കാസർകോട്​ കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റാൻഡ്

കാസർകോ​ടിന്​ വേണം, മികച്ച റോഡുകൾ

കാസർകോട്​: തൊട്ടടുത്ത മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലേതുമായി താരതമ്യം ചെയ്യു​േമ്പാൾ കാസർകോ​ട്​ ജില്ലയിലെ റോഡുകളുടെ സ്ഥിതി അതിദയനീയമാണ്​​. മികച്ച റോഡുകളുടെ അഭാവമാണ് ജില്ലയുടെ ടൂറിസം മേഖലയുടെ വളർച്ചക്ക്​ തടസ്സമായി നിൽക്കുന്നത്. കാസർകോടും പരിസരങ്ങളിലുമായി പ്രശസ്​തമായ ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും ഒ​േട്ടറെയുണ്ട്​. എന്നാൽ, അവിടേക്കുള്ള റോഡുകൾ വളരെ പരിതാപകരമാണ്​. നദികളുടെ നാടാണ്​ കാസർകോട്​​. അതിനാൽ നല്ല പാലങ്ങളും ഉണ്ടാവേണ്ടതുണ്ട്​ -കാസർകോടി​െൻറ പിന്നാക്കാവസ്​ഥ പഠിച്ച മുൻ ചീഫ്​ സെക്രട്ടറി ഡോ. പി. പ്രഭാകരൻ സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ടിലെ വരികളാണിവ​. സംസ്​ഥാനത്തെ മറ്റ്​ ജില്ലകളുമായി താരതമ്യം ചെയ്യു​​േമ്പാൾ കാസർകോട്​ ജില്ലയിലെ നിരത്തുകളും ഗതാഗത സൗകര്യവും ഏറെ പിന്നാക്കമാണെന്നർഥം. മലയോര ഹൈവേയുടെ പുരോഗതിയാണ്​ ഇൗയിടെയുണ്ടായ നല്ല വിശേഷം.

ജീവനക്കാരെ 'തട്ടാൻ' ഒരിടം

കേരളത്തി​െൻറ ഒരറ്റത്തായതിനാൽ കാസർകോട്​ അനുഭവിക്കുന്ന ചില പ്രശ്​നങ്ങളുണ്ട്​. സർക്കാർ ജീവനക്കാർക്ക്​ വല്ല അച്ചടക്ക നടപടിയും വേണ്ടിവന്നാൽ നേരെ തട്ടുന്നത്​ ഇങ്ങോട്ട്​​. ഇതി​െൻറ ദുരിതം പേറേണ്ടി വരുന്നത്​ സ്​ഥലംമാറിയെത്തുന്നയാൾ മാത്രമല്ല. സഹപ്രവർത്തകരും പൊതുജനങ്ങളും കൂടിയാണ്​​. ജില്ലയിലെ ജീവനക്കാരിൽ നല്ലൊരു ശതമാനം ഇതര ജില്ലക്കാരാണ്​. ഇതിനു പുറമെയാണ്​ അച്ചടക്ക നടപടിയുമായി എത്തുന്നവർ. എത്രയും വേഗം നാട്ടിൽ തിരിച്ചെത്താനുള്ള ശ്രമമാണ്​ മറ്റ്​ ജില്ലക്കാർ വന്ന അന്നുമുതൽ തുടങ്ങുന്നത്​​. കെ.എസ്​.ആർ.ടി.സിയിൽ 40 ശതമാനത്തോളം ജീവനക്കാരും കാസർകോടിനു വെളിയിലുള്ളവരാണ്​. നാലഞ്ച്​ ഡ്യൂട്ടിയെടുത്താൽ ജീവനക്കാർക്ക്​ നാട്ടിൽ പോവണം. സർവിസിനെ ബാധിക്കാതിരിക്കാൻ ചിലർക്ക്​ അധിക ഡ്യൂട്ടി നൽകും. അപൂർവം ചില സമയങ്ങളിൽ ഷെഡ്യൂൾ വെട്ടിക്കുറക്കേണ്ടി വരും. പത്തുവർഷമായി ശമ്പളപരിഷ്​കരണം നടക്കാത്ത കെ.എസ്​.ആർ.ടി.സിയിൽ മനംമടുത്ത്​ കഴിയുന്നവരാണ്​ ജീവനക്കാർ. അതുകൊണ്ടു തന്നെ അധിക ഡ്യൂട്ടിയൊന്നും നിർദേശിക്കാൻ കഴിയില്ലെന്ന്​ ഒരുദ്യോഗസ്​ഥൻ പറഞ്ഞു.

പുതിയ ബസുകളില്ല

കാസർകോട്​ മെയിൻ ഡിപ്പോയും കാഞ്ഞങ്ങാട്​ സബ്​ ഡിപ്പോയുമാണ്​ ജില്ലയിലുള്ളത്​. രണ്ടിടത്തും കൂടി 140ഒാളം ബസ്​ ഷെഡ്യൂളുകൾ​​. കാസർകോട്​ മെയിൻ ഡിപ്പോയിൽനിന്ന്​ 94 ഷെഡ്യൂളുകളാണുള്ളത്​.

