കാസർകോട്: മുഖ്യമന്ത്രിയിൽനിന്ന് വിമർശനം ഏറ്റുവാങ്ങിയ കാസർകോട് നഗരസഭയിൽ അതിജാഗ്രതയുടെ ഫലം. കോവിഡ് പോസിറ്റിവ് നിരക്ക് കുത്തനെ കുറയുന്നു. എല്ലാ വാർഡുകളിലും കോവിഡ് രോഗികളുണ്ടായിരുന്ന നഗരസഭയിൽ മൂന്നു വാർഡുകളിൽ സീറോ. കണ്ടെയിൻമെൻറ് സോണുകൾ ഇല്ലാതായി. ചെയർമാൻ വി.എം. മുനീർ നേരിട്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തുടങ്ങിയതോടെയാണ് വലിയ മാറ്റങ്ങൾക്ക് കാരണമായത്. 341 രോഗികളാണ് നഗരസഭയിൽ ഉണ്ടായിരുന്നത്. ആകെ രോഗബാധിതർ 38. പുതിയ രോഗബാധിതർ 22 എണ്ണം മാത്രം. 38 വാർഡുകളിൽ 27 വാർഡുകൾ കോവിഡ് മുക്തം. മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം. മുനീറിെൻറ അധ്യക്ഷതയിൽ ചേർന്ന നാലാമത് മുനിസിപ്പൽ ജാഗ്രത സമിതി യോഗം വിലയിരുത്തി.
മികച്ച രീതിയിലുള്ള വാർഡ് ജാഗ്രത സമിതികളുടെ നിരന്തരമായ പ്രവർത്തനങ്ങൾ പോസിറ്റിവ് നിരക്കുകളുടെ കാര്യത്തിൽ കുറവുണ്ടാകാൻ സഹായകരമായിട്ടുണ്ടെന്നും കോവിഡ് പോസിറ്റിവ് രോഗികൾക്ക് ആവശ്യമായ ബോധവത്കരണവും സേവനവും ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. കൗൺസിലർമാർ, ആശാവർക്കർമാർ, മാഷ് ടീം അധ്യാപകർ, അംഗൻവാടി ടീച്ചർമാർ, ജനമൈത്രി പൊലീസ്, ക്ലസ്റ്റർ മജിസ്ട്രേട്ടുമാർ, കുടുംബശ്രീ അംഗങ്ങൾ, എസ്.സി പ്രമോട്ടർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. നേരിട്ട് ഗൃഹസന്ദർശനം കൂടാതെ സോഷ്യൽ മീഡിയകളിലൂടെയും ബോധവത്കരണം നടത്താൻ ജാഗ്രതാ സമിതികൾ മുന്നോട്ടുവന്നിട്ടുണ്ട്. കൂടുതൽ വ്യാപനം നടന്ന വാർഡുകളിൽ മൈക്രോ ക്ലസ്റ്ററുകൾ രൂപവത്കരിച്ചും മറ്റിടങ്ങളിൽ ക്ലസ്റ്ററുകൾക്ക് രൂപംകൊടുത്തും പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. കോവിഡ് രോഗികൾക്കാവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ കൗൺസിലർമാർ, ആശാവർക്കർമാർ, മാഷ് ടീം അംഗങ്ങൾ എന്നിവർ വിതരണം ചെയ്തുവരുന്നു. 38 വാർഡുകൾ വിഭജിച്ച് മൂന്ന് സെക്ട്രൽ മജിസ്ട്രേട്ടുമാരേയും വാർഡിൽ അഞ്ച് വീതം എന്ന കണക്കിൽ 190 ഓളം അധ്യാപകരേയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.
കാസർകോട്: മാഷ് പദ്ധതിയിലുൾപ്പെടുത്തി മാഷ് മീഡിയ അവതരിപ്പിക്കുന്ന പോരാളി എന്ന പ്രതിവാര ഷോർട്ട് ഫിലിം ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിവരുന്നു. സോഷ്യൽ മീഡിയ വഴി ജനങ്ങളിലെത്തിക്കുന്ന ഷോർട്ട് ഫിലിം കഴിഞ്ഞ ദിവസം ജില്ല കലക്ടർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാർ, മാഷ് ടീം അധ്യാപകർ മുഖേന വാക്സിനേഷൻ ചെയ്യുന്നതിെൻറ ആവശ്യകതയും രജിസ്റ്റർ ചെയ്യുന്നതിനുള്ള രീതികൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.
