കാസർകോട്: കോട്ടകളുടെയും തെയ്യങ്ങളുടെയും നാടാണ്. സപ്തഭാഷാ സംഗമ ഭൂമിയാണ്. വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയമായി മാറേണ്ട ജില്ലയാണ്. പറഞ്ഞിട്ടെന്ത് കാര്യം, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ പോലും കാസർകോട് ജില്ല ബഹുദൂരം പിന്നിലാണ്.
കോവിഡിനുശേഷം വിനോദസഞ്ചാര മേഖലക്ക് വലിയ തിരിച്ചുവരവുണ്ടായിട്ടും ഈ വർഷത്തെ ആദ്യ ആറുമാസത്തെ കണക്കെടുക്കുമ്പോൾ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഏറ്റവും കുറച്ച് പേർ എത്തിയത് കാസർകോട് ജില്ലയിലാണ്- 1,51,912 പേർ. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടായെങ്കിലും അത് കാസർകോട്ട് പ്രകടമായില്ല.
കണ്ണൂർ ജില്ലയിൽ നാല് ലക്ഷം, വയനാട് ഏഴ് ലക്ഷം എന്നിങ്ങനെയാണ് കണക്ക്. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും കാസർകോട് പിന്നിൽ തന്നെ. സംസ്ഥാനത്താകെ ഒരു ലക്ഷം വിദേശ സഞ്ചാരികളെത്തിയപ്പോൾ കാസർകോട് 157 പേർ മാത്രമാണ് എത്തിയത്. വിദേശസഞ്ചാരികളുടെ എണ്ണത്തിൽ കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകൾ കാസർകോടിനു പിറകിലാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും പ്രചാരണത്തിനുമായി ഓരോ വർഷവും വലിയ തുകയാണ് വിനോദസഞ്ചാര വകുപ്പ് ജില്ലയിൽ ചെലവഴിക്കുന്നത്.
എന്നാൽ, ഇതൊന്നും ജില്ലക്ക് പുറത്തുനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അവധി ദിനങ്ങളിൽ ജില്ലയിലെ ബീച്ചുകളിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കുണ്ടെങ്കിലും പ്രാദേശിക സഞ്ചാരികളുടെ കൂട്ടത്തിലാണ് അത് വരുന്നത്.
24മണിക്കൂറെങ്കിലും റൂം എടുത്ത് താമസിക്കുന്നവർ മാത്രമാണ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വരുന്നുള്ളൂ. ജില്ലയിലെ പ്രധാനപ്പെട്ട ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ മാത്രമാണ് പുറത്തുനിന്ന് ആളുകളെത്തുന്നത്. ബേക്കൽ കോട്ട, റെഡ്മൂൺ ബീച്ച്, റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ മാറ്റി നിർത്തിയാൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് പ്രധാന പ്രശ്നം.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കാസർകോട് ഏറ്റവും പിന്നിലായ സാഹചര്യം പരിശോധിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് വിനോദസഞ്ചാര വകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിലേക്ക് എത്തിപ്പെടാനുള്ള സൗകര്യക്കുറവ് തന്നെയാണ് വില്ലനാകുന്നതെന്നാണ് അധികൃതരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.