ബെണ്ടിച്ചാൽ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേ ബെണ്ടിച്ചാൽ നിവാസികൾ കേട്ടത് കളനാടേക്കുള്ള കല്ലട പാലം പൊളിച്ച് പുതിയപാലം പണിയുമെന്നായിരുന്നു. എന്നാൽ, പഞ്ചായത്ത് ഭരണം അവസാനിക്കാനിരിക്കെ ഇനിയും വാഗ്ദാനം പാലിക്കപ്പെട്ടില്ല.കല്ലട പാലത്തിന്റെ അടിവശം ദ്രവിച്ച് കോൺക്രീറ്റ് കമ്പികൾ പുറത്തായ നിലയിലാണുള്ളത്. ‘പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ’ എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതായിരുന്നു വാഗ്ദാനമെന്നാണ് പ്രദേശവാസികൾ പറയുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് പാലം പൊളിച്ചുപണിയുമെന്നും ഷട്ടർ കം ബ്രിഡ്ജ് പണിയുമെന്നും ഫണ്ട് പാസായിട്ടുണ്ടെന്നും അന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞിരുന്നെന്ന് നാട്ടുകാർ പറയുന്നു.
1996ലെ ഇടതുസർക്കാറിന്റെ കാലത്ത് കെ.ഇ. ഇസ്മയിൽ റവന്യൂമന്ത്രി ആയിരിക്കെയാണ് വെള്ളപ്പൊക്കപദ്ധതിയിൽ ഉൾപ്പെടുത്തി പാലം പണിതത്. എന്നാൽ, മൂന്നു പതിറ്റാണ്ടടുക്കുമ്പോൾ പഴകിദ്രവിച്ച അവസ്ഥയിലാണ് കല്ലട തോട് പാലം. ബെണ്ടിച്ചാൽ നോർത്ത്, സൗത്ത്, കനീങ്കുണ്ട്, ചട്ടഞ്ചാൽ എന്നിവിടങ്ങളിൽനിന്ന് കൈവഴികളായി വന്ന് കല്ലട തോടിലൂടെയാണ് വെള്ളം ഒഴുകി അറബിക്കടലിൽ പതിക്കുന്നത്. ദ്രവിച്ച പാലത്തിലൂടെയാണ് ദിവസവും സ്കൂൾ ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത്.
പാലത്തിന് മുകളിൽനിന്ന് മാലിന്യം തള്ളുന്നതും പതിവായിരിക്കുകയാണ്. കൂടാതെ, ബെണ്ടിച്ചാൽ മേഖലയിൽ വേനൽക്കാലത്ത് കടുത്ത ജലക്ഷാമമാണ് ഉണ്ടാകാറുള്ളത്. ഇവിടെ തടയണ നിർമിച്ച് പുതിയപാലം നിർമിച്ചാൽ ജലക്ഷാമത്തിന് ആശ്വാസമാകുമെന്നും ജനങ്ങൾ പറയുന്നു. ഇതിനടുത്താണ് കല്ലട വെള്ളച്ചാട്ടവുമുള്ളത്.
ഇവിടെ ഒഴിവുദിവസങ്ങളിലടക്കം നിരവധിപേരാണ് എത്തുന്നത്. പഴയ പാലം പൊളിച്ച് ഷട്ടർ കം ബ്രിഡ്ജ് നിർമിച്ചാൽ വിനോദസഞ്ചാരികളടക്കം ഈ മേഖലയിൽ എത്തുകയും പ്രദേശത്ത് വികസനം വരുകയും ചെയ്യുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. ഈ തെരഞ്ഞെടുപ്പിലെങ്കിലും പാലിക്കാൻപറ്റുന്ന വാഗ്ദാനമുണ്ടാകുമെന്നും ജനങ്ങൾ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.