോരം. ബുധനാഴ്ച മഴ വീണ്ടും കനത്തതോടെ മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ആശങ്കയിലുമാണ് നാട്ടുകാർ. ബുധനാഴ്ചയിലെ ഉരുൾപൊട്ടൽ വലിയ നാശനഷ്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും മഴ കനക്കുന്നത് നാട്ടുകാരിൽ നെഞ്ചിടിപ്പേറ്റി.ശക്തമായ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ മണ്ണ് വ്യാപകമായി ഇളകിനിൽക്കുന്നതായി സ്ഥലം സന്ദർശിച്ച റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. മഴ ശക്തമായാൽ വൻതോതിൽ മണ്ണും മലവെള്ളവും വീണ്ടും ഒഴുകിയെത്തും. ഉച്ചക്കുശേഷം മഴനിലച്ചിരുന്നുവെങ്കിലും വൈകീട്ട് മുതൽ വീണ്ടും മഴയാരംഭിച്ചതാണ് ആശങ്കയുണ്ടാക്കുന്നത്. രാത്രി മഴ ശക്തമായാൽ എന്തും നേരിടാനുള്ള തയാറെടുപ്പ് നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബുധനാഴ്ച രാവിലെ മുതൽ ചുള്ളി സി.വി കോളനിയിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. കോളനിയിലൂടെയാണ് വെള്ളം ഒഴുകിയിറങ്ങുന്നത്. ഭീഷണി കണക്കിലെടുത്ത് കോളനിയിലെ 19 കുടുംബങ്ങളെ ചുള്ളി ഗവ. എൽ.പി സ്കൂളിലേക്ക് മാറ്റി.

ജനവാസ കേന്ദ്രത്തിലേക്ക് വെള്ളമൊഴുകിവരുന്നതിനെ തുടർന്നാണ് കുടുംബങ്ങളെ സുരക്ഷ മുൻനിർത്തി മാറ്റിപ്പാർപ്പിച്ചതെന്ന് ബളാൽ വില്ലേജ് ഓഫിസർ പി.എസ്. സുജിത്ത് പറഞ്ഞു. മാലോം കോളിച്ചാൽ മലയോര ഹൈവേയിൽനിന്ന് കോളനിയിലേക്കുള്ള അനുബന്ധ റോഡിന്റെ ഭാഗത്താണ് കോളനി. ഈ റോഡിലൂടെയാണ് വെള്ളം കുത്തിയൊഴുകുന്നത്.

വനപ്രദേശത്തുകൂടി കടന്നുപോകുന്ന മരുതോം ചുള്ളി റോഡിൽ മലവെള്ളം കുത്തിയൊലിച്ചതിനാൽ ഗതാഗതം സ്തംഭിച്ചു. മരുതോം പാലക്കൊല്ലിയിൽ ഭാഗങ്ങളിലൂടെയുള്ള മലയോര ഹൈവേയിലൂടെയും വെള്ളമൊഴുകി.

18 വീടുകളിൽനിന്നായി 60 പേരെയാണ് മാറ്റിയത്. പൂവത്തുംമൊട്ട പ്രദേശത്തെ നാല് കുടുംബങ്ങളെ കൂടി ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ റവന്യൂ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് നടപടികൾ സ്വീകരിച്ചു.

വെള്ളരിക്കുണ്ട് പൊലീസും ഒപ്പമുണ്ട്. വൈകീട്ട് എ.ഡി.എമ്മും സബ് കലക്ടറും സ്ഥലത്തെത്തി. ബളാൽ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം ഉൾപ്പെടെ ജനപ്രതിനിധികൾ സ്ഥലത്തെത്തി.

Tags:    
News Summary - Hillside with worry; Landslides are feared in the landslide areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.