മൊഗ്രാൽ: സർവിസ് റോഡിൽ വാഹനം തടസ്സപ്പെടുന്നത് പതിവാകുന്നു. വാഹനമൊന്ന് കേടായാൽ പിന്നെ മുഴുവൻ പേരും കുടുങ്ങിയതുതന്നെ. ഇടുങ്ങിയ സർവിസ് റോഡിലെ പരിമിതികൾ യാത്രക്കാർ ചൂണ്ടിക്കാട്ടുമ്പോഴും അധികൃതർ കൈമലർത്തുകയാണ്. യാത്രക്കാർക്ക് സമയനഷ്ടവും ദുരിതവുംതന്നെ.
മൊഗ്രാൽ ലീഗ് ഓഫിസിന് സമീപം കഴിഞ്ഞദിവസം ഉച്ചയോടെ പിക്അപ് വാൻ കേടായി സർവിസ് റോഡിൽ കുടുങ്ങി. ഇതേത്തുടർന്ന് അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ഇടപെട്ട് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ, കുമ്പള യു.എൽ.സി.സി ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പിക്അപ് വാനിനെ സർവിസ് റോഡിൽനിന്ന് മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഒരു ബസിന് മാത്രം കടന്നുപോകാനുള്ള സൗകര്യമാണ് സർവിസ് റോഡിൽ പലയിടങ്ങളിലും. റോഡിന് കുറുകെയുള്ള വൻ മതിലുകൾ കാരണം വാഹനങ്ങൾ തിരിച്ചുവിടാനും സാധിക്കില്ല.
വാഹനം കേടാവുന്നതും സർവിസ് റോഡിൽ ഗതാഗതം തടസ്സപ്പെടുന്നതും നിത്യസംഭവമാണ്. ഇതിൽ ഏറ്റവും പ്രയാസമുണ്ടാക്കുന്നത് രോഗികളെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകൾക്കാണ്. ആംബുലൻസുകൾ ഗതാഗതസ്തംഭനത്തിൽ കുടുങ്ങി രോഗികളുടെ ജീവനുതന്നെ ഭീഷണിയാകുകയും ചെയ്യും.
വിഷയം നിരവധിതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും മുകളിൽ നിന്നുള്ള ഓർഡർ പ്രകാരമേ ഞങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന സ്ഥിരം പല്ലവിയാണ് നിർമാണ കമ്പനി അധികൃതരുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.