കോവിഡ്​ ആയതിനാൽ പകുതിയോളം ഇപ്പോൾ സർവിസ്​ നടത്തുന്നില്ല. മംഗളൂരു ചെയിൻ സർവിസാക്കിയ ശേഷം 37 ഷെഡ്യൂളുകളാണ്​​ നടത്തുന്നത്​. ഒരു ബസ്​ ശരാശരി നാല്​ ട്രിപ്​ എങ്കിലും സർവിസ്​ നടത്തും. ഏഴ്​ സുള്ള്യ ഷെഡ്യൂളും നടത്തുന്നു. പ്രതിദിനം 21 ട്രിപ്​. ആറ്​ പുത്തൂർ ഷെഡ്യൂൾ. കോഴിക്കോട്​ വിമാനത്താവളത്തിലേക്ക്​ രാത്രി ഒമ്പതിന്​ ടി.ടി ഒാടുന്നു. സൂപ്പർ ഫാസ്​റ്റ്​ കോട്ടയം ഒന്ന്​, നാലരക്ക്​ ത​ൃശൂർ ഒന്ന്​. കണ്ണൂരിലേക്ക്​ 12 ടി.ടി സർവിസ്​. ഇങ്ങനെയാണ്​ ബസുകളുടെ കണക്ക്​. യാത്രക്കാരുടെ എണ്ണം കണക്കിലെടുക്കു​േമ്പാൾ വളരെ കുറവാണ്​ ഷെഡ്യൂൾ. ഒാഫിസ് സ്​റ്റാഫ്​, കണ്ടക്​ടർ, ഡ്രൈവർ, മെക്കാനിക്​ തുടങ്ങി മെയിൻ ഡിപ്പോയിൽ 400 ജീവനക്കാർ. ജില്ലയിലെ പലയിടത്തുനിന്നും ​ബസ്​ അനുവദിക്കണമെന്ന്​ നിർദേശം നിരന്തരം വരും. ​അനുവദിക്കാൻ ബസില്ല. പുതിയത്​ അനുവദിക്കുന്നുമില്ല.

ഒാടിക്കിതച്ച്​ ബസുകൾ

കണ്ണൂരിലേക്ക്​ 12 ടൗൺ ടു ടൗൺ ബസ്​ കാസർകോട്​ നിന്ന്​ സർവിസ്​ നടത്തുന്നു. എന്നാൽ, സ്വകാര്യ ബസുകളോട്​ കിടപിടിക്കാവുന്നതല്ല ബസുകൾ പലതും. 15 വർഷം പഴക്കമുള്ള ബസുകൾ വരെയുണ്ട്​. കാലപ്പഴക്കമുള്ളത്​ കണ്ടം ചെയ്യുന്നുണ്ടെങ്കിലും പകരം നൽകുന്നില്ല. പഴയ ബസുകളായതിനാൽ പാതിവഴിയിൽ ബ്രേക്ക്​ ഡൗൺ ആവുന്നതും പതിവ്​. കാസർകോട്​ നിന്നുള്ള കോഴിക്കോട്​ വിമാനത്താവള ബസിന്​ മികച്ച സ്വീകാര്യതയും വരുമാനവുമുണ്ട്​​.

ഇൻറർസ്​റ്റേറ്റ്​ ബസുകൾക്ക്​ നല്ല വരുമാനമുണ്ട്​​. മംഗളൂരു ഭാഗത്തേക്കുള്ളതിൽ പ്രത്യേകിച്ചും. കാസർകോടുനിന്ന്​ എറണാകുളത്തേക്ക്​ കൂടുതൽ സർവിസ്​ വേണമെന്ന ആവശ്യം ശക്​തമാണ്​. പുതിയ ബസുകൾ അനുവദിക്കാത്തതിനാൽ നടക്കാതെ പോവുന്നു. എ.സി ബസുകളുടെ കുറവ്​ ന്യൂ ജനറേഷൻ യാത്രക്കാരെ അട​ുപ്പിക്കാൻ കഴിയുന്നില്ല. ബംഗളൂരുവിലേക്ക്​ സൂപ്പർ ഡീലക്​സ്​ ഒരെണ്ണം മാത്രം. രാത്രി സർവിസ്​ വളരെ കുറവായതിനാൽ മംഗളൂരുവിൽനിന്ന്​ കണ്ണൂരിലും കാസർകോടും എത്തേണ്ടവർ മുറിയെടുത്തു കഴിയേണ്ട അവസ്​ഥ വരെയുണ്ട്​.

​ജില്ലയിലെ മെയിൻ ഡിപ്പോക്ക്​ മൂന്നേക്കർ സ്​ഥലമുണ്ട്​. വരുമാനം ലഭ്യമാക്കാൻ ഷോപ്പിങ്​ കോംപ്ലക്​സുമുണ്ട്​. മിക്ക റൂമുകളും ഒഴിഞ്ഞുകിടക്കുന്നു. ഉയർന്ന വാടകയാണെന്നാണ്​ പരാതി. സ്വന്തം സ്​ഥലസൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക, കൂടുതൽ വാഹനങ്ങൾ അനുവദിക്കുക തുടങ്ങിയവയിലൊന്നും പുരോഗതിയില്ല. പരമ്പരാഗത സർവിസായി തുടരുന്നുവെന്ന്​ മാത്രം. ലാഭകരമായ ഒ​േട്ടറെ റൂട്ടുകളുള്ള ജില്ലയിൽ കൂടുതൽ ബസുകൾ അനുവദിച്ചാൽ കെ.എസ്​.ആർ.ടി.സിക്കും ഗുണമാവും.

Tags:    
News Summary - Kasaragod needs better roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.