കാസർകോട്: നഗരപ്രദേശത്തെ കോവിഡ് രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം നല്ലരീതിയിൽ നടന്നുവരുന്നു. മറ്റു രോഗികൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വാടകനിരക്കിൽ ഉപയോഗിക്കാവുന്ന കോ- വെഹിക്കിൾ സംവിധാനവും അവശ്യഘട്ടങ്ങളിൽ സേവനം നടത്തുന്നുണ്ട്. നോഡൽ ഓഫിസർ, മുനിസിപ്പൽ ഉദ്യോഗസ്ഥർ അടങ്ങിയ വാർ റൂം, ഹെൽപ് ഡസ്ക് സേവന സന്നദ്ധതയോടെ മുഴുവൻ സമയവും പ്രവർത്തിച്ചുവരുന്നു. ദൈനം ദിന കോവിഡ് ടെസ്റ്റ് ഫലങ്ങൾ നോഡൽ ഓഫിസർ, മാഷ് കോഒാഡിനേറ്റർ മുഖേന അറിയിച്ചുകൊണ്ടിരിക്കുന്നു.
കാസർകോട്: വിദ്യാനഗർ അസാപിൽ ഏപ്രിൽ 18ന് ആരംഭിച്ച ഒന്നാംതല ചികിത്സാകേന്ദ്രം ഇതുവരെ 169 രോഗികളെ ശുശ്രൂഷിച്ചു. നിലവിൽ 23 രോഗികൾ ചികിത്സതേടുന്നുണ്ട്. രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണം, വളൻറിയർ സേവനം, മുഴുവൻസമയ ഡോക്ടറുടെയും സറ്റാഫ് നഴ്സുമാരുടെയും സേവനം മികച്ച രീതിയിൽ നൽകിവരുന്നു. വിദ്യാനഗർ നെൽക്കളയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ പ്രവർത്തിച്ചുവരുന്ന ഗൃഹവാസ പരിചരണകേന്ദ്രത്തിൽ (ഡി.സി.സി) മൊത്തം 27 പേരെയാണ് പാർപ്പിച്ചത്. വനിതകൾക്ക് വേണ്ടി തുടങ്ങിയ ഡി.സി.സിയിൽ നിലവിൽ 21 പേർ ചികിത്സതേടുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാണ്. കൂടാതെ ഒരു കെയർ ടേക്കറേയും ശുചീകരണ തൊഴിലാളിയേയും നിയമിച്ചിട്ടുണ്ട്. ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.
കാസർകോട്: കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനും ജാഗ്രത പുലർത്തുന്നതിനും നഗരസഭയിലെ മുഴുവൻ വാർഡുകളിലും തുടർച്ചയായ ആറു ദിവസങ്ങളിൽ വാഹന പ്രചാരണം നടത്തി. കൂടാതെ ഒരുദിവസം സന്നദ്ധസേവന സംഘടനയായ റോട്ടറി ക്ലബും നഗരസഭയുമായി സഹകരിച്ച് വാഹന പ്രചാരണം നടത്തി.
കാസർകോട്: മേയ് 20ന് ആരംഭിച്ച കോവിഡ് ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ 3.20 ലക്ഷം രൂപയും 78 ഓക്സി മീറ്റർ, 39 ഫേസ് ഷീൽഡ്, 300 മെഡിക്കൽ മാസ്ക്, 30 വാഷബിൾ പി.പി.ഇ കിറ്റ് എന്നിവയാണ് വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചലഞ്ച് ഫണ്ടിലേക്ക് സംഭാവനയായി നൽകിയത്. ഒന്നാം ഘട്ടത്തിൽ ഓക്സിമീറ്റർ, ഫെയ്സ് ഷീൽഡ്, മെഡിക്കൽ മാസ്ക് അടങ്ങുന്ന കിറ്റ് മുഴുവൻ വാർഡുകൾക്കും വിതരണം ചെയ്തു.
കൂടാതെ വാർഡ് കൗൺസിലർ, ആശാവർക്കർ, ഉദ്യോഗസ്ഥർ, അധ്യാപകർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് രണ്ടാം ഘട്ടത്തിൽ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അവലോകന യോഗത്തിൽ വൈസ് ചെയർ പേഴ്സൻ ഷംസീദ ഫിറോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, ആർ. രജനി, മുനിസിപ്പൽ സെക്രട്ടറി കെ. മനോഹർ, ജനറൽ ഹോസ്പിറ്റൽ ഡോ. രാജാറാം, ഹെൽത്ത് സൂപ്പർവൈസർ വിൻസൻറ്, ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ് കുമാർ, സെക്ടറൽ മജിസ്ട്രേട്ടുമാരായ പി.ബി. ബഷീർ, കെ. ഹരികൃഷ്ണൻ, മാഷ് കോഒാഡിനേറ്റർ അനിത, വാർ റൂം നോഡൽ ഓഫിസർ ജോൺ പോൾ, എസ്.സി പ്രമോട്ടർ സുനിൽ കുമാർ, സന്തോഷ് